ജനകീയസമിതി അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി

Tuesday 7 February 2017 6:30 pm IST

കണ്ണൂര്‍: പോലീസും പൊതുജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് ജില്ലയിലെ പോലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് രൂപീകരിച്ച ജനമൈത്രി സമിതി അംഗങ്ങള്‍ക്ക് ജില്ലാ പോലീസ് പരിശീലന കേന്ദ്രത്തില്‍ ഏകദിന പരിശീലനം സംഘടിപ്പിച്ചു. പരാതിക്കിടയില്ലാത്തവിധം പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമവും സുതാര്യവുമാക്കുന്നതിന് ഇത്തരം കൂട്ടായ്മയ്ക്ക് കഴിയുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് പറഞ്ഞു. പൊതു പ്രശ്‌നങ്ങളില്‍ ജനകീയ ഇടപെടലുകള്‍ സജീവമാക്കുന്നതിന് ലക്ഷ്യമിട്ടാണ് ജനമൈത്രി സമിതി രൂപീകരിച്ചിരിക്കുന്നത്. ട്രാഫിക് പരിഷ്‌കാരം, മയക്കുമരുന്ന് ഉപയോഗം സംബന്ധിച്ച് വിവരം നല്‍കല്‍, നൈറ്റ് പട്രോളിംഗ് തുടങ്ങി കാര്യങ്ങളിലാണ് സമിതി പോലീസുമായി സഹകരിക്കുക. ജനമൈത്രി പോലീസ് സ്റ്റേഷനുകളായി പ്രഖ്യാപിക്കപ്പെട്ട ജില്ലയിലെ 38 സ്റ്റേഷനുകള്‍ക്ക് കീഴിലും ഇത്തരത്തില്‍ സമിതി രൂപീകരിച്ചിട്ടുണ്ട്. മാസത്തില്‍ ഒരു തവണ കമ്മിറ്റി കൂടി നടപടികള്‍ ചര്‍ച്ച ചെയ്യും. സാമൂഹ്യപ്രവര്‍ത്തകര്‍, റിട്ടയേഡ് അധ്യാപകര്‍, പൊതു പ്രവര്‍ത്തകര്‍ തുടങ്ങി നിലവില്‍ ഔദ്യോഗിക പദവികള്‍ വഹിക്കാത്ത സേവന തത്പരരായ ആളുകളെ ഉള്‍പ്പെടുത്തി 10 മുതല്‍ 25 വരെ അംഗങ്ങളുമായാണ് സമിതി രൂപീകരിക്കുന്നത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരാണ് സമിതിയുടെ സൂപ്പര്‍വൈസര്‍. ചടങ്ങില്‍ കണ്ണൂര്‍ ഡിവൈഎസ്പി പി.പി.സദാനന്ദന്‍ അധ്യക്ഷത വഹിച്ചു. നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി വി.എന്‍.വിശ്വനാഥന്‍, ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി വി.മധുസൂദനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ജനമൈത്രി സമിതി അംഗങ്ങള്‍ക്ക് വി.മധുസൂദനന്‍ ക്ലാസെടുത്തു. ഇരിട്ടി, കണ്ണൂര്‍ സബ്ഡിവിഷനു കീഴിലെ 120 അംഗങ്ങളാണ് പരിശീലനത്തില്‍ പങ്കെടുത്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.