മലങ്കര കനാല്‍ തുറന്നു

Wednesday 8 February 2017 9:27 pm IST

തൊടുപുഴ: ജനരോക്ഷം ശക്തമായതിനെ തുടര്‍ന്ന് മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രജക്ടിന്റെ ഭാഗമായുള്ള മലങ്കര കനാല്‍ തുറന്നു. സാധാരണ ഡിസംബര്‍ പാതിയോടെ തുറക്കുന്ന കനാല്‍ ജലലഭ്യത കുറഞ്ഞതോടെ തുറക്കാന്‍ വൈകുകയായിരുന്നു. നെല്ല് ഉള്‍പ്പെടെ ഏക്കറുക്കണക്കിന് കൃഷയിടത്തിലെ വിളകളും ഉണങ്ങി നശിച്ചിരുന്നു. സമീപത്തെ കിണറുകളിലെയും തോടുകളിലെയും വെള്ളം പറ്റിയതും തിരച്ചടിയായിരുന്നു. മുമ്പെങ്ങും ഇത്തരത്തിലൊരു ക്ഷാമം ഉണ്ടായിട്ടില്ലെന്നിരിക്കെയാണ് നാട്ടുകാര്‍ ഇതിനെതിരായി സംഘടിച്ചത്. കഴിഞ്ഞ ആഴ്ച്ച എറണാകുളത്ത് നടന്ന യോഗത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു റ്റി തോമസ് കുടിവെള്ള പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കിയാല്‍ മതിയെന്ന് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കനാല്‍ തുറക്കുന്നത് അനിശ്ചിതമായി നീളുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് ജനങ്ങള്‍ പ്രതിഷേധമായി എത്തിയത്. ഇതേ തുടര്‍ന്ന് ഇന്നലെ രാവിലെ 6 മണിക്ക് കനാല്‍ തുറക്കുകയായിരുന്നു. മൂന്ന് ജില്ലകളിലൂടെ ഒഴുകുന്ന കനാല്‍ പതിനായിരക്കണക്കിന് ആളുകള്‍ക്കാണ് നേരിട്ട് പ്രയോജനപ്പെടുന്നത്. ഇടത്കര കനാല്‍ വഴി ഒരുമീറ്റര്‍ വെള്ളവും വലതുകര വഴി 60 സെന്റീമീറ്റര്‍ വെള്ളവുമാണ് തുറന്ന് വിട്ടിരിക്കുന്നത്. ഡാമിലെ നിലവിലെ ജലനിരപ്പ് 40.5 അടിയാണ്. ഇടതുകര കനാല്‍ പെരുമറ്റം, നെടിയശാല, കോലാനി, മണക്കാട്, അരിക്കുഴ, പണ്ടപ്പിള്ളി വഴി രാമമംഗലത്തിലാണ് പോകുന്നത്. വലതുകര തെക്കുംഭാഗം, ഇടവെട്ടി, പെരുമ്പിള്ളിച്ചിറ, കുമാരമംഗലം, നാഗപ്പുഴ വഴിയാണ് പോകുന്നത്. ഏകദേശം 70 കിലോ മീറ്ററോളം ദൂരമാണ് ഇരു കനാലുകളും ചേര്‍ന്ന് പിന്നിടുന്നത്. ജലനിരപ്പ് കുറവായതിനാല്‍ കനാലിലെ മറ്റിടങ്ങളിലേയ്ക്കുള്ള ഷട്ടറുകള്‍ അടച്ചിട്ടിരിക്കുകയാണ്. വെള്ളം എത്തിയതോടെ ഇരുകരകളിലേയും ജനങ്ങള്‍ കുടിവെള്ള ക്ഷാമം തീരുമെന്ന പ്രതീക്ഷയിലാണ്. തൊടുപുഴ ആറ്റിലേക്കുള്ള ജലത്തിന്റെ അളവില്‍ കുറവുണ്ടാകില്ലെന്നും മഴലഭിക്കുന്നവരെ കുറഞ്ഞ അളവില്‍ മാത്രമെ കനാലില്‍ വെള്ളം വിടാനാകുവെന്നും ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.