എംടിക്കുള്ളതും കമലിനില്ലാത്തതും

Monday 19 June 2017 2:38 pm IST

മലയാളത്തില്‍, ഇന്നു ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും മഹാനായ എഴുത്തുകാരനാണ് എം.ടി. വാസുദേവന്‍ നായര്‍. നോവല്‍ - ചെറുകഥാ സാഹിത്യത്തിലൂടെയും, മൂല്യമുള്ള സിനിമകളുടെ തിരക്കഥകളിലൂടെയും എം.ടി. മലയാളികളുടെ മനസ്സില്‍ നേടിയെടുത്ത ഉന്നത ജ്ഞാനപീഠം, മറ്റേതൊരു പുരസ്‌കാരത്തേക്കാളും മുകളിലുമാണ്. രണ്ടാമൂഴവും മഞ്ഞും നാലുകെട്ടും അസുരവിത്തും അറബിപ്പൊന്നും വാരാണസിയും പോലുള്ള നോവലുകളിലൂടെയും, ഇരുട്ടിന്റെ ആത്മാവ്, ഓളവും തീരവും, കുട്ട്യേടത്തി, നിന്റെ ഓര്‍മ്മയ്ക്ക് പോലുള്ള കഥകളിലൂടെയും, കാഥികന്റെ കല, കാഥികന്റെ പണിപ്പുര തുടങ്ങിയ പ്രബന്ധങ്ങളിലൂടെയും, മുറപ്പെണ്ണ്, വൈശാലി, പെരുന്തച്ചന്‍, ഒരു വടക്കന്‍ വീരഗാഥ, പഴശ്ശിരാജ പോലുള്ള തിരക്കഥകളിലൂടെയും കേരളീയമനസ്സില്‍ എം.ടി. വാസുദേവന്‍ നായര്‍ എന്ന എഴുത്തുകാരന്‍ സൃഷ്ടിച്ചെടുത്ത ആസ്വാദനനിലവാരം വളരെ വലുതാണ്. ദേശീയ അവാര്‍ഡുകള്‍ നേടിയ നിര്‍മ്മാല്യം, കടവ്, ഒരു വടക്കന്‍ വീരഗാഥ, സദയം, പരിണയം തുടങ്ങിയ ചലച്ചിത്രങ്ങളും, സംസ്ഥാന ബഹുമതികള്‍ ലഭിച്ച അമൃതംഗമയ, പെരുന്തച്ചന്‍, സുകൃതം, തീര്‍ത്ഥാടനം തുടങ്ങിയ സിനിമകളും മലയാളിയുടെ മനസ്സില്‍ എന്നും നിറഞ്ഞുനില്‍ക്കുന്നവയുമാണ്. പക്ഷെ, ഖേദകരമായ ഒരു വസ്തുത, ഇപ്പോള്‍, കേരളത്തില്‍ വിലകുറഞ്ഞ രാഷ്ട്രീയലാഭത്തിനായി ഈ മഹാനായ എഴുത്തുകാരന്റെ പേര് വലിച്ചിഴക്കപ്പടുന്നുവെന്നതാണ്. പക്ഷംചേര്‍ന്നുള്ള കൊത്തിവലിക്കലുകള്‍ക്ക് എം.ടി. എന്ന എഴുത്തുകാരനെ വിധേയരാക്കുന്നവരുടെ ഉദ്ദേശ്യം തീര്‍ച്ചയായും മലയാള ഭാഷയോടുള്ള സ്‌നേഹമോ, എഴുത്തുകാരന്റെ ആവിഷ്‌കാരസ്വാതന്ത്ര്യത്തോടുള്ള പ്രതിപത്തിയോ ഒന്നുമല്ലെന്നും, പച്ചയായ രാഷ്ട്രീയം മാത്രമാണെന്നും ഏതൊരാള്‍ക്കും മനസ്സിലാവുകയും ചെയ്യും. ഈ കൊത്തിവലിക്കലുകളില്‍ മുന്നിട്ടുനില്‍ക്കുന്നവര്‍ ദേശീയതയെയും ദേശീയഗാനത്തേയും പരസ്യമായി അധിക്ഷേപിക്കുകയും, ദേശീയഗാനം പാടുമ്പോള്‍ ബഹുമാനം നല്‍കേണ്ടതില്ല എന്ന വാദവുമായി കോടതികയറാന്‍ തയ്യാറായവരും, തങ്ങള്‍ക്കിഷ്ടമില്ലാത്ത ആവിഷ്‌കാരങ്ങളെ ആയുധംകൊണ്ട് നേരിടുന്നവരുടെ നേതാക്കളുമൊക്കെയാണ് എന്നത് ഈ രാഷ്ട്രീയ ദുഷ്ടലാക്കിനെ പരസ്യമാക്കുന്നവയാണ്. ടി.പി. ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടപ്പോള്‍ കൊലപാതകരാഷ്ട്രീയത്തിനെതിരെ കേരളത്തിലുണ്ടായ പ്രതിഷേധങ്ങളുടെ ഭാഗമായി എഴുത്തുകാര്‍ പ്രതിരോധമുയര്‍ത്തിയപ്പോള്‍ അവരെ വെട്ടുകവികള്‍ എന്ന് അധിക്ഷേപിച്ച് ആക്രമിച്ചവരാണ് ഇപ്പോള്‍ എംടിയുടെ സംരക്ഷകരായി വേഷമിടുന്നവര്‍. ഭാരത പ്രധാനമന്ത്രിയുടെ നിലപാടുകളെ പിന്തുണച്ചുവെന്ന ഒറ്റക്കാരണത്താല്‍ മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ ആക്രമിക്കപ്പെട്ട സാഹചര്യം നമ്മുടെ മുന്നില്‍നിന്നും മാഞ്ഞിട്ടില്ല. സൈനികരുടെ ത്യാഗങ്ങളും ദേശീയതയും സിനിമകളില്‍ പ്രമേയമാക്കിയെന്ന കുറ്റത്തിന് മേജര്‍ രവിയെന്ന സംവിധാകനുനേരെ നടക്കുന്ന അധിക്ഷേപങ്ങളും ഇന്നും നിറഞ്ഞുനില്‍ക്കുന്നവതന്നെയാണ്. രാജ്യസഭാ എം.പി.യായി നോമിനേറ്റ് ചെയ്യപ്പെട്ടുവെന്ന കാരണത്താല്‍ സുരേഷ് ഗോപി എന്ന നടന്‍ എത്രമാത്രം ആക്രമണങ്ങള്‍ക്ക് വിധേയമാക്കപ്പെടുന്നുവെന്നതും നമ്മുടെ മുന്നിലുള്ള കാഴ്ചയാണ്. ഒരു കഥയില്‍ മുസ്ലിം പേര് കഥാപാത്രത്തിനുനല്‍കി എന്നപേരില്‍ സന്തോഷ് ഏച്ചിക്കാനം എന്ന എഴുത്തുകാരനും, അദ്ദേഹത്തെ പിന്തുണച്ചുവെന്നപേരില്‍ ബെന്യാമിന്‍ എന്ന നോവലിസ്റ്റും വിചാരണചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാഴ്ചയും നമ്മുടെ മുന്നിലുണ്ട്. എഴുത്തുകാരന്‍ സക്കറിയയെ പ്രസംഗവേദിയില്‍ കയറി ആക്രമിച്ചതും, പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠനെ മര്‍ദ്ദിച്ചതും, ജിംഷാര്‍ എന്ന കഥാകൃത്ത് തെരുവില്‍ ആക്രമിക്കപ്പെട്ടതും നമ്മുടെ മുന്നിലുണ്ട്. ഇവ മാത്രമല്ല, തങ്ങളുടെ പക്ഷത്തുനില്‍ക്കാത്തതിനും എഴുത്തുകാരെയും കലാകാരന്‍മാരെയും ആക്രമിച്ച് മൂലയ്ക്കിരുത്തിയ നിരവധി സന്ദര്‍ഭങ്ങള്‍ കേരളത്തില്‍ നടന്നിട്ടുണ്ട്. മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരിടീച്ചറെയും, പ്രിയ നോവലിസ്റ്റ് സി. രാധാകൃഷ്ണനെയും സവര്‍ണ്ണ ഫാസിസ്റ്റുകള്‍ എന്ന് കേരള സാഹിത്യ അക്കാദമി ഹാളില്‍ നടന്ന പരിപാടിയില്‍ വിളിച്ചധിക്ഷേപിച്ചത് അവര്‍ ഇടതുപക്ഷക്കാരോടൊപ്പം നില്‍ക്കുന്നില്ല എന്ന പേരുപറഞ്ഞാണ്. ഈ പശ്ചാത്തലത്തിലാണ് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍ കോഴിക്കോട് നടന്ന പരിപാടിയില്‍ ഒരു പ്രസ്താവന നടത്തിയത്. നിര്‍മ്മാല്യം സിനിമയിറങ്ങിയ കാലത്തും, രണ്ടാമൂഴം