അമ്പലപ്പുഴ: വീടും സ്ഥലവും കടലെടുത്തതുമൂലം ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന കുടുംബങ്ങള്‍ക്കു 39,500 രൂപയുടെ വൈദ്യുതി ബില്‍. തുക ദുരിതബാധിതര്‍ അടയ്ക്കണമെന്ന് പഞ്ചായത്ത്. പുറക്കാട് പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തിച്ച കെട്ടിടത്തില്‍ കഴിയുന്ന ദുരിതബാധിതര്‍ക്കാണ് സര്‍ക്കാരിന്റെ ഇരുട്ടടി.
വീടും സ്ഥലവും കടലാക്രമണത്തില്‍ നഷ്ടമായതിനെ തുടര്‍ന്നാണ് 2015 നവംബര്‍ 13നു ഏഴു കുടുംബങ്ങളെ പഞ്ചായത്ത് ഇടപെട്ട് ഇവിടെ താമസിപ്പിച്ചത്. ഇതിനുശേഷം സെക്രട്ടറിയുടെ പേരില്‍ ഇവിടെ വന്ന വൈദ്യുത ബില്ലുകള്‍ ദുരിതബാധിതര്‍ പഞ്ചായത്തിലോ വില്ലേജിലോ എത്തിച്ചിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസമെത്തിയ 39,500 രൂപയുടെ ബില്ല് കൈപ്പറ്റാന്‍ പഞ്ചായത്ത് അധികൃതര്‍ തയാറായിട്ടില്ല. ഇത്രയും തുക തങ്ങള്ക്കടയ്ക്കാന് കഴിയില്ലെന്നും ഈ തുക ദുരിതബാധിതര്‍ തന്നെ അടയ്ക്കണമെന്ന നിലപാടിലുമാണ് പഞ്ചായത്ത്. വിവരം കളക്ടറെ അറിയിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് സെക്രട്ടറി വ്യക്തമാക്കി.
ഈ മാസം 27നകം പണമടച്ചില്ലെങ്കില്‍ വൈദ്യുതി വിഛേദിക്കുമെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: