ഡോക്ടര്‍ ചമഞ്ഞ് വിവാഹാലോചന: അരക്കോടി തട്ടിയ യുവാവ് പിടിയില്‍

Monday 19 June 2017 2:54 pm IST

പത്തനംതിട്ട: ഡോക്ടര്‍ ചമഞ്ഞ് വിവാഹാലോചന നടത്തി യുവതികളില്‍ നിന്നും അരക്കോടിയോളം രൂപ തട്ടിയെടുത്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പാലോത്ത് പൂവത്തിങ്കല്‍ ഇരുമ്പടശേരില്‍ സുലൈമാന്റെ മകന്‍ മുഹമ്മദ് ഷാഫി (ഡോ. സതീഷ് രാഘവന്‍-30)യെ ആണ് അറസ്റ്റ് ചെയ്തത്. രണ്ടരലക്ഷം നഷ്ടമായ പത്തനംതിട്ട കുലശേഖരപതി സ്വദേശിനി നല്‍കിയ പരാതിയിലാണ് ഷാഫി പിടിയിലായത്. ഷാഫിയെ തന്ത്രപൂര്‍വം ഇവിടേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്. തട്ടിപ്പു നടത്തിയ പണം കൊണ്ട് ആഡംബര ജീവിതം നയിച്ചിരുന്ന ഇയാള്‍ പോലീസിന്റെ പിടിയിലാകുമ്പോള്‍ കൈവശം മൂന്നര ലക്ഷം രൂപ, ആപ്പിളിന്റേതടക്കം നാലു മൊബൈല്‍ ഫോണുകള്‍, വിവിധ കമ്പനിയുടെ 17 സിം കാര്‍ഡുകള്‍, ക്യാമറ, വിവിധ ആശുപത്രികളുടെ ഓഫറിങ് ലെറ്ററുകള്‍, സീലുകള്‍, വിലകൂടിയ രണ്ടു വാച്ച്, സുഗന്ധദ്രവ്യങ്ങള്‍, വിലയേറിയ തുണിത്തരങ്ങള്‍, രണ്ടു പവന്‍ സ്വര്‍ണാഭരണം എന്നിവയുണ്ടായിരുന്നു. എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തിയ മുഹമ്മദ് ഷാഫി എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് അടക്കം വ്യാജമായി നിര്‍മിച്ചുവെന്ന് പോലീസ് പറഞ്ഞു. അതീവ ബുദ്ധിശാലിയായ ഇയാള്‍ എല്ലാ നീക്കങ്ങളും നടത്തിയത് വ്യാജപ്പേരിലായിരുന്നു. ദുബായിലെ സ്വകാര്യ ആശുപത്രിയില്‍ കാര്‍ഡിയാക് ട്രാന്‍സ്പ്ലാന്റ് സര്‍ജന്‍ ആണെന്നാണ് ഇയാള്‍ പരിചയപ്പെടുത്തിയിരുന്നത്. ഡോ. സതീഷ് മേനോന്‍ എന്ന പ്രൊഫൈലുണ്ടാക്കി വിവാഹ സൈറ്റില്‍ കയറി പെയ്ഡ് രജിസ്‌ട്രേഷന്‍ നടത്തിയായിരുന്നു തട്ടിപ്പ്. ബിഎസ്‌സി നഴ്‌സിങ് കഴിഞ്ഞ യുവതികളുടെ പ്രൊഫൈലുകളിലേക്ക് ഇയാള്‍ താത്പര്യം അറിയിച്ചു കൊണ്ട് റിക്വസ്റ്റ് അയയ്ക്കും. പെണ്‍കുട്ടിയും അവരുടെ ബന്ധുക്കളുമായി സൗഹൃദം സ്ഥാപിക്കുകയാണ് അടുത്ത പടി. തന്റെ ആശുപത്രിയില്‍ ജോലി ഒഴിവുണ്ടെന്നും അവര്‍ക്ക് വേണമെങ്കില്‍ വാങ്ങിക്കൊടുക്കാമെന്നും പറഞ്ഞ് അവരുമായി ബന്ധം സ്ഥാപിക്കും. കോട്ടും സൂട്ടുമണിഞ്ഞ് ഹിന്ദിയും ഇംഗ്ലീഷും ഇടകലര്‍ത്തി മിതമായി മാത്രം സംസാരിക്കുന്ന മുഹമ്മദ് ഷാഫിയെ കണ്ണുമടച്ച് വിശ്വസിക്കുകയാണ് യുവതികള്‍ ചെയ്തത്. സ്വന്തം അക്കൗണ്ടിലേക്ക് ഒരിക്കലും ഇയാള്‍ തട്ടിപ്പു നടത്തിയ പണം ഇട്ടിരുന്നില്ല. പരിചയപ്പെടുന്ന പെണ്‍കുട്ടികളുടെ പേരില്‍ അക്കൗണ്ടും എടിഎം കാര്‍ഡും മൊബൈല്‍ഫോണ്‍ സിം കാര്‍ഡും എടുക്കും. ഇതെല്ലാം മുഹമ്മദ് ഷാഫിയാണ് ഉപയോഗിക്കുന്നത്. ഇയാള്‍ക്ക് ഭാര്യയും രണ്ടു കുട്ടികളുമുണ്ടെന്ന് പോലീസ് പറഞ്ഞു. ഇതുവരെ 12 പരാതികളാണ് മുഹമ്മദ് ഷാഫിക്കെതിരേ വന്നിട്ടുള്ളത്. ഇതില്‍ നാലെണ്ണം എറണാകുളത്തും ഒരെണ്ണം പത്തനംതിട്ടയിലും ശേഷിച്ചത് പുത്തൂര്‍, തൊടുപുഴ ഭാഗങ്ങളിലുമാണ്. സുഹൃത്തുക്കളായിരുന്ന നഴ്‌സുമാര്‍ പരസ്പരം തങ്ങള്‍ക്ക് വന്ന വിവാഹാലോചനയെപ്പറ്റി പറയുകയും വിസിറ്റിങ് കാര്‍ഡ് കാണിക്കുകയും ചെയ്തപ്പോഴാണ് തട്ടിപ്പ് മനസിലായത്. ഷാഫിയുടെ തട്ടിപ്പ് മനസിലാക്കിയ പെണ്‍കുട്ടികള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പത്തനംതിട്ട ഡിവൈഎസ്പി കെ.എ. വിദ്യാധരന്‍, സിഐ എ.എസ്. സുരേഷ്‌കുമാര്‍, എസ്‌ഐ പുഷ്പകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഷാഫിയെ അറസ്റ്റ് ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.