എന്ന നോവലില്‍ ഭീമന്‍ അടക്കം പഞ്ചപാണ്ഡവരെ മനുഷ്യരാക്കി ചിത്രീകരിച്ചസമയത്തും പ്രതികരിക്കാന്‍ കഴിയാതെപോയതിന്റെ പേരിലുള്ള പ്രതികാരം പ്രധാനമന്ത്രിക്കെതിരെ പ്രസംഗിച്ചുവെന്നതിന്റെ പേരില്‍ തീര്‍ക്കുകയാണ് എന്നതായിരുന്നു ഗൂഢോദ്ദേശ്യങ്ങളോടെയുള്ള ആ പ്രസ്താവന. നിര്‍മ്മാല്യം എന്ന സിനിമ ആക്രമിക്കപ്പെടണമായിരുന്നുവെന്നാണോ കമലും, കൂട്ടരും ആഗ്രഹിച്ചത്? പാണ്ഡവരെ കഥാപാത്രമാക്കിയതിന്റെ പേരില്‍ രണ്ടാമൂഴം ആക്രമിക്കപ്പെടണമായിരുന്നുവെന്നാണോ ഇത്രയും കാലം എംടിയെ സവര്‍ണ്ണ എഴുത്തുകാരന്‍ എന്നധിക്ഷേപിച്ചുനടന്നവരും, ഇപ്പോള്‍ ആട്ടിന്‍തോലണിഞ്ഞ ചെന്നായ്ക്കളെപ്പോലെ എംടിയെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കാനും ശ്രമിക്കുന്നവര്‍ ആഗ്രഹിച്ചത്? എഴുത്തുകാരനെ ആക്രമിച്ചും ഭീഷണിപ്പെടുത്തിയും അധിക്ഷേപിച്ചും വശത്താക്കുകയോ മൂലയ്ക്കിരുത്തുകയോ ചെയ്തുശീലമുള്ളവരുടെ ഉദ്ദേശ്യം അതുതന്നെയായിരിക്കുമെന്നതില്‍ സംശയമില്ല. എം.ടി. വാസുദേവന്‍നായര്‍ എന്ന എഴുത്തുകാരന് ഉള്ളതും, സംവിധായകന്‍ കമല്‍ എന്ന ചലച്ചിത്ര അക്കാദമി ചെയര്‍മാന് ഇല്ലാതെപോയതുമായ വിവേകമാണ് കമലിന്റെ മനഃപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുക എന്ന ഗൂഢോദ്ദേശ്യത്തിലൂടെ വെളിവായിരിക്കുന്നത്. ഇന്ത്യന്‍ സാമ്പത്തികരംഗത്ത് നിലനിലവിലുണ്ടായിരുന്ന മാലിന്യങ്ങളെ തുടച്ചുനീക്കുകയെന്നയെന്നതും, രാജ്യത്തിന്റെ സമ്പദ്ഘടനയെ മെച്ചപ്പെടുത്തുകയെന്നതും, അഴിമതിക്കും കള്ളപ്പണത്തിനും കൂച്ചുവിലങ്ങിടുകയെന്നതും, ഭീകരവാദത്തെയും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെയും ചെറുക്കുകയെന്നതുമായ ഉദ്ദേശ്യങ്ങളോടെ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്‌കരണത്തിന്റെ ഭാഗമായി നോട്ടുപിന്‍വലിക്കല്‍ പോലുള്ള ഒരു ധീരമായ നടപടി സ്വാഭാവികമായും ഹൃസ്വകാലത്തേക്ക് രാജ്യത്തെ ജനങ്ങള്‍ക്ക് നേരിട്ട ബുദ്ധിമുട്ടുകളുടെ പേരില്‍ വിമര്‍ശിക്കപ്പെട്ടു. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പരിഷ്‌കരണശ്രമങ്ങളുടെ ഭാഗമാണെന്നതുകൊണ്ടും, ഭാവിയില്‍ ഗുണംചെയ്യുമെന്നതുകൊണ്ടും സാമ്പത്തികവിദഗ്ദര്‍ ഉള്‍പ്പെടെയുള്ളവര്‍ ഡിമോണിറ്റൈസേഷന്‍ നടപടികളെ ശ്ലാഘിക്കുകയുണ്ടായി. ഇതേക്കുറിച്ച് എം.