ഏരിയാ സെന്റര്‍ പുന:സംഘടന: സിപിഎം ചേരിപ്പോര് തെരുവിലേക്ക്

Tuesday 7 February 2017 8:57 pm IST

ചേര്‍ത്തല: ഏരിയാ സെന്റര്‍ പുന:സംഘടനയുമായി ബന്ധപ്പെട്ട് സിപിഎമ്മില്‍ പടലപ്പിണക്കം. ചേരിപ്പോര് തെരുവിലേക്ക്. ഏരിയ നേതൃത്വത്തെ എതിര്‍ക്കുന്ന വിഭാഗം സെക്രട്ടറിയ്‌ക്കെതിരെ പരാതിയുമായി മേല്‍ കമ്മിറ്റിയെ സമീപിച്ചു. ഒരു മാസം മുന്‍പ് സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം സുധാകര പക്ഷത്തെ പ്രമുഖരായ രണ്ട് പേരെ ഒഴിവാക്കിയും ഐസക് പക്ഷക്കാരായ മൂന്ന് പേരെ ഉള്‍പ്പെടുത്തിയും ഏരിയ സെന്റര്‍ പുന:സംഘടിപ്പിച്ചിരുന്നു. ഇതിനെതിരെ സുധാകര പക്ഷം ജില്ലാകമ്മിറ്റിക്ക് പരാതി നല്‍കി. തുടര്‍ന്ന് ജില്ലാ നേതൃത്വം വിഷയത്തില്‍ ഇടപെട്ട് നടപടി മരവിപ്പിച്ചിരുന്നു. നടപടിക്കെതിരെ ഏരിയ തലത്തില്‍ വിമര്‍ശനം ഉയര്‍ന്നതോടെ മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം പി.എസ്. ശ്രീകുമാര്‍, വി.എ. രാജന്‍ എന്നിവരെ ഒഴിവാക്കിയ നടപടി ശരിവയ്ക്കുകയും പി. ഷാജിമോഹന്‍, ബി. വിനോദ്, കെ. ബി. ബാബുരാജ് എന്നിവരെ ഉള്‍പ്പെടുത്തിയ നടപടി പുന:പരിശോധിച്ച ശേഷം അംഗീകാരം നല്‍കാനും തീരുമാനിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഒരുവിഭാഗം സെക്രട്ടറിക്കെതിരെ പരാതി നല്‍കിയത്. നിലവില്‍ ഏരിയ കമ്മിറ്റിയില്‍ ഐസക് പക്ഷത്തിന് മൃഗീയ ഭൂരിപക്ഷമാണ് ഉള്ളത്. ഏരിയാ കമ്മിറ്റിയില്‍ 22 അംഗങ്ങളും ഒരു ക്ഷണിതാവുമാണുള്ളത്. ഇതില്‍ 18 പേരും തങ്ങളോടൊപ്പമാണെന്നാണ് ഏരിയ നേതൃത്വത്തെ അനുകൂലിക്കുന്നവരുടെ വാദം. കഴിഞ്ഞ പാര്‍ട്ടി സമ്മേളനത്തില്‍ 19 അംഗ ഏരിയാ കമ്മിറ്റി സുധാകരപക്ഷം വ്യക്തമായ മേധാവിത്വത്തോടെയാണ് പിടിച്ചെടുത്തത്. ഉള്‍പ്പോരിനെ തുടര്‍ന്ന് സുധാകരപക്ഷം ഛിന്നഭിന്നമാകുകയും ഐസക് അനുകൂലികള്‍ കരുത്താര്‍ജ്ജിക്കുകയും ചെയ്തു. ഇതോടെയാണ് എതിര്‍പക്ഷം സെക്രട്ടറിയെ ലക്ഷ്യമാക്കി നീക്കം തുടങ്ങിയത്. ജില്ലാ നേതാക്കളില്‍ ചിലരുടെ പിന്തുണയും ഇതിനുണ്ട്. സെക്രട്ടറി ദേവസ്വം ബോര്‍ഡിന്റെ കരാര്‍ ഏറ്റെടുക്കുന്ന ആളാണെന്നും ഇത് പാര്‍ട്ടി നയങ്ങള്‍ക്ക് എതിരാണെന്നുമാണ് എതിര്‍പക്ഷം ഉന്നയിക്കുന്ന വിമര്‍ശനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.