സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമം: സിപിഎമ്മുകാരന്‍ അറസ്റ്റില്‍

Thursday 9 February 2017 7:58 pm IST

കോളയാട്: സിപിഎം പ്രവര്‍ത്തകന്റെ കാറിന് നേരെ നിരന്തരമായി അക്രമം നടത്തി നാട്ടില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ച സിപിഎം പ്രവര്‍ത്തകന്‍ ക്യാമറയില്‍ കുടുങ്ങി. കോളയാട് മേനച്ചൊടിയിലെ അറക്കല്‍ ഗോപാലന്റെ മകന്‍ അനൂപിന്റെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് നേരെ മൂന്ന് തവണ അക്രമം നടത്തുകയും വീടിന്റെ ചില്ലുകള്‍ തകര്‍ക്കുകയും ചെയ്ത സംഭവത്തെ തുടര്‍ന്ന് വീട്ടുടമ യഥാര്‍ത്ഥ പ്രതിയെ പിടികൂടാനായി ക്യാമറ സ്ഥാപിച്ചപ്പോഴാണ് സംഘര്‍ഷശ്രമം നടത്തിയ സിപിഎം പ്രവര്‍ത്തകനായ യുവാവിനെ തിരിച്ചറിഞ്ഞത്. നേരത്തെ മൂന്ന് തവണ അക്രമസംഭവത്തിലും ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരുന്നത്. ഒരു ബിജെപി പ്രവര്‍ത്തകന്റെ പേരില്‍ രണ്ടു തവണത്തെ അക്രമസംഭവത്തിലും ഒരു കേസില്‍ പ്രൊഫഷണല്‍ കോഴ്‌സിന് പഠിക്കുന്ന വിദ്യാര്‍ത്ഥിയുടെ പേരിലുമാണ് പോലീസ് കേസെടുത്തത്. സംഭവം മേനച്ചൊടിയില്‍ സംഘര്‍ഷത്തിന് വഴിയൊരുക്കിയിരുന്നു. തുടര്‍ച്ചയായി അക്രമം നടക്കുന്നതിനിടയിലാണ് വീട്ടുടമ രഹസ്യമായി ക്യാമറ സ്ഥാപിച്ചത്. കഴിഞ്ഞദിവസം രാത്രി രണ്ടരമണിയോടെയാണ് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ വീണ്ടും അക്രമിക്കപ്പെട്ടത്. ഇതേത്തുടര്‍ന്ന് ക്യാമറ പരിശോധിച്ചപ്പോള്‍ പ്രതിയെ തിരിച്ചറിയുകയായിരുന്നു. മേനച്ചൊടി സ്വദേശിയും സിപിഎം പ്രവര്‍ത്തകനുമായ ഷാജിയാണ് പിടിയിലായത്. പേരാവൂര്‍ സിഐ ടി.കെ.ദാസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.