ടി. വാസുദേവന്‍നായര്‍ അഭിപ്രായം പ്രകടിപ്പിച്ചപ്പോള്‍, അതൊരു രാഷ്ട്രീയമായ അഭിപ്രായപ്രകടനമായതുകൊണ്ടുതന്നെ, എ.എന്‍. രാധാകൃഷ്ണനെപ്പോലെയുള്ള രാഷ്ട്രീയ നേതാക്കള്‍ അവരുടെ അഭിപ്രായം പറഞ്ഞു. വ്യത്യസ്തമായ അഭിപ്രായം രേഖപ്പെടുത്തല്‍ ഒരിക്കലും എം.ടി. എന്ന എഴുത്തുകാരനോടുള്ള അനാദരവല്ലെന്നും, അദ്ദേഹത്തിന്റെ കൃതികളോടുള്ള അനാദരവല്ലെന്നും മനസ്സിലാക്കാനുള്ള വിവേകം പാവം കമലിനില്ലാതെപോയി എന്നത് അദ്ദേഹം വഹിക്കുന്ന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തിനുപോലും നാണക്കേടാണെന്ന് പറയാതെവയ്യ. എഴുത്തുകാരന്‍ അഭിപ്രായപ്രകടനം നടത്തുമ്പോള്‍, അത് രാഷ്ട്രീയ അഭിപ്രായപ്രകടനമാകുമ്പോള്‍ സ്വാഭാവികമായും വിമര്‍ശിക്കപ്പെടാനുള്ള അവകാശവും നിലനില്‍ക്കുന്നുണ്ട്. ഈയൊരു അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തെ എം.ടി. വാസുദേവന്‍നായര്‍ എന്ന മഹാനായ എഴുത്തുകാരന്‍ മാനിക്കുന്നുമുണ്ട് എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. പക്ഷെ, അതിന്റെപേരില്‍ എഴുത്തുകാരന്റെ കൃതികളെയും, ആവിഷ്‌കാരങ്ങളെയും വിമര്‍ശിച്ചുവെന്ന മിഥ്യാബോധം സൃഷ്ടിച്ചെടുത്ത്, എഴുത്തുകാരന്റെ രചനകളെ വിവാദത്തിലേക്ക് വലിച്ചിഴച്ച് അപമാനിക്കാന്‍ ശ്രമിക്കുകയാണ് കമല്‍ ഉള്‍പ്പെടെയുള്ള ആട്ടിന്‍തോലണിഞ്ഞവര്‍ ഇപ്പോള്‍ ചെയ്യുന്നത്. രാഷ്ട്രീയപരമായ ഉദ്ദേശ്യങ്ങളോടെത്തന്നെ നമ്മുടെ മുഖ്യമന്ത്രിയും അതിന് കുടപിടിക്കുകയും ചെയ്തു. കമലിനും കൂട്ടര്‍ക്കും രാഷ്ട്രീയ ഉദ്ദേശ്യങ്ങളാവാം. വിവേകശൂന്യമായി പെരുമാറുകയും പ്രവര്‍ത്തിക്കുകയും ചെയ്യാം. അത് അവരുടെ ആവിഷ്‌കാരസ്വാതന്ത്ര്യമായിക്കണ്ടുതന്നെ മാനിക്കുന്നു. പക്ഷെ, മഹാനായ ഒരു എഴുത്തുകാരന്റെ സൃഷ്ടികളെ വിവാദത്തിലേക്ക് വലിച്ചിഴച്ചും, ആക്രമണവിധേയമാവേണ്ടവയായിരുന്നുവെന്ന് പ്രഖ്യാപിച്ചും, അവയില്‍ രാഷ്ട്രീയവും മതമൗലികവാദവും കലര്‍ത്താന്‍ ശ്രമിച്ച് അപമാനിക്കുകയും ചെയ്യുന്നത് പ്രതിഷേധാര്‍ഹമാണ്. കേവല രാഷ്ട്രീയലക്ഷ്യത്തിനുവേണ്ടി സാഹിത്യകാരന്റെ സൃഷ്ടികളെ അപമാനിക്കാതിരിക്കാനുള്ള വിവേകമെങ്കിലും ഇവര്‍ കാണിക്കണമെന്ന് ആഗ്രഹിക്കുന്നു. ഇത് കേരളത്തിന്റെ സാംസ്‌കാരികബോധത്തിന്റെയും, സാംസ്‌കാരികമണ്ഡലത്തിന്റെയും ആഗ്രഹമാണെന്ന് ഇവര്‍ മനസ്സിലാക്കിയിരുന്നാല്‍ നല്ലത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.