നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷം മിന്നല്‍ പണിമുടക്കില്‍ യാത്രക്കാര്‍ വലഞ്ഞു

Thursday 9 February 2017 7:33 pm IST

ആലപ്പുഴ: നഗരത്തില്‍ മുന്നറിയിപ്പില്ലാതെ സ്വകാര്യ ബസുകള്‍ പണിമുടക്കിയത് യാത്രക്കാരെ വലച്ചു. ഗതാഗതപരിഷ്‌കരണത്തിലെ അപാകവും മുന്നറിയിപ്പില്ലാതെ റോഡ് പണി നടത്തിയും ബുദ്ധിമുട്ടിച്ചെന്ന് ആരോപിച്ചായിരുന്നു പണിമുടക്ക്. ഇന്നലെ രാവിലെ 11മണിയോടെയാണ് ജനത്തെ വലച്ച് പണിമുടക്ക് ആരംഭിച്ചത്. പണിമുടക്കിയ ബസ് തൊഴിലാളികള്‍ ആലപ്പുഴ ജനറല്‍ ആശുപത്രിക്ക് സമീപം മറ്റു ബസുകള്‍ തടയാന്‍ ശ്രമിച്ചു. ഇവരെ പോലീസെത്തി അറസ്റ്റ് ചെയ്ത് നീക്കി. സംഭവത്തെ തുടര്‍ന്ന് ഭൂരിഭാഗം ബസുകളും പണിമുടക്കില്‍ പങ്കാളികളായി. ഇതോടെ, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ഏറെ ബുദ്ധിമുട്ടിലായി. സ്‌കൂളുകള്‍ പലതും നേരത്തെ വിട്ടു. നഗരത്തിലെ ഗതാഗത പരിഷ്‌കരണത്തില്‍ അപാകമുണ്ടെന്ന് ചൂണ്ടിക്കാട്ടി ബസുടമകള്‍ നേരത്തെ കളക്ടര്‍ക്കും പോലീസിനും പരാതി നല്‍കിയിരുന്നു. ഇതിനിടെ മുന്നറിയിപ്പില്ലാതെ റോഡ് പണികൂടി വന്നതോടെ നഗരത്തിലെ ഗതാഗതം താറുമാറായി. പല ബസുകള്‍ക്കും സമയത്ത് സര്‍വീസ് നടത്താനും കഴിഞ്ഞില്ല. ചില ബസുകള്‍ക്ക് ട്രിപ്പ് മുടക്കേണ്ട സാഹചര്യവും വന്നു. ഇതോടെയാണ് സര്‍വീസ് നടത്തുന്നതിന് സുഗമമായ സാഹചര്യമൊരുക്കണമെന്നാവശ്യപ്പെട്ട് ബസ് തൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് ആരംഭിച്ചത്. പ്രശ്‌നത്തിന് പരിഹാരമുണ്ടായില്ലെങ്കില്‍ വെള്ളിയാഴ്ചയും സ്വകാര്യ ബസ് സര്‍വീസ് നിലയ്ക്കും. മിന്നല്‍ പണിമുടക്ക് നടത്തില്ലെന്ന് നേരത്തെ ജില്ലാകളക്ടറുടെ സാന്നിദ്ധ്യത്തില്‍ നടന്ന യോഗത്തില്‍ ബസ്സുടമകളും ജീവനക്കാരും ഉറപ്പു നല്‍കിയിരുന്നു. ഇതുലംഘിച്ചാണ് ഇന്നലെ മിന്നല്‍ പണിമുടക്ക് നടത്തിയത്. ഇതിനെതിരെ ജില്ലാ ഭരണകൂടവും ഗതാഗതവകുപ്പും കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യമുയരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.