മതപരിവര്‍ത്തന ശ്രമങ്ങളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നു: കെ.പി ശശികല

Sunday 20 May 2012 9:38 am IST

കോട്ടയം: സംഘടിത മതസമൂഹങ്ങളും പുത്തന്‍ സഭകളും നടത്തുന്ന മതപരിവര്‍ത്തന ശ്രമങ്ങളെ സംസ്ഥാന സര്‍ക്കാരും ജില്ലാ താലൂക്ക്‌ ഭരണകൂടങ്ങളും പ്രോത്സാഹിപ്പിക്കുകയാണെന്ന്‌ ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല പറഞ്ഞു.
സാമൂഹ്യനീതി നിഷേധത്തിനും, മതവിവേചനത്തിനും എതിരെ ഹിന്ദുഐക്യവേദിയുടെയും, സാമൂഹ്യനീതി കര്‍മ്മ സമിതിയുടെയും നേതൃത്വത്തില്‍ കാസര്‍കോട്‌ നിന്നാരംഭിച്ച സാമൂഹ്യനീതി ജാഥയ്ക്ക്‌ കോട്ടയം പോലീസ്‌ സ്റ്റേഷന്‍ മൈതാനിയില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു ശശികല ടീച്ചര്‍. കോട്ടയം നഗര വികസനത്തിന്‌ മാറ്റി വച്ച ഭൂമിയില്‍ അനധികൃതമായി നിര്‍മ്മിച്ച പ്രാര്‍ത്ഥനാ കേന്ദ്രത്തിന്‌ മൗനാനുവാദം നല്‍കുകയും പിന്നീട്‌ സകല നിയമങ്ങളെയും കാറ്റില്‍പറത്തി താല്‍ക്കാലിക അനുമതി നല്‍കുന്നതും കോട്ടയം നഗരസഭയാണ്‌.
എതിര്‍പ്പുകളെയും നിയമോപദേശങ്ങളെയും അവഗണിച്ച്‌ നഗരസഭ വഴിവിട്ട സഹായമാണ്‌ ചെയ്തു നല്‍കുന്നത്‌. ആയിരക്കണക്കിന്‌ ഹിന്ദുക്കളെ മതപരിവര്‍ത്തനത്തിന്‌ വിധേയമാക്കാന്‍ മതേതര രാഷ്ട്രീയക്കാര്‍ നേതൃത്വം നല്‍കുന്ന ഭരണസംവിധാനമാണ്‌ അനുമതി നല്‍കുന്നത്‌ എന്നത്‌ വിരോധാഭാസമാണെന്ന്‌ ശശികല ടീച്ചര്‍ പറഞ്ഞു.
സാമൂഹ്യനീതി ജാഥയോടനുബന്ധിച്ച്‌ നടന്ന സ്വീകരണ സമ്മേളനത്തിന്‌ മുന്നോടിയായി ബ്രാഹ്മണസമൂഹമഠം ഹാളില്‍ സാമൂഹ്യനീതി സംഗമം നടന്നു. സാമൂഹ്യനീതി സംഗമത്തില്‍ ഹിന്ദുസമൂഹം നേരിടുന്ന വെല്ലുവിളികള്‍ സംബന്ധിച്ച്‌ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്‌ ബിജു വിഷയാവതരണം നടത്തി.
സമുദായ നേതാക്കള്‍ സംസാരിച്ചു. സമാപന പ്രസംഗം ഹിന്ദുഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ നടത്തി. സാമൂഹ്യനീതി ജാഥ സ്വീകരണ സമ്മേളനം അഖിലകേരള വിളക്കിത്തല നായര്‍ സമാജം സംസ്ഥാന അധ്യക്ഷന്‍ അഡ്വ. കെ.ആര്‍. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ അഖില കേരള പുലയര്‍ മഹാസഭ സംസ്ഥാന പ്രസിഡന്റ്‌ തമ്പി പട്ടശ്ശേരി അധ്യക്ഷതവഹിച്ചു. ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം, കേരളാ ചേരമര്‍ സര്‍വ്വീസ്‌ സൊസൈറ്റി ജനറല്‍ സെക്രട്ടറി കെ.ടി ഭാസ്കരന്‍ എന്നിവര്‍ സംസാരിച്ചു. ഹിന്ദുഐക്യവേദി ജില്ലാ പ്രസിഡന്റ്‌ പി.സി സുരേന്ദ്രദാസ്‌ അധ്യക്ഷതവഹിച്ച യോഗത്തില്‍ ജില്ലാ സംഘടനാ സെക്രട്ടറി എം.വി ഉണ്ണികൃഷ്ണന്‍ സ്വാഗതവും ജില്ലാ ജനറല്‍ സെക്രട്ടറി കെ.ജി ശ്രീകാന്ത്‌ നന്ദിയും പറഞ്ഞു.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.