ക്ഷേത്രങ്ങള്‍ ഒരുങ്ങി: തൈപ്പൂയം ഇന്ന്‌

Thursday 9 February 2017 9:17 pm IST

കൂര്‍ക്കഞ്ചേരി: സുബ്രമണ്യസാമിക്ഷേത്രങ്ങളില്‍ തൈപ്പൂയം ഇന്ന് ആഘോഷിക്കും; വിവിധ വര്‍ണത്തിലും ആകൃതിയിലും തയ്യാറാക്കിയ കാവടികള്‍ ബാന്‍ഡ്-ശിങ്കാരി മേളങ്ങളുടെയും മറ്റു വാദ്യഘോഷങ്ങളുടേയും അകമ്പടിയോടെ തിമിര്‍ത്താടാന്‍ ഒരുങ്ങി. കൂര്‍ക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്രത്തിലെ തൈപ്പൂയം ഇന്ന് ആഘോഷിക്കും. കാവടികളുടെയും പന്തലുകളുടെയും മിനുക്കുപണികള്‍ അവസാനവട്ടത്തിലാണ്. ഇന്ന് രാവിലെ പത്തരമുതല്‍ ക്ഷേത്രത്തില്‍ കാവടികളുടെ മത്സരം ആരംഭിക്കും. മത്സരത്തില്‍ ഒന്നാം സ്ഥാനമുറപ്പിക്കാന്‍ സകല സന്നാഹങ്ങളുമായാണ് ദേശക്കാര്‍ കാത്തിരിക്കുന്നത്. ശ്രീനാരായണസമാജം പടിഞ്ഞാട്ടുമുറി വടൂക്കര, ബാലസമാജം കൂര്‍ക്കഞ്ചേരി, യുവജനസമാജം പനമുക്ക്, ഗുരുദേവ സമാജം കൂര്‍ക്കഞ്ചേരി, ബാലസമാജം ചിയ്യാരം, ശ്രീനാരായണ സമാജം നെടുപുഴ, കണിമംഗലം ദേശക്കാര്‍ കച്ചകെട്ടിക്കഴിഞ്ഞു. കാവടിമത്സരം ഉച്ചയ്ക്ക് രണ്ടേകാല്‍വരെ നീളും. ശേഷം കണ്ണംകുളങ്ങര, കണിമംഗലം, വെളിയന്നൂര്‍ ഉത്സവകമ്മിറ്റികളുടെ പൂരം എഴുന്നള്ളിപ്പ് ഉണ്ടാകും. വൈകീട്ട് നാലിന് കുടമാറ്റം, 5.30ന് കൂട്ടിയെഴുന്നള്ളിപ്പ്, ഏഴിന് ദീപാരാധന, 7.15 മുതല്‍ കരിമരുന്ന് പ്രയോഗം, 11 മുതല്‍ രാത്രിക്കാവടി, 12.10ന് എഴുന്നള്ളിപ്പ്, പുലര്‍ച്ചെ 4.30ന് കരിമരുന