ശാര്‍ക്കര പൊങ്കാല 13 ന് കാളിയൂട്ട് മഹോത്സവത്തിന് ഇന്ന് കുറികുറിക്കും

Wednesday 8 February 2017 10:29 pm IST

ചിറയിന്‍കീഴ്: ശാര്‍ക്കര ദേവീക്ഷേത്രത്തിലെ കാളിയൂട്ടിന് ഇന്നു രാവിലെ എട്ടിനും എട്ടരയ്ക്കും ഇടയ്ക്ക് കുറികുറിക്കും. പൊങ്കാല 13 ന് നടക്കും. 16ന് മുടിയുഴിച്ചിലും 17 ന് നിലത്തില്‍പ്പോരും ദാരികനിഗ്രഹവും നടക്കും. ഉത്സവം ഒമ്പതു ദിവസം നീണ്ടുനില്‍ക്കും. ആദ്യത്തെ ഏഴുദിവസത്തെ ആചാരാനുഷ്ഠാനങ്ങള്‍ ക്ഷേത്രമതില്‍ക്കെട്ടിനകത്താണ് നടക്കുക. മുടിയുഴിച്ചിലും നിലത്തില്‍പ്പോരും ദാരികനിഗ്രഹവും ക്ഷേത്ര മതില്‍ക്കെട്ടിന് പുറത്ത് അരങ്ങേറും. തെക്കുനിന്നും വടക്കുനിന്നും ദേവിമാര്‍ ഭക്തരെ അനുഗ്രഹിക്കാന്‍ പുറപ്പെടുന്നതാണ് മുടിയുഴിച്ചില്‍. 17ന് കാളിയൂട്ട് മഹോത്സവത്തിന് പരിസമാപ്തി കുറിച്ച് നിലത്തില്‍പ്പോരും ദാരികനിഗ്രഹവും ക്ഷേത്രമൈതാനിയില്‍ നടക്കും. രണ്ടു പറണുകള്‍ സ്ഥാപിക്കും. തുടര്‍ന്ന് കാളിയും ദാരികനുമായി നടക്കുന്ന പോരിനെ നിലത്തില്‍പ്പോരെന്നും ദാരികനെ പ്രതീകാത്മികമായി കുലവാഴ വെട്ടി നിഗ്രഹിക്കുന്നതിനെ ദാരികനിഗ്രഹം എന്നും പറയും. പതിനായിരക്കണക്കിന് ഭക്തജനങ്ങള്‍ പങ്കെടുക്കുന്ന പൊങ്കാല വിജയിപ്പിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുന്നതിന് വിവിധ വകുപ്പ് മേധാവികളുടെയും ജനപ്രതിനിധികളുടെയും രാഷ്ട്രീയ സംഘടനാ പ്രതിനിധികളുടെയും ആലോചനായോഗം ചിറയിന്‍കീഴ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്നു. ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. സുഭാഷ് ഉദ്ഘാടനം ചെയ്തു. ചിറയിന്‍കീഴ് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഡീന, എം.വി. കനകദാസ്, ദേവസ്വം ബോര്‍ഡ് അധികൃതര്‍, പോലീസ് അധികൃതര്‍, ക്ഷേത്രോപദേശകസമിതി ഭാരവാഹികള്‍ എന്നിവര്‍ പങ്കടുത്തു. പൊങ്കാലയിടുന്ന പരിസരം പ്ലാസ്റ്റിക് രഹിതമാക്കുന്നതിന് തീരുമാനിച്ചു. ജലലഭ്യത ഉറപ്പുവരുത്താന്‍ ജലഅതോറിറ്റിയോടും ക്രമസമാധാനപാലനത്തിന് കൂടുതല്‍ പോലീസിനെ വിന്യസിക്കകാന്‍ പോലീസ് അധികാരികളോടും ആവശ്യപ്പെട്ടു. പൊങ്കാലയില്‍ പങ്കെടുക്കുന്ന ഭക്തജനങ്ങള്‍ക്ക് ശീതള പാനീയങ്ങള്‍, ലഘുഭക്ഷണം, മെഡിക്കല്‍ ക്യാമ്പ് എന്നീ സേവനങ്ങള്‍ ലഭ്യമാക്കും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.