അസ്‌ലം വധം: രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കൂടി റിമാന്‍ഡില്‍

Monday 19 June 2017 10:26 pm IST

നാദാപുരം: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ വെള്ളൂരിലെ മുഹമ്മദ് അസ്‌ലം വധക്കേസില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിലായി. സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകരായ മാഹി പള്ളൂര്‍ സ്വദേശികളായ ബിജിത്ത്(32), വിനീഷ് (30) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ നാദാപുരം സിഐയും സംഘവും പള്ളൂര്‍ ഭാഗങ്ങളില്‍ നടത്തിയ തിരച്ചിലിലാണ് ഇവര്‍ പിടിയിലായത്. തിരിച്ചറിയല്‍ പരേഡ് നടക്കേണ്ടതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ കഴിയില്ലെന്ന് നാദാപുരം സിഐ അറിയിച്ചു. മുഖംമൂടി ധരിപ്പിച്ചാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ട് പോയത്. നാദാപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഇതോടെ കേസിലെ പതിനാല് പ്രതികളും അറസ്റ്റിലായതായി പോലീസ് അറിയിച്ചു. തൂണേരിയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ചടയംകണ്ടി ഷിബിന്‍ വധക്കേസില്‍ കോടതി വെറുതെ വിട്ടയച്ച പ്രതിയും യൂത്ത് ലീഗ് പ്രവര്‍ത്തകനുമായ അസ്ലമി(19)ന് 2016 ആഗസ്ത് പന്ത്രണ്ടിനാണ് വെള്ളൂര്‍ ചാലപ്പുറം ചക്കരക്കണ്ടി പീടികക്കു സമീപം റോഡില്‍ വെച്ച് വെട്ടേല്‍ക്കുന്നത്. ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ മരിച്ചു. ഇന്നോവ കാറില്‍ എത്തിയ കൊലയാളി സംഘം അസ്‌ലം സഞ്ചരിക്കുകയായിരുന്ന ബൈക്ക് പിന്തുടര്‍ന്ന് ഇടിച്ചു വീഴ്ത്തി മാരകായുധങ്ങള്‍ ഉപയോഗിച്ചു വെട്ടുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് പ്രതികളുടേതെന്ന് സംശയിക്കുന്ന ചെരിപ്പും മൊബൈല്‍ ഫോണും ഉള്‍പ്പെടെ നിര്‍ണായക തെളിവുകള്‍ പൊലീസിന് ലഭിച്ചിരുന്നു. കൂടാതെ അക്രമി സംഘം സഞ്ചരിച്ച ഇന്നോവ കാര്‍ വടകര ടൗണിനടുത്ത് സഹകരണ ആശുപത്രി പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. സഹകരണ ആശുപത്രിയിലെയും പരിസരത്തെ സ്ഥാപനങ്ങളിലെയും സി.സി.ടി.വി. കേമറകളില്‍ കാറിന്റെയും കാറില്‍ സഞ്ചരിച്ചവരുടെയും ദൃശ്യങ്ങള്‍ പതിഞ്ഞതാണ് കേസന്വേഷണത്തില്‍ വഴിത്തിരിവായത്. തുടക്കത്തില്‍ തന്നെ കേസിലെ പ്രതികളെപറ്റിയുള്ള മുഴുവന്‍ വിവരങ്ങളും പൊലീസിന് ലഭിച്ചിരുന്നു. എന്നാല്‍ എത്രയും വേഗം പ്രധാന പ്രതികളെ അറസ്റ്റു ചെയ്യാനുള്ള ശ്രമങ്ങള്‍ പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകാതിരുന്നത് ഏറെ പരാതികള്‍ക്കിടയാക്കിയിരുന്നു. കേസന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ തന്നെ അന്വേഷണ സംഘ തലവന്മാരെ പല തവണ മാറ്റികൊണ്ട് തലപ്പത്ത് നിന്നുണ്ടായ നീക്കങ്ങള്‍ അന്വേഷണോദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്ന രീതിയിലായിരുന്നു. ഇത് കേസന്വേഷണത്തിന്റെ പുരോഗതിയെ ബാധിച്ചതായി ആക്ഷേപമുയരാന്‍ ഇടയാക്കി. പ്രധാന പ്രതികളുടെ അറസ്റ്റ് വൈകിയതോടെ മുസ്ലിം ലീഗിന്റെയും യു.ഡി.എഫിന്റെയും ഭാഗത്ത് നിന്നും പ്രതിഷേധ സമരങ്ങള്‍ ഉണ്ടായി. യൂത്ത് ലീഗ് കല്ലാച്ചിയില്‍ നടത്തിയ പ്രതിഷേധ ജാഥക്കിടയില്‍ ഉണ്ടായ അക്രമങ്ങള്‍ മാസങ്ങളോളം നാദാപുരം മേഖലയില്‍ അശാന്തിക്കിടയാക്കിയിരുന്നു. അന്വേഷണത്തിലെ മന്ദഗതി പ്രതികള്‍ക്ക് രക്ഷപ്പെടാനും തെളിവുകള്‍ നശിക്കാനും സാഹചര്യമൊരുക്കി. കേസില്‍ അറസ്റ്റിലായ പല പ്രതികളെയും സ്റ്റേഷനില്‍ നേരിട്ട് ഹാജരാക്കുകയായിരുന്നെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. സംഭവം നടന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസിനായില്ല. ഈ സ്ഥിതിവിശേഷം അറസ്റ്റിലായ ചില പ്രതികള്‍ക്ക് ജാമ്യത്തിലിറങ്ങാന്‍ സാഹചര്യമൊരുക്കി. കൂടാതെ കൊലക്ക് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുക്കാനും പൊലീസിനായിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.