പയ്യാവൂര്‍ ഊട്ടുത്സവം 12ന് തുടങ്ങും

Tuesday 7 February 2017 7:17 pm IST

പയ്യാവൂര്‍: ദേശകൂട്ടായ്മകളുടെ ആഘോഷമായ പയ്യാവൂര്‍ ഊട്ടുത്സവം 12 മുതല്‍ 24 വരെ നടക്കും. ഉത്സവത്തിന് മുന്നോടിയായി കുടകര്‍ 11ന് രാവിലെ അരി സമര്‍പ്പിക്കും. 11ന് വൈകുന്നേരം കുടകരുടെ അരി അളവും വിവിധ ക്ഷേത്രങ്ങളില്‍ നിന്നുള്ള കലവറനിറയ്ക്കല്‍ ഘോഷയാത്രയും നടക്കും. കുടകിലെ ബഹൂരിയന്‍, മുണ്ടയോടന്‍ തറവാട്ടില്‍ നിന്നുള്ളവരാണ് ഉത്സവത്തിന്റെ തുടക്കത്തില്‍ അരിയെത്തിക്കുന്നത്. 12 മുതല്‍ 21 വരെ എല്ലാ ദിവസവും വൈകുന്നേരം താഴത്തമ്പലത്തില്‍ നിന്ന് തിടമ്പെഴുന്നള്ളത്തും തിരുനൃത്തവും നടക്കും. 12 ന് പയ്യാവൂര്‍, കൈതപ്രം ദേശവാസികളുടെയും 15ന് കാഞ്ഞിലേരി ദേശവാസികളുടെയും 21ന് ചേടിച്ചേരിക്കാരുടെയും ദേശക്കാഴ്ചകള്‍. 20ന് രാവിലെ കുടകിലെ വിവിധ ഗ്രാമങ്ങളില്‍ നിന്നുള്ള ഭക്തര്‍ അരി സമര്‍പ്പിക്കും. രാത്രി ഏഴിന് വലിയ തിരുവത്താഴത്തിനുള്ള അരി അളവ്. രാത്രി 10.30ന് കുടകരുടെ തുടികൊട്ടിപ്പാട്ട്. 21ന് രാവിലെ എട്ടിന് കുടകില്‍ നിന്നെത്തിയ കാളകളെ ക്ഷേത്രത്തില്‍ പ്രദക്ഷിണം ചെയ്യിക്കുന്ന ചടങ്ങ് . മഹോത്സവ ദിനമായ 22ന് രാവിലെ കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലെ വിവിധ നെയ്യമൃത് മഠങ്ങളില്‍ നിന്നെത്തുന്ന നെയ്യമൃതുകാര്‍ ശിവക്ഷേത്രത്തില്‍ നെയ്യൊപ്പിക്കും. തുടര്‍ന്ന് കുറുമാത്തൂര്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ പൂര്‍ണപുഷ്പാഞ്ജലിയും അശ്വമേധ നമസ്‌കാരവും. ഉച്ചയ്ക്ക് താഴത്തമ്പലത്തില്‍ നിന്ന് തിടമ്പെഴുന്നള്ളത്തും തിരുനൃത്തവും നെയ്യമൃതുകാരുടെ കുഴിയടുപ്പില്‍ നൃത്തവും നടക്കും. വൈകുന്നേരം 4.30ന് ചൂളിയാട് ദേശവാസികളുടെ ഓമനക്കാഴ്ച ക്ഷേത്രത്തിലെത്തും. തുടര്‍ന്ന് കുടകരുടെ മടക്കയാത്ര. 23ന് രാവിലെ 11ന് ഇളനീരാട്ടം, കളഭാട്ടം, നെയ്യാട്ടം. തന്ത്രി ഇടവലത്ത് പുടയൂര്‍ മനയ്ക്കല്‍ കുബേരന്‍ നമ്പൂതിരി കാര്‍മികത്വം വഹിക്കും. അടീലൂണിന് ശേഷം നെയ്യമൃതുകാര്‍ വീടുകളിലേക്ക് മടങ്ങും. സമാപന ദിവസമായ 24ന് ഉച്ചയ്ക്ക് ആറാട്ടെഴുന്നള്ളത്ത്. ക്ഷേത്രത്തിന്റെ കീഴിലുള്ള പഴശ്ശി ഭഗവതി ക്ഷേത്രത്തില്‍ 25നും മഠത്തിലും 27ന് മാങ്ങാടന്‍ വയലിലും തിറ നടക്കും. 12 മുതല്‍ എല്ലാ ദിവസവും ദേവസ്വം ഓഡിറ്റോറിയത്തില്‍ വിവിധ കലാസാംസ്‌കാരിക പരിപാടികള്‍ ഉണ്ടാകും. 12ന് രാത്രി 7.30ന് ഗായകന്‍ ഉണ്ണികൃഷ്ണന്‍ പയ്യാവൂര്‍ കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്യും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.