ചേര്‍ത്തല: കൊടി നശിപ്പിക്കുന്നതിനിടെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ഡിവൈഎഫ്ഐക്കാര്‍ പിടികൂടി. ഇതോടെ സംഘര്‍ഷം ഉണ്ടാക്കാനുള്ള സിപിഎമ്മിലെ ഒരുവിഭാഗത്തിന്റെ നീക്കം പൊളിഞ്ഞു.തണ്ണീര്‍മുക്കം പഞ്ചായത്ത് 21-ാം വാര്‍ഡിലെ സ്വകാര്യ എന്‍ജിനീയറിങ് കോളേജിന് മുന്നില്‍ സ്ഥാപിച്ചിരുന്ന ഡിവൈഎഫ്ഐയുടെ കൊടി നശിപ്പിക്കുന്നതിനിടെയാണ് സെക്രട്ടറി പിടിയിലായത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
കമ്പിപ്പാര ഉപയോഗിച്ച് കൊടിമരത്തിന്റെ കോണ്‍ക്രീറ്റ് പൊട്ടിക്കുന്നതിനിടെ പ്രവര്‍ത്തകര്‍ പിടികൂടുകയായിരുന്നു. സമീപത്തെ കെട്ടിടത്തിന്റെ നിര്‍മ്മാണത്തിനെത്തിച്ച സിമന്റ് കൊണ്ടുവന്ന് ഇയാളെക്കൊണ്ടു തന്നെ പ്രവര്‍ത്തകര്‍ കൊടിമരം പുന:സ്ഥാപിപ്പിച്ചു. മേല്‍ഘടകത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് കൊടിമരം മാറ്റാന്‍ ശ്രമിച്ചതെന്നാണ് സെക്രട്ടറി നല്കിയ വിവരം.
കോളേജധികൃതരില്‍ നിന്ന് പണം പറ്റിയ ചില നേതാക്കളാണ് ഇതിനു പിന്നിലെന്നും വിമര്‍ശനമുണ്ട്. കൊടിമരം നശിപ്പിച്ച് പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച് കുറ്റം മറ്റ് രാഷ്ട്രീയകക്ഷികളുടെ മേല്‍ ചുമത്താനുള്ള ഗൂഢതന്ത്രമാണ് ഇതോടെ പൊളിഞ്ഞത്. പ്രദേശത്ത് ഇതര രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിമരങ്ങള്‍ പതിവായി നശിപ്പിക്കുന്നതിനു പിന്നിലും ഇയാളാണെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: