ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ കൊലക്കുറ്റം

Friday 18 May 2012 10:46 pm IST

കൊല്ലം: കടലിലെ വെടിവയ്പ്പു കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരുടെ ജാമ്യാപേക്ഷയില്‍ ജില്ലാ സെഷന്‍സ്‌ കോടതി ഇന്ന്‌ വിധി പറയും. പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം ഇന്നലെ കൊല്ലം ചീഫ്‌ ജുഡീഷ്യല്‍ മജിസ്ട്രേറ്റ്‌ എ.കെ.ഗോപകുമാര്‍ മുമ്പാകെ അന്വേഷണസംഘം സമര്‍പ്പിച്ചു. 196 പേജുള്ള കുറ്റപത്രമാണ്‌ കോടതിയില്‍ സമര്‍പ്പിച്ചത്‌. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 302 (കൊലപാതകം), 307 (കൊലപാതകശ്രമം), 427 (വിശ്വാസവഞ്ചന), 34 (വിശ്വാസവഞ്ചന), സുവ (രാജ്യാന്തര കടല്‍ നിയമം) മൂന്ന്‌ എന്നീ വകുപ്പുകളാണ്‌ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്‌. കേസില്‍ 60 സാക്ഷികളെ വിസ്തരിച്ചു. 126 അനുബന്ധരേഖകളും 46 തൊണ്ടിമുതലുകളും കേസുമായി ബന്ധപ്പെട്ട്‌ പരിശോധിച്ചു.
ഇറ്റാലിയന്‍ ഓയില്‍ ടാങ്കറായ 'എന്‍റിക്ക ലെക്സി' യുടെ സുരക്ഷാചുമതലയുള്ള ആറംഗ നാവികസേനാ യൂണിറ്റിന്റെ ചീഫ്‌ കമാന്‍ഡര്‍ ലസ്തോറെ മാസി മിലിയാനോ, നാവിക സേനാംഗം സാല്‍വത്തോറെ ഗിറോണ്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും പ്രതികളാണ്‌. കൊച്ചി സിറ്റി പോലീസ്‌ കമ്മീഷണര്‍ എം.ആര്‍.അജിത്‌ കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിലെ അസി. കമ്മീഷണര്‍ വി.അജിത്ത്‌, കോസ്റ്റല്‍ സി.ഐ ആര്‍.ജയരാജ്‌ എന്നിവരാണ്‌ ഇന്നലെ കൊല്ലം ചീഫ്‌ ജുഡീഷ്യല്‍ മജിസ്ട്രേട്ട്‌ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്‌. ഇതിന്റെ പകര്‍പ്പ്‌ പ്രതികള്‍ക്ക്‌ നല്‍കിയശേഷം തടസ്സവാദങ്ങള്‍ ഉണ്ടെങ്കില്‍ കോടതി കേട്ടശേഷം മെയ്‌ അവസാനമോ ജൂണ്‍ ആദ്യവാരമോ വിചാരണ ആരംഭിച്ചേക്കും.
ഇറ്റാലിയന്‍ നിര്‍മിതമായ ബനറ്റോ തോക്ക്‌ ഉപയോഗിച്ച്‌ നാവികര്‍ ഇരുപത്‌ തവണ ബോട്ടിന്‌ നേരെ വെടിയുതിര്‍ത്തതായി കുറ്റപത്രത്തില്‍ പറയുന്നു. ഒന്നാം പ്രതിയായ ലസ്തോറേ മാസി മിലാനോ 12 തവണയും രണ്ടാം പ്രതിയായ സാല്‍വത്തോറേ ജിറോണ്‍ എട്ട്‌ തവണയും മത്സ്യബന്ധനബോട്ടിന്‌ നേരെ വെടിയുതിര്‍ത്തിട്ടുണ്ട്‌. ശാസ്ത്രീയമായ തെളിവുകള്‍ പ്രകാരവും ഗ്ലോബല്‍ പൊസിഷനിംഗ്‌ സിസ്റ്റം അനുസരിച്ചും വെടിയുതിര്‍ത്ത സ്ഥലം കേരള തീരത്തിന്‌ 3.5 നോട്ടിക്കല്‍ മെയില്‍ മാത്രം വ്യത്യാസത്തിലാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. കപ്പലും ബോട്ടും തമ്മിലുള്ള അകലം 200 മീറ്ററായിരുന്നു. ബോട്ടുടമ ഫ്രെഡി ഉള്‍പ്പെടെ 60 സാക്ഷികളെ കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ബോട്ടിലെ ഒന്‍പത്‌ തൊഴിലാളികളും കപ്പലിലെ ആറ്‌ ജീവനക്കാരും സാക്ഷിപ്പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്‌. ഇതിനു പുറമെ കോസ്റ്റ്ഗാര്‍ഡിന്റെയും കസ്റ്റംസിന്റെയും ഉദ്യോഗസ്ഥരും മറ്റ്‌ ബോട്ടുകളിലെ ജീവനക്കാരും സാക്ഷി പട്ടികയിലുണ്ട്‌. കൊല്ലം മുതാക്കര, ഡെറിക്‌ വില്ലയില്‍ ജലസ്റ്റിന്‍ (50), കളിയിക്കാവിള നിദ്രവിള ഇരയിമ്മന്‍തുറ അജീഷ്‌ പിങ്കു (21) എന്നിവരാണ്‌ ഫെബ്രുവരി 15ന്‌ മത്സ്യബന്ധനത്തിനിടെ ഇറ്റാലിയന്‍ കപ്പല്‍ എന്‍റിക്ക ലെക്സിയില്‍ നിന്നുള്ള വെടിയേറ്റ്‌ മരിച്ചത്‌.
പോലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ കുറ്റകൃത്യം നടന്നത്‌ 33 നോട്ടിക്കല്‍ മെയിലിനുള്ളില്‍ എന്നായിരുന്നുവെങ്കിലും കുറ്റപത്രത്തില്‍ 20.5 നോട്ടിക്കല്‍ മെയില്‍ എന്നാണ്‌ പരാമര്‍ശിച്ചിട്ടുള്ളത്‌. കണ്ടിഗസ്‌ സോണ്‍ 22 നോട്ടിക്കല്‍ മെയിലാണെന്നിരിക്കെ 20.5 നോട്ടിക്കല്‍ മെയില്‍ എന്നത്‌ പ്രോസിക്യൂഷന്റെ വാദങ്ങള്‍ക്ക്‌ ബലം പകരും. ആറ്‌ ബറേറ്റ റൈഫിളുകള്‍, രണ്ട്‌ ലൈറ്റ്‌ മെഷീന്‍ ഗണ്ണുകള്‍, 1690 വെടിയുണ്ടകള്‍, ബോട്ടിന്റെ രജിസ്ട്രേഷന്‍ രേഖകള്‍, കപ്പലിന്റെ ഇംഗ്ലീഷിലും ഇറ്റാലിയനിലുമുള്ള ലോഗ്ബുക്ക്‌, വോയേജ്‌ ഡേറ്റാ റിക്കാര്‍ഡര്‍, കപ്പലിന്റെയും ബോട്ടിന്റെയും ജിപിഎസ്‌ സംവിധാനങ്ങള്‍ എന്നിവയും തൊണ്ടിമുതലായി കോടതിക്ക്‌ നല്‍കിയിട്ടുണ്ട്‌. ഫോറന്‍സിക്‌ പരിശോധനയില്‍ പ്രതികള്‍ കൊലപാതകത്തിന്‌ ഉപയോഗിച്ചതെന്ന്‌ കണ്ടെത്തിയ രണ്ട്‌ റൈഫിളുകള്‍ പ്രത്യേകം മാര്‍ക്ക്‌ ചെയ്ത്‌ സമര്‍പ്പിച്ചിട്ടുണ്ട്‌. പ്രതികളായ നാവികര്‍ക്ക്‌ നല്‍കിയിരുന്ന വെടിയുണ്ടകളുടെ എണ്ണത്തില്‍ കുറവ്‌ വന്നിട്ടുള്ളതും രേഖപ്പെടുത്തിയിട്ടുണ്ട്‌.
പ്രതികള്‍ക്കായി സമര്‍പ്പിച്ച ജാമ്യപേക്ഷയില്‍ ജില്ലാ ജഡ്ജി പി.ഡി.രാജന്‍ മുമ്പാകെ വാദം പൂര്‍ത്തിയായി. ഇന്ന്‌ വിധി പറയും. 89 ദിവസമായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികര്‍ക്ക്‌ ജാമ്യം അനുവദിക്കണമെന്ന്‌ പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്‌. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ അഡ്വ.ജി.മോഹന്‍രാജും പ്രതിഭാഗത്തിനുവേണ്ടി അഡ്വ.സി.എസ്‌.നായരും ഹാജരായി.പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.