നിയമ വിരുദ്ധമായി പെര്‍മിറ്റ് അനുവദിക്കുന്നുവെന്നാരോപിച്ച് ബസ്സുടമകള്‍ ആര്‍ടിഒവിനെ ഉപരോധിച്ചു

Thursday 9 February 2017 6:05 pm IST

കണ്ണൂര്‍: നിയമവിരുദ്ധമായി പെര്‍മിറ്റ് അനുവദിക്കുന്നുവെന്നാരോപിച്ച് ബസ്സുടമകള്‍ ആര്‍ടിഒവിനെ ഉപരോധിച്ചു. ഇന്നലെ രാവിലെ 10 മണിയോടെ കണ്ണൂര്‍ ജോയിന്റ് ആര്‍ടിഒ ഉമ്മറിനെയാണ് ബസ്സുടമകള്‍ പ്രതിഷേധവുമായി എത്തി ഉപരോധിച്ചത്. രാജ്കുമാര്‍ കരുവാരത്ത്,എം.വി.വത്സലന്‍ തുടങ്ങിയവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി. ഒരേ റൂട്ടില്‍ ഒരേ സമയം സ്വകാര്യ ബസ്സുകള്‍ക്ക് സ്ഥിരമായും താല്‍ക്കാലികമായും പെര്‍മിറ്റുകള്‍ നല്‍കുന്നുവെന്നാരോപിച്ചാണ് പ്രതിഷേധ സമരം നടത്തിയത്. തലശ്ശേരി-ഇടുമ്പ റൂട്ടില്‍ കഴിഞ്ഞ ദിവസം മുതല്‍ നിലവിലുളള ബസ്സിന്റെ അതേസമയത്ത് മറ്റൊരു ബസ്സിന് പെര്‍മിററ് നല്‍കിയെന്നും ഇത് റദ്ദ് ചെയ്യണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. സമരക്കാരുടെ ആവശ്യം ആര്‍ടിഒ അംഗീകരിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിച്ചത്. പുതിയ പെര്‍മിറ്റ് അനുവദിക്കുമ്പോള്‍ ടൈം മീറ്റിങ് ഉള്‍പ്പെടെ ചേര്‍ന്ന് മാത്രമേ പെര്‍മിറ്റ് അനുവദിക്കാവൂയെന്ന നിയമം മറികടന്ന് വ്യാപകമായി സ്ഥിരമായും താല്‍ക്കാലികമായും പെര്‍മിറ്റുകള്‍ അനുവദിക്കുകയാണെന്ന് ബസ്സുടമ സംഘടനാ നേതാക്കള്‍ ആരോപിച്ചു. ടൗണ്‍ എസ്‌ഐ എ.കുട്ടികൃഷ്ണന്റെ നേതൃത്വത്തിലുളള പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.