ഹൈക്കോടതി ജഡ്ജിക്കെതിരെ സുപ്രീംകോടതിയുടെ കോടതിയലക്ഷ്യ നടപടി

Monday 19 June 2017 12:34 pm IST

ജസ്റ്റിസ് സി.എസ്. കര്‍ണന്‍

ന്യൂദല്‍ഹി: ചരിത്രത്തിലാദ്യമായി സുപ്രീം കോടതി ഒരു ഹൈക്കോടതി സിറ്റിങ് ജഡ്ജിക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടി തുടങ്ങി. കൊല്‍ക്കത്ത ഹൈക്കോടതിയിലെ ജസ്റ്റിസ് സി.എസ്. കര്‍ണനെതിരേയാണ് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹര്‍ ഉള്‍പ്പെട്ട ഏഴംഗ ബഞ്ച് നടപടി തുടങ്ങിയത്. കര്‍ണന്റെ എല്ലാ ജുഷീഡ്യല്‍ അധികാരങ്ങളും എടുത്തു കളഞ്ഞു.

ജുഡീഷ്യല്‍ അധികാരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും കൈയിലുള്ള എല്ലാ ഫയലുകളും ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിനെ എല്‍പ്പിക്കണമെന്നും ജസ്റ്റിസ് കര്‍ണനോട് കോടതി ആവശ്യപ്പെട്ടു. ഈ മാസം 13 നു കേസ് വീണ്ടും പരിഗണിക്കും. അന്ന് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ജസ്റ്റിസ് കര്‍ണന് നോട്ടീസ് അയയ്ക്കാനും ജസ്റ്റിസുമാരായ ദീപക് മിശ്ര, ചെലമേശ്വര്‍, ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, എം.ബി. ലോക്കുര്‍, കുര്യന്‍ ജോസഫ്, പി.സി. ഗോസ് എന്നിവരുള്‍പ്പെട്ട ബെഞ്ച് നിര്‍ദേശിച്ചു.

ജുഡീഷ്യറിയുമായി ബന്ധപ്പെട്ട ജോലികളില്‍ നിന്ന് കര്‍ണനെ മാറ്റി നിര്‍ത്തണമെന്ന് അറ്റോണി ജനറല്‍ മുകുള്‍ റോത്തഗി കോടതിയോട് ആവശ്യപ്പെട്ടു. മദ്രാസ് ഹൈക്കോടതിയില്‍ നിന്നാണ് ജസ്റ്റിസ് കര്‍ണന്‍ കൊല്‍ക്കത്ത ഹൈക്കോടതിയിലെത്തിയത്. മദ്രാസ് ഹൈക്കോടതിയില്‍ തുടരുമ്പോള്‍ ഒട്ടെറെ വിവാദ ഉത്തരവുകള്‍ പുറപ്പെടുവിച്ചു. സുപ്രീം കോടതി കോളീജിയം സ്ഥലം മാറ്റിയെങ്കിലും ഈ ഉത്തരവ് ഇദ്ദേഹം തന്നെ സ്‌റ്റേ ചെയ്തു. പിന്നാലെ, സുപ്രീം കോടതി ചീഫ് ജസ്റ്റിസിനോട് വിശദീകരണവും തേടി.

തുടര്‍ന്ന് ജുഡീഷ്യല്‍ ഉത്തരവു പുറപ്പെടുവിക്കുന്നതില്‍ നിന്ന് കര്‍ണനെ വിലക്കി. പിന്നീടാണ് കൊല്‍ക്കത്തിയിലേക്ക് സ്ഥലം മാറ്റിയത്. ജുഡീഷ്യറിയില്‍ വന്‍ അഴിമതിയെന്ന് കാണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയിരുന്നു. സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും അഴിമതിക്കാരായ ഇരുപതു ജഡ്ജിമാരുടെ പേരു വിവരങ്ങളും കത്തിനൊപ്പം പ്രധാമന്ത്രിക്ക് അയച്ചു കൊടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.