പ്രണയം നിരസിച്ച യുവതിയെ നടുറോഡില്‍ വെട്ടി

Monday 19 June 2017 6:10 pm IST

തൃപ്പൂണിത്തുറ: പ്രേമനൈരാശ്യം മൂലം യുവാവ് കോളേജ് വിദ്യാര്‍ത്ഥിനിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഉദയംപേരൂര്‍ പത്താംമൈല്‍ ഇടമനയില്‍ വീട്ടില്‍ ശ്രീരംഗന്‍ ഹൈമാവതി ദമ്പതികളുടെ മകള്‍ അമ്പളി(20)ക്കാണ് വെട്ടേറ്റേത്. അയല്‍വാസി അമല്‍ (26) ആണ് വാക്കത്തി കൊണ്ട് വെട്ടിയത്. ഇയാള്‍ നെട്ടൂരിലെ ടയോട്ടാ ഷോറൂമിലെ ജീവനക്കാരനാണ്. തലയോലപ്പറമ്പ് ദേവസ്വം ബോര്‍ഡ് കോളേജ് രണ്ടാം വര്‍ഷ ബിഎസ്‌സി വിദ്യാര്‍ത്ഥിനിയാണ് അമ്പിളി. ഇന്നലെ നാല് മണിക്ക് കോളേജ് വിട്ട് വരുന്ന വഴി വീടിന് സമീപത്ത് വച്ചാണ് സംഭവം. അമല്‍ നിരന്തരം ശല്യപ്പെടുത്തുന്നതായി 2016 നവംബറില്‍ പെണ്‍കുട്ടി ഉദയംപേരൂര്‍ സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പോലീസ് യുവാവിനെ സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി താക്കീത് നല്‍കി വിട്ടയച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമിക്കാന്‍ കാരണമെന്ന് പോലീസ് പറയുന്നു. തലയിലും കൈത്തണ്ടയിലും ചുമലിലും ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ തൃപ്പൂണിത്തുറ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. അമല്‍ ഉദയംപേരൂര്‍ സ്‌റ്റേഷനില്‍ കീഴടങ്ങി. ദിവസങ്ങള്‍ക്കു മുന്‍പാണ് കോട്ടയം ഗാന്ധിനഗര്‍ എസ്എംഇയില്‍ പ്രണയം നിരസിച്ച പെണ്‍കുട്ടിയെ പൂര്‍വ്വ വിദ്യാര്‍ഥി ചുട്ടുകൊന്ന് ജീവനൊടുക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.