ചോമ്പാല്‍ തുറമുഖത്തെ മന്ത്രി അവഗണിച്ചു; പ്രതിഷേധം ശക്തം

Monday 19 June 2017 3:14 pm IST

വടകര: അസൗര്യങ്ങളാല്‍ വീര്‍പ്പ്മുട്ടുന്ന ചോമ്പാല്‍ മത്സ്യബന്ധന തുറമുഖത്തെ ഫിഷറീസ് വകുപ്പും കയ്യൊഴിഞ്ഞതായി ആക്ഷേപം. ജില്ലയിലെ മുഴുവന്‍ തുറമുഖങ്ങളുടെയും പരാധീനതകള്‍ മനസ്സിലാക്കാന്‍ ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ നേതൃത്വത്തില്‍ ഉന്നതല സംഘം കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തിയിരുന്നു. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം മത്സ്യത്തൊഴിലാളികള്‍ക്ക് പ്രയാസം നേരിടുന്ന ചോമ്പാല്‍ തുറമുഖം സന്ദര്‍ശിക്കാന്‍ ഫിഷറീസ് മന്ത്രിയും സംഘവും തയ്യാറായില്ല. ഇതിനെതിരെ പുതിയാപ്പ, വെള്ളയില്‍ അടക്കമുള്ള ജില്ലയിലെ തുറമുഖങ്ങള്‍ സന്ദര്‍ശിച്ച് അവിടുത്തെ പ്രശ്‌നങ്ങള്‍ നേരിട്ട് മന്ത്രിയും സംഘവും മനസ്സിലാക്കിയിരുന്നു. ചളിയും പൂഴിയും നിറഞ്ഞ് മത്സ്യ ബന്ധന ബോട്ടുകള്‍ക്കും, വള്ളങ്ങള്‍ക്കും തുറമുഖത്തേക്ക് കയറാനോ, പുറത്തേക്ക് പോകാനോ കഴിയാതെ നാട്ടംതിരിയുകയാണ് മത്സ്യത്തൊഴിലാളികള്‍. ബോട്ട്ജട്ടിയുടെ അഭാവവും പ്രതിസന്ധി സൃഷ്ടിച്ചിരിക്കയാണ്. ജില്ലയില്‍ ഏറ്റവും അധികം പരാധീനത നിലനില്‍ക്കുന്ന തുറമുഖമായിട്ടുപോലും ഇതിനെ മാറ്റിനിര്‍ത്തിയതില്‍ മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ അമര്‍ഷമുയര്‍ന്നിട്ടുണ്ട്. മറ്റിടങ്ങളില്‍ എംഎല്‍എ മാരടക്കമുള്ള ജനപ്രതിനിധികളുടെ ഇടപെടലാണ് മന്ത്രിയുടെ സന്ദര്‍ശനത്തിന് വഴിതെളിഞ്ഞതെങ്കിലും ചോമ്പാലിന്റെ കാര്യം പറയാന്‍ ജനപ്രതിനിധികള്‍ ഇല്ലെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. ചോമ്പാല്‍ തുറമുഖവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ജനകീയ സമിതിയുടെ യോഗം ചേര്‍ന്നിട്ട് മാസങ്ങള്‍ കഴിഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.