സമരങ്ങളെ അടിച്ചമര്‍ത്തിയാല്‍ തിരിച്ചടിക്കും : സുരേന്ദ്രന്‍

Monday 19 June 2017 6:38 pm IST

തിരുവനന്തപുരം: ജനകീയ സമരങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. ദളിത് പീഡനങ്ങളില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് പട്ടികജാതി മോര്‍ച്ച മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏറ്റവും കൂടുതല്‍ ദളിത് പീഡനങ്ങള്‍ നടന്നത് പിണറായി സര്‍ക്കാരിന്റെ കാലത്താണ്. പത്ത് മാസത്തിനുള്ളില്‍ നടന്ന ദളിത് പീഡനങ്ങളിലെ ഒരു കുറ്റവാളിയെപ്പോലും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പ്രകടന പത്രികയില്‍ ദളിത് ഭൂമി നല്‍കുമെന്ന് വാഗ്ദാനം നല്‍കിയിട്ട് ഒരു തുണ്ട് ഭൂമി പോലും ഇതുവരെയും വിതരണം ചെയ്തില്ല. ആദിവാസികളെ ഉള്‍പ്പെടെ തെരുവിലിറക്കി സമരം ചെയ്യിപ്പിച്ചവര്‍ ഇന്ന് അധികാരത്തിലെത്തിയപ്പോള്‍ ദളിതരെ അവഗണിക്കുകയാണ്. പ്രതിഷേധമാര്‍ച്ച് ദേവസ്വംബോര്‍ഡ് ജംഗ്ഷനില്‍ ബാരിക്കേഡുകള്‍ തീര്‍ത്ത് പോലീസ് തടഞ്ഞു. മാര്‍ച്ചിനുനേരെ ജല പീരങ്കി പ്രയോഗിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധന്‍, ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, പട്ടികജാതി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സി.എം. പുരുഷോത്തമന്‍, സര്‍ജു തൈക്കാവ്, സംസ്ഥാന വൈസ് പ്രസിന്റുമാരായ ബി.കെ പ്രേമന്‍, രമേഷ് കാവ്യമറ്റം, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. സ്വപ്‌നജിത്, മുകുന്ദന്‍ പള്ളിയറ, എം.കെ. ഭരതന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.