യൂണിയന്‍ നേതാക്കളെ തൊഴിലാളികള്‍ ബഹിഷ്‌ക്കരിച്ചു

Tuesday 7 February 2017 10:35 pm IST

എരുമേലി: ബിലിവേഴ്‌സ് ചര്‍ച്ചിന്റെ നിയന്ത്രണത്തിലുള്ള വിവാദമായ ചെറുവള്ളി തോട്ടത്തിലെ 68 ദിവസമായി തുടരുന്ന തൊഴിലാളി സമരം പരിഹരിക്കാനാകാത്ത മുണ്ടക്കയം മേഖലയിലെ വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളെ ബഹിഷ്‌ക്കരിച്ച് തൊഴിലാളികള്‍ രണ്ടാം ഘട്ട സമരത്തിനൊരുങ്ങുന്നു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഒന്നര മാസമായി തൊഴിലാളികള്‍ സമരം നടത്തുന്നത്. എന്നാല്‍ മാനേജ്‌മെന്റുമായി ചര്‍ച്ചകള്‍ നടത്താതെ തൊഴിലാളി സമരത്തെ അട്ടിമറിക്കാന്‍ മുണ്ടക്കയം മേഖലയിലെ വിവിധ ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് നേതാക്കളെ ബഹിഷ്‌ക്കരിക്കാന്‍ ഇന്നലെ ചേര്‍ന്ന സംയുക്ത തോട്ടം സമരസമിതി തീരുമാനിച്ചത്. തോട്ടത്തിലെ സമരത്തെ തുടര്‍ന്ന് ദുരിതത്തിലായ തൊഴിലാളികളുടെ പട്ടിണി മാറ്റാന്‍ തോട്ടം കയ്യേറി കുടില്‍ കെട്ടി റബ്ബര്‍ മരങ്ങള്‍ ടാപ്പിംഗ് നടത്തുമെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു. തൊഴിലാളികളുടെ സമരത്തിന് ബിഎംഎസും ബിജെപിയും പിന്തുണ നല്‍കി നടത്തുന്ന ചര്‍ച്ചകളെപ്പോലും അട്ടിമറിക്കാനാണ് മറ്റ് യൂണിയന്‍ സെക്രട്ടറിമാര്‍ ശ്രമിച്ചതെന്നും തൊഴിലാളികള്‍ പറയുന്നു. തൊഴിലാളികളുടെ ചര്‍ച്ചകള്‍ പരാജയപ്പെടാന്‍ കാരണം യൂണിയന്‍ നേതാക്കന്‍മാരുടെ ഒത്തുകളിയാണെന്നും ഇനിയുള്ള ചര്‍ച്ചകള്‍ ചെറുവള്ളിതോട്ടം മാനേജ്‌മെന്റുമായി നേരിട്ട് നടത്തുമെന്നും തൊഴിലാളി കണ്‍വീനര്‍മാര്‍ പറഞ്ഞു. തൊഴിലാളികളുടെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വനിതാ കമ്മീഷനംഗം ഡോ. ജെ. പ്രമീള ദേവി. ബിജെപി സംസ്ഥാന സമിതിയംഗം ഭീമന്‍ രഘു, ജില്ലാ പ്രസിഡന്റ് എന്‍. ഹരി, പൂഞ്ഞാര്‍ നിയോജക മണ്ഡലം പ്രസിഡന്റ് വി. സി. അജികുമാര്‍, ബിഎംഎസ് മുണ്ടക്കയം മേഖല പ്രസിഡന്റ് കെ. ആര്‍. രതീഷ് എന്നിവര്‍ സന്ദര്‍ശിച്ച് തൊഴിലാളി പിന്തുണയും സമരങ്ങള്‍ക്ക് നേതൃത്വവും നല്‍കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.