സിപിഎം വിഭാഗീയത; ഏറ്റുമുട്ടല്‍ തുടരുന്നു

Monday 6 February 2017 9:49 pm IST

മാവേലിക്കര: സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ കെ. രാഘവന്‍, മുരളി തഴക്കര, മാവേലിക്കര ഏരിയ സെക്രട്ടറി കെ.മധുസൂദനന്‍ എന്നിവരുടെ തന്ത്രപരമായ നീക്കമാണ് രഘുപ്രസാദിനെ ഏരിയ കമ്മറ്റിയില്‍ നിന്നും ഒഴിവാക്കിയതിനു പിന്നില്‍. മാവേലിക്കര ഏരിയ കമ്മറ്റിയുമായി ഉടക്കി നില്‍ക്കുന്ന ജില്ലാ സെക്രട്ടറി സജി ചെറിയാനുമായി രഘുപ്രസാദിനുള്ള അടുപ്പവും വിനയായി. മുരളി തഴക്കരയ്ക്ക് ചാരുംമൂട് ഏരിയ സെക്രട്ടറിയുടെ ചുമതല നല്‍കാന്‍ കഴിഞ്ഞ ജില്ലാ കമ്മറ്റി തീരുമാനിച്ചു. എന്നാല്‍ ഇതിനെതിരെ ചാരുംമൂട് ഏരിയയില്‍ വലിയ എതിര്‍പ്പുണ്ടായി. ഏരിയ കമ്മറ്റിയംഗങ്ങളില്‍ ചിലര്‍ ഇക്കാര്യം രഘുപ്രസാദിനെ അറിയിച്ചു. രഘുപ്രസാദ്, മുരളി തഴക്കരയെ ഫോണില്‍ വിളിച്ച് ചാരുംമൂട്ടില്‍ വലിയ എതിര്‍പ്പുണ്ടെന്നും പോയാല്‍ പണികിട്ടുമെന്നും അറിയിച്ചു. ഇക്കാര്യം മുരളി തഴക്കര കെ. രാഘവനെയും കെ. മധുസൂദനനെയും അറിയിച്ചു. ഇവര്‍ മൂവരും ചേര്‍ന്ന് ഒരുക്കിയ തിരക്കഥയാണ് രഘുപ്രസാദിനെ പുറത്തേക്ക് നയിച്ചത്. ഫോണ്‍ വിളിച്ചു ഭീഷണിപ്പെടുത്തിയെന്ന് പരാതി തയ്യാറാക്കി ജില്ലാ കമ്മറ്റിക്ക് നല്‍കി. കഴിഞ്ഞ ജില്ലാ സെക്രട്ടറിയേറ്റില്‍ വിഷയം ചര്‍ച്ചയ്ക്ക് വച്ചു. കെ. രാഘവന്റെ സമര്‍ദ്ദത്താല്‍ പരാതിയില്‍ തീരുമാനം എടുക്കാന്‍ മാവേലിക്കര ഏരിയ കമ്മറ്റിയെ പാര്‍ട്ടി ചുമതലപ്പെടുത്തി. ഏരിയ കമ്മറ്റിയില്‍ രഘുപ്രസാദിനെ അനുകൂലിക്കുന്നവര്‍ കുറവായതിനാല്‍ പുറത്തേക്കുള്ള വഴി വേഗത്തില്‍ തുറന്നു. രഘുപ്രസാദിനു ചില ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുണ്ടെന്നും വ്യക്തിപരമായ ചില പരാതികളും നേരത്തെ പാര്‍ട്ടിക്ക് ലഭിച്ചിരുന്നു. ഇതോടൊപ്പം പാര്‍ട്ടി തീരുമാനങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നതിനു പിന്നിലും നഗരസഭ ചെയര്‍പേഴ്‌സനെതിരെ വരുന്ന വാര്‍ത്തകള്‍ക്കു പിന്നിലും രഘുപ്രസാദ് ആണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതെല്ലാം പരാതിയില്‍ നടപടി വേഗത്തിലാക്കി. പാര്‍ട്ടി നടപടിക്കെതിരെ കടുത്ത നിലപാടുകള്‍ സ്വീകരിച്ചാല്‍ രഘുപ്രസാദിന്റെ മെമ്പര്‍ഷിപ്പ് റദ്ദുചെയ്യാനുള്ള നീക്കവും എതിര്‍ വിഭാഗം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടി ആരോപണങ്ങള്‍ ശരിയല്ലെന്നാണ് രഘു പ്രസാദിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്. പാര്‍ട്ടിയെ ചിലര്‍ ഹൈജാക്ക് ചെയ്യുകയാണ്. അവര്‍ നിശ്ചയിക്കുന്ന അജണ്ടയാണ് പാര്‍ട്ടിയില്‍ നടക്കുന്നത്. മുരളി തഴക്കരയുടെ അടുപ്പക്കാരനായ എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റും ഇപ്പോള്‍ മാവേലിക്കര ഡിവൈഎഫ്‌ഐ ഏരിയ സെക്രട്ടറിയുമായ അരുണിനെ സിപിഎം ഏരിയ കമ്മറ്റിയിലേക്ക് ഉള്‍പ്പെടുത്താനുള്ള നീക്കമാണ് ഇതിനു പിന്നിലെന്നാണ് ഇവര്‍ പറയുന്നു. രഘുപ്രസാദിന്റെ ഒഴിവില്‍ അരുണിനെ ഉള്‍പ്പെടുത്താനാണ് ശ്രമം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.