കഞ്ചാവ് പിടികൂടുന്നതിനിടെ ഉദ്യോഗസ്ഥന് വീണ് പരിക്ക്

Wednesday 8 February 2017 9:23 pm IST

നെടുങ്കണ്ടം: കമ്പംമെട്ട് ചെക്കുപോസ്റ്റില്‍ വാഹനപരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ വെട്ടിച്ച് കഞ്ചാവുമായി കടക്കാന്‍ ശ്രമിച്ച ബൈക്ക് യാത്രികരെ പിന്‍തുടര്‍ന്ന എക്‌സൈസ് ജീവനക്കാരന്‍ അപകടത്തില്‍ പെട്ടു. കമ്പംമെട്ട് എക്‌സൈസ് ചെക്കുപോസ്റ്റിലെ സിവില്‍ എക്‌സൈസ് ഓഫീസറായ പി.ടി സത്യരാജ്(46)നാണ് പരിക്കേറ്റത്. ഇടയാറന്‍മുള സ്വദേശി വട്ടമോടിയില്‍ അശ്വിന്‍ വി മോഹന്‍(23), നെയ്യാറ്റിന്‍കര കോവില്‍വിള സുബിന്‍രാജ്(22) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകുന്നേരം നാലോടെയാണ് അപകടം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കള്‍ പിടിയിലായി. കമ്പംമെട്ട് ചെക്കുപോസ്റ്റില്‍ എക്‌സൈസ് ഇന്റലിജന്റ്‌സ് സ്‌ക്വാഡും ചെക്കുപോസ്റ്റ് ജീവനക്കാരും സംയുക്തമായി വാഹന പരിശോധന നടത്തുന്നതിനിടെ കമ്പത്തുനിന്നും വന്ന ബൈക്കിന് കൈകാണിച്ചെങ്കിലും ഇവര്‍ നിര്‍ത്താതെ പോകുകയായിരുന്നു. ഇതേത്തുടര്‍ന്ന് സത്യരാജ് സ്‌കൂട്ടറില്‍ ഇവരെ പിന്‍തുടര്‍ന്നു. യുവാക്കളെ പിടികൂടുന്നതിനായി ചെന്നാക്കുളത്തുനിന്നും തണ്ണിപ്പാറയ്ക്ക് കയറിയ ഇദ്ദേഹത്തിന്റെ സ്‌കൂട്ടര്‍ മെറ്റലില്‍ കയറി മറിയുകയായിരുന്നു. മുഖത്തും ദേഹമാസകലവും പരുക്കേറ്റ ഇദ്ദേഹത്തെ നെടുങ്കണ്ടം കരുണാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാക്കളെ പിന്‍തുടര്‍ന്ന എക്‌സൈസ് ഇന്റലിജന്‍സ് സ്‌ക്വാഡാണ് പിന്നീട് ഇവരെ പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്നും 100 ഗ്രാം കഞ്ചാവും കണ്ടെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.