കണിച്ചുകുളങ്ങര സഹ.ബാങ്കില്‍ ഒന്നേമുക്കാല്‍ കോടിയുടെ തട്ടിപ്പ്

Thursday 9 February 2017 9:12 pm IST

ചേര്‍ത്തല: കണിച്ചുകുളങ്ങര സര്‍വ്വീസ് സഹകരണ ബാങ്കില്‍ സര്‍ണപണയത്തിലൂടെ നടത്തിയത് 1.75 കോടിയുടെ തട്ടിപ്പെന്നു കണ്ടെത്തല്‍. രണ്ടു ജീവനക്കാരാണ് തട്ടിപ്പിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം.ഇവരെ ഭരണ സമിതി സസ്‌പെന്‍ഡു ചെയ്തിരുന്നു. സ്വര്‍ണം ഈടില്ലാതെ പലപോരുകളില്‍ വായ്പയെടുത്താണ് തട്ടിപ്പ. ഇതിനൊപ്പം ചിട്ടികളുടെ ഈടിന്റെ മറവിലും 15 ലക്ഷത്തിന്‍രെ തട്ടിപ്പു നടത്തിയിട്ടുണ്ട്. ഇതിനിടെ ബാങ്കില്‍ നടന്ന ക്രമക്കേടില്‍ അന്വേഷണം ആവശ്യപെട്ട് ഭരണസമിതി മാരാരിക്കുളം പോലീസില്‍ പരാതി നല്കിയിട്ടുണ്ട്.പ്രസിഡന്റ് വി.എം.പ്രതാപന്‍വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലെത്തിയാണ് ഭരണ സമിതിയംഗങ്ങള്‍ പരാതി നല്കിയത്. സഹകരണ സംഘം രജിസ്ട്രാറുടെ നിര്‍ദ്ദേശ പ്രകാരം സഹകരണ വകുപ്പു ജീവനക്കാര്‍ സഹകരണ ബാങ്കുകളിലെ സ്വര്‍ണപണയത്തില്‍ നടന്ന വിശദമായ പരിശോധനയിലാണ് കോടികളുടെ തട്ടിപ്പു പുറത്തുവന്നത്. ചേര്‍ത്തല താലൂക്കില്‍ മാത്രം മൂന്നു ബാങ്കുകളിലെ സ്വര്‍ണ പണയത്തിലെ പ്രശ്‌നങ്ങള്‍ പരിശോധനയില്‍ പുറത്തു വന്നിരുന്നു.ബാങ്കുകളില്‍ രാത്രിവൈകിയും പരിശോധനകല്‍ നടക്കുന്നുണ്ട്. കണിച്ചുകുളങ്ങരയിലെ അന്വേഷണം വ്യാഴാഴ്ച തന്നെ പൂര്‍ത്തിയാക്കുമെന്നാണ് സഹകരണ വകുപ്പധികൃതര്‍ പറയുന്നത്. ഇതിനുശേഷം അന്വേഷണ റിപ്പോര്‍ട്ട് ജോയിന്റ് രജിസ്ട്രാര്‍ക്കു സമര്‍പ്പിക്കും. ജോയിന്റ് രജിസ്ട്രാര്‍ വിഷയം പോലീസ് അന്വേഷണത്തിനും കൈമാറും. സമഗ്ര അന്വേഷണം വേണം: ബിജെപി ആലപ്പുഴ: കണിച്ചുകുളങ്ങര, എസ്എല്‍പുരം സഹകരണ ബാങ്കുകള്‍ക്കെതിരേ ബിജെപിയുടെ അഴിമതിയാരോപണം ശരിവെക്കുന്നതാണ് ആരോപണത്തെ തുടര്‍ന്ന് കണിച്ചുകുളങ്ങര ബാങ്കില്‍ നടന്ന അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തി രണ്ട് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തത്. ബാങ്കില്‍ നിരവധി ക്രമക്കേടുകള്‍ നടത്തിയിട്ടുണ്ടെന്നും ഇതിനെല്ലാം കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഭരണസമിതിയുടെ പിന്തുണയുണ്ടെന്നും ബിജെപി ആലപ്പുഴ മണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാര്‍ ആരോപിച്ചു. എല്‍ഡിഎഫ് ഭരിക്കുന്ന എസ്എല്‍പുരം സര്‍വീസ് സഹകരണ ബാങ്കിലെ ക്രമക്കേടിനെക്കുറിച്ചും വിശദമായി അന്വേഷിക്കണം. 10 സെന്റ് ഭൂമി മാത്രമുള്ളവര്‍ക്ക് രണ്ടുലക്ഷം രൂപ വരെ കാര്‍ഷിക വായ്പ അനുവദിക്കുകയും അത് എഴുതിത്തള്ളുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ ലോണ്‍ എഴുതിത്തള്ളിയ ഒരാള്‍ നിലവില്‍ ബോര്‍ഡ് മെമ്പര്‍ ആണെന്നും ബാങ്കിലെ അംഗങ്ങള്‍ അറിയാതെ അവരുടെ പേരുകളില്‍ ഭരണ സമിതി അംഗങ്ങളും ജീവനക്കാരും ചേര്‍ന്ന് ലോണ്‍ എടുത്തിട്ടുണ്ടെന്നും ആരോപണമുണ്ട്. കാര്‍ഷിക ഗ്രാമവികസന സഹ. ബാങ്കിലും ക്രമക്കേട് മാവേലിക്കര: കാര്‍ഷിക ഗ്രാമവികസന സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ ക്രമക്കേടെന്ന് ആരോപണം. സിപിഎം ജില്ലാ കമ്മിറ്റി അംഗം പ്രസിഡന്റായ ബാങ്കിലെ ദിവസ പിരിവിനായി നിയമിക്കപ്പെട്ട സിപിഎം നേതാവിന്റെ മകന്‍ പിരിച്ചെടുത്ത രണ്ടു മാസത്തെ തുക ബാങ്കില്‍ നല്‍കാതെ നടത്തിയ തട്ടിപ്പാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ലക്ഷങ്ങളുടെ നഷ്ടം ബാങ്കിനു ഉണ്ടായിട്ടും നടപടി സ്വീകരിക്കാന്‍ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി നടപടി സ്വീകരിച്ചില്ല. മതിയായ രേഖകളും ഈടും നല്‍കാതെ സിപിഎം നേതാക്കള്‍ വന്‍ തുകകളാണു ബാങ്കില്‍ നിന്നും വായ്പ എടുത്തിരിക്കുന്നത്. ഒരു വസ്തുവിന്റെ പ്രമാണം വച്ചു ഒരു വീട്ടിലെ തന്നെ മൂന്നു പേര്‍ക്കു വായ്പ നല്‍കി. ഒരു വായ്പയും കൃത്യമായി തിരിച്ചടയ്ക്കുന്നില്ല. ഭരണസമിതിയിലെ പ്രമുഖ സ്ഥാനം വഹിക്കുന്ന നേതാവ് 35 ലക്ഷത്തോളം രൂപയാണ് ബാങ്കില്‍ അടയ്ക്കാനുള്ളത്. മാവേലിക്കര താലൂക്ക് സഹകരണബാങ്കില്‍ നടന്ന രീതിയില്‍ സമാന്തര ഹാര്‍ഡ് ഡിസ്‌ക് ഉപയോഗിച്ചുള്ള തട്ടിപ്പ് ഒരു വര്‍ഷം മുമ്പ് ഇവിടെയും നടന്നു. ഈ കേസില്‍ സസ്‌പെന്റു ചെയ്ത ഉദ്യോഗസ്ഥനെ ഇതുവരെ തിരികെ നിയമിച്ചിട്ടില്ല. ഇവിടെയും അന്വേഷണം എങ്ങും എത്തിയിട്ടില്ല. ക്രമക്കേട് നടത്തിയ പണം തിരികെ അടച്ച് പ്രതികളെ രക്ഷപെടുത്താനുള്ള സമീപനമാണ് ഭരണസമിതി സ്വീകരിച്ചത്. ഈ സമയം സഹകരണ വകുപ്പ് ഭരിച്ചത് യുഡിഎഫ് ആയിരുന്നു. അന്നു സഹായിച്ചതിന്റെ പ്രത്യുപകാരമാണ് ഇപ്പോള്‍ താലൂക്ക് സഹകരണബാങ്ക് തട്ടിപ്പില്‍ സിപിഎം നിലപാടുകള്‍. കാര്‍ഷിക വികസന ബാങ്കില്‍ നടന്ന ലക്ഷങ്ങളുടെ ക്രമക്കേട് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ.സോമന്‍, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി അനില്‍ വള്ളികുന്നം എന്നിവര്‍ ആവശ്യപ്പെട്ടു. മാവേലിക്കര താലൂക്ക് സഹ. ബാങ്ക് ക്രമക്കേട് മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റു ചെയ്യണം: ബിജെപി മാവേലിക്കര: താലൂക്ക് സഹകരണബാങ്ക് ഭരണസമിതി പിരിച്ചു വിട്ട് മുഴുവന്‍ ക്രമക്കേടുകളും അന്വേഷിച്ച് കുറ്റക്കാരായവരെ എത്രയും വേഗം അറസ്റ്റു ചെയ്യണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ.സോമന്‍ ആവശ്യപ്പെട്ടു. മാവേലിക്കരയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടാം ഘട്ട സമരം 15ന് ആരംഭിക്കും. അന്ന് ബാങ്ക് കേന്ദ്ര ഓഫീസ് ബിജെപി ഉപരോധിക്കും. ഇരുമുന്നണികളും പരസ്പരം കുറ്റപ്പെടുത്തി രക്ഷപെടുകയാണ്. പൊതുസമൂഹത്തിന് മുന്‍പില്‍ ഉടതുണി നഷ്ടപ്പെട്ട കോണ്‍ഗ്രസിന് തുണി ഉടുപ്പിക്കാന്‍ ശ്രമിക്കുകയാണ് എല്‍ഡിഎഫ്. ക്രമക്കേടുകള്‍ പുറത്തു വന്നിട്ട് ഒന്നരമാസം പിന്നിടുന്നു. പ്രഖ്യാപിക്കപ്പെട്ട അന്വേഷണം തട്ടിപ്പാണ്. കുറ്റവാളികള്‍ക്ക് രക്ഷപെടാനുള്ള പഴുത് ഒരുക്കുകയാണ് അന്വേഷണ സംഘം ചെയ്യുന്നത്. തദ്ദേശ വാസിയായ ഒരാള്‍ അന്വേഷണ സംഘത്തില്‍ ഉണ്ടെന്ന ആക്ഷേപത്തിനെ തുടര്‍ന്ന് അന്വേഷണ സംഘത്തെ മാറ്റുമെന്ന പ്രഖ്യാപനം ഉണ്ടായി. ഭരണസമിതിയെ പിരിച്ചുവിടുമെന്ന് മന്ത്രി ജി.സുധാകരന്‍ മാവേലിക്കരയില്‍ പറഞ്ഞു. ഒന്നും നടന്നില്ല. അഴിമതി പുറത്തുകൊണ്ടുവന്ന സെക്രട്ടറിക്കും മറ്റൊരു ഉദ്യോഗസ്ഥയുടെയും വീടിനു നേരെ ആക്രമണം ഉണ്ടായി. ഈ കേസിലെ പ്രതികളെ ഇതുവരെ പിടികൂടിയില്ല. ബാങ്കില്‍ അഴിമതി നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് എഫ്‌ഐആര്‍ കോടതിയില്‍ നല്‍കിയത്. എന്നാല്‍ ഇതുവരെ ആരെയും അറസ്റ്റു ചെയ്തിട്ടില്ല. വകുപ്പുകളില്‍ ചിലത് പ്രതികളെ രക്ഷപെടുത്താന്‍ സഹായിക്കുന്നതാണ്. ഹാര്‍ഡ് ഡിസ്‌കുകളില്‍ തട്ടിപ്പ് നടത്തിയത് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതു ചേര്‍ത്താല്‍ അന്വേഷണ സംഘത്തെ മാറ്റേണ്ടിവരും. സിപിഎം ഭരിക്കുന്ന സഹകരണ വകുപ്പ്, ആഭ്യന്തരവകുപ്പുമാണ് കേസില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത്. ഇവര്‍ കോണ്‍ഗ്രസ് ഭരണസമിതിയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ജില്ലയില്‍ സഹകരണമേഖലയിലെ അഴിമതിയില്‍ ഇരുവരും പരസ്പരം സഹകരണമുന്നണിയായാണ് പ്രവര്‍ത്തിക്കുന്നത്. സിപിഎമ്മിലെയും കോണ്‍ഗ്രസിലെയും ജില്ലയിലെ പ്രമുഖ നേതാക്കള്‍ സഹകരണ ബാങ്ക് ക്രമക്കേടുകളിലെ നിലപാടുകള്‍ വ്യക്തമാക്കണം. ഗുരുതര ആരോപണം ഉയര്‍ന്ന ജോ.രജിസ്ട്രാറുടെ സ്ഥലം മാറ്റ ഉത്തരവു പോലും നടപ്പാക്കാന്‍ ഭരണമുന്നണിക്ക് സാധിക്കുന്നില്ലെന്നും ജില്ലയിലെ സിപിഎം നേതാവാണ് സഹകരണ ബാങ്കുകളിലെ ക്രമക്കേടുകള്‍ക്ക് കൂട്ടുനില്‍ക്കുന്നതെന്നും കെ. സോമന്‍ പറഞ്ഞു. ജില്ലാ ട്രഷറര്‍ കെ.ജി. കര്‍ത്ത, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി അനില്‍ വള്ളികുന്നം, വൈസ് പ്രസിഡന്റ് സുരേഷ് പൂവത്തുമഠം, ട്രഷറര്‍ വി.എസ്. രാജേഷ് എന്നിവരും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.