ചെറുവള്ളി എസ്‌റ്റേറ്റ് തൊഴിലാളി സമരം തോട്ടം കൈയേറി ടാപ്പിങ് നടത്തും: ഐക്യ സമരസമിതി

Wednesday 8 February 2017 10:22 pm IST

കോട്ടയം: ചെറുവള്ളി ബിലീവേഴ്‌സ് ചര്‍ച്ച് എസ്‌റ്റേറ്റില്‍ തൊഴിലാളികള്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ അധികൃതരും തോട്ടം മാനേജ്‌മെന്റും തയ്യാറാവാത്തപക്ഷം തോട്ടം കൈയേറി ടാപ്പിങ് നടത്തി ആദായമെടുക്കുമെന്ന് ഐക്യസമര സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളാണ് പ്രതിസന്ധിയ്ക്കിടയാക്കിയത്. കഴിഞ്ഞ വര്‍ഷം വരെ 20 ശതമാനം ബോണസ് നല്‍കിയിരുന്നതാണ്. നവംബര്‍ 30 ന് ബോണസ് പ്രഖ്യാപിക്കേണ്ട മാനേജ്‌മെന്റ് 29 ന് യൂണിയന്‍ ഭാരവാഹികളെ വിളിച്ച് 10 ശതമാനം ബോണസ് മാത്രമേ തരുകയുള്ളൂ എന്നറിയിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കമായത്. കഴിഞ്ഞ ഡിസംബറില്‍ തോട്ടത്തിലെ യൂണിയന്‍ ഭാരവാഹികളെ അറിയിക്കാതെ മുണ്ടക്കയത്തുനിന്നുള്ള യൂണിയന്‍ നേതാക്കളെ കൂട്ടുപിടിച്ചാണ് ബോണസ് സംബന്ധിച്ച് ഏകപക്ഷീയമായി നോട്ടീസ് നല്‍കിയതെന്നും തൊഴിലാളികള്‍ ആരോപിച്ചു. തുടര്‍ന്ന് 10 ശതമാനം ബോണസ് പ്രഖ്യാപിച്ചതിനെതിരേ തൊഴിലാളികള്‍ ചട്ടപ്പടി സമരം ആരംഭിച്ചു. 10 ദിവസം ഈ സമരം തുടര്‍ന്നിട്ടും മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമുണ്ടാവാത്തതിനെത്തുടര്‍ന്ന് തൊഴിലാളികള്‍ ബിലീവേഴ്‌സ് ചര്‍ച്ച് ആസ്ഥാനമായ തിരുവല്ലയിലെ ഓഫിസിലേയ്ക്ക് പോയി. 9 തൊഴിലാളികള്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി. ഡിസംബര്‍ 12 മുതല്‍ തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിന് നോട്ടീസ് നല്‍കി. പോലിസിനെയും യൂണിയന്‍ നേതാക്കളെയും മാനേജ്‌മെന്റ് സ്വാധീനിച്ചതായും തൊഴിലാളികള്‍ ആരോപിച്ചു. സമരത്തിലുള്ള തൊഴിലാളികളെ സമ്മര്‍ദ്ധത്തിലാക്കുന്നതിനായി നിരവധി കേസുകള്‍ ചാര്‍ത്തുകയും തൊഴിലാളികളെ ജയിലിലിട്ട് പീഢിപ്പിക്കുകയും ചെയ്തതായും ഇവര്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ഐക്യസമരസമിതി ഭാരവാഹികളായ കെ എം സലീം, കെഎ ഉത്തമന്‍, എസ് ബിജു, സി ടി മീരാന്‍, പി സി കൃഷ്ണന്‍ കുട്ടി, ഇ ജി മോഹനന്‍, എന്‍ എസ് പ്രഭാകരന്‍, പി എസ് രമണന്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.