വരള്‍ച്ച രൂക്ഷം; കനാലുകള്‍ തുറക്കണമെന്ന് ആവശ്യം

Tuesday 7 February 2017 3:39 pm IST

കുന്നത്തൂര്‍: കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് കുന്നത്തൂരിന്റെ വിവിധ ഭാഗങ്ങളില്‍ ജലക്ഷാമം രൂക്ഷമായി. ഇതില്‍ നിന്നും രക്ഷ നേടാനായി കെഐപി കനാലുകള്‍ എത്രയുംവേഗം തുറക്കണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്. കിണറുകള്‍ വറ്റിവരണ്ടത് കുടിവെള്ളക്ഷാമത്തിനും ഇടയാക്കി. കടുത്ത വേനലില്‍പ്പോലും വറ്റാത്ത കിണറുകള്‍ ഇത്തവണ വേനലിന്റെ തുടക്കത്തില്‍ തന്നെ വരണ്ടത് പ്രദേശവാസികളില്‍ ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ്. മാനദണ്ഡങ്ങള്‍ ഒന്നും തന്നെ പാലിക്കാതെയുള്ള കുഴല്‍കിണര്‍ നിര്‍മ്മാണമാണ് ഇതിന് കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കനാല്‍ജലത്തെ ആശ്രയിച്ച് വാഴകൃഷിയിറക്കിയ കര്‍ഷകരും ദുരിതത്തിലായി. വേനല്‍ക്കാലത്ത് കുന്നത്തൂര്‍താലൂക്കിലെ പ്രധാന ആശ്രയമാണ് കനാല്‍ ശൃംഖല വഴിയുള്ള ജലവിതരണം. കനാല്‍ തുറക്കുന്നതോടെ പ്രദേശത്തെ കിണറുകളും, കുളങ്ങളും, ചിറകളും ജലസമൃദ്ധമാകും. ഇത് ഗാര്‍ഹിക, കാര്‍ഷികആവശ്യങ്ങള്‍ക്ക് ഉപകാരപ്രദമാകും. വെള്ളം തുറന്ന് വിടുന്നതിന് മുന്നോടിയായുള്ള കനാല്‍ ശുചീകരണം തൊഴിലുറപ്പ് പദ്ധതി പ്രകാരം വളരെ നേരത്തെ തന്നെ പൂര്‍ത്തീകരിച്ചിരുന്നു. അതിനാല്‍ എത്രയും പെട്ടന്ന് ജല വിതരണം ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഈ മാസം പത്താം തീയതിയോടെ കനാല്‍ തുറക്കുമെന്നാണ് സൂചന. പരപ്പാര്‍ അണക്കെട്ടില്‍ കഴിഞ്ഞ തവണത്തേക്കാള്‍ 14 മീറ്റര്‍ വെള്ളം ഇത്തവണ കുറവാണ്. അതിനാല്‍ ശക്തമായ വേനല്‍മഴ ലഭിക്കാത്തപക്ഷം കനാല്‍ വഴിയുള്ള ജലവിതരണം കുറച്ച് ദിവസങ്ങളിലേക്കു മാത്രമായി ചുരുങ്ങാനും ഇടയുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.