തിരുവാര്‍പ്പിലും കുമരകത്തും സംഘര്‍ഷം വ്യാപിപ്പിക്കാന്‍ സിപിഎം നീക്കം

Monday 19 June 2017 6:12 pm IST


കോട്ടയം ജില്ലാ കളക്ടര്‍ക്ക് ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറി ആശാ അജികുമാര്‍
നിവേദനം നല്‍കുന്നു

കോട്ടയം: തിരുവാര്‍പ്പിലെ പരുത്തിയകത്തും കുമരകത്തും വധഭീഷണി മുഴക്കിയും സമുദായ സ്പര്‍ദ്ധയുണ്ടാക്കിയും സംഘര്‍ഷം വ്യാപിപ്പിക്കാനുള്ള സിപിഎം നീക്കത്തിനെതിരെ ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ കളക്ടര്‍ക്ക് പരാതി നല്‍കി. പരുത്തിയകത്ത് കഴിഞ്ഞദിവസം ഡിവൈഎഫ്‌ഐ പതിപ്പിച്ച പോസ്റ്ററുകളും കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി.

കോട്ടയത്തിന്റെ പടിഞ്ഞാറന്‍ മേഖലയെ സംഘര്‍ഷപൂരിതമാക്കാനാണ് സിപിഎം ശ്രമം. ദളിത് പിന്നാക്ക വിഭാഗങ്ങളെ തെരഞ്ഞുപിടിച്ച് അക്രമിച്ചശേഷം സിപിഎം ഇപ്പോള്‍ ഇതര സമുദായങ്ങളെയും ലക്ഷ്യമിട്ടിരിക്കുകയാണ്. സമാധാനം കാംക്ഷിക്കുന്ന എല്ലാവിഭാഗം ജനങ്ങളും ഇപ്പോള്‍ തങ്ങളോടൊപ്പം ചേരുന്ന കാഴ്ചയാണ് ഈ മേഖലയിലുള്ളതെന്നും കളക്ടറെ സന്ദര്‍ശിച്ചശേഷം നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.

റിപ്പബ്ലിക് ദിനത്തില്‍ നടന്ന സിപിഎം അക്രമത്തില്‍ പിന്നാക്ക വിഭാഗത്തിലെ രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്നുള്ള പോലീസ് നടപടികള്‍ പ്രതികളെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതും സംഘര്‍ഷത്തിന് ആക്കംകൂട്ടാന്‍ സിപിഎമ്മിനെ പ്രേരിപ്പിക്കുന്നതുമായിരുന്നെന്ന് നേതാക്കള്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് ആര്‍എസ്എസ് നേതാക്കളെ വധിക്കുമെന്ന മുന്നറിയിപ്പോടെയുള്ള ഡിവൈഎഫ്‌ഐ പോസ്റ്ററുകള്‍ വ്യാപകമായി പതിക്കപ്പെട്ടത്.

ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറി ആശാ അജികുമാര്‍, താലൂക്ക് പ്രസിഡന്റ് ഗീതാരവി, മഹിളാമോര്‍ച്ച ജില്ലാ സെക്രട്ടറി സുമാ മുകുന്ദന്‍, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് വിനോദിനിഅമ്മ, ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി. സുരേഷ്, ആര്‍എസ്എസ് വിഭാഗ സഹകാര്യവാഹ് ഡി. ശശികുമാര്‍, ബിജെപി ജില്ലാ സെക്രട്ടറി എം.വി. ഉണ്ണികൃഷ്ണന്‍, നിയോജകമണ്ഡലം സെക്രട്ടറി ആര്‍. രണരാജന്‍, ഏറ്റുമാനൂര്‍ നിയോജകമണ്ഡലം ജന. സെക്രട്ടറി ആന്റണി അറയില്‍, അഡ്വ. ജോഷി ചീപ്പുങ്കല്‍, ജില്ലാ കമ്മറ്റി അംഗം കുടമാളൂര്‍ രാധാകൃഷ്ണന്‍, ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് എം.എസ്. മനു, എന്നിവര്‍ നിവേദക സംഘത്തില്‍ ഉണ്ടായിരുന്നു. പ്രശ്‌നങ്ങള്‍ പഠിച്ച് ഉചിതമായ നടപടികള്‍ കൈക്കൊള്ളുമെന്ന് കളക്ടര്‍ നിവേദകസംഘത്തിന് ഉറപ്പു നല്‍കി.

സിപിഎം അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ഇന്നലെ വൈകുന്നേരം ഇല്ലിക്കലില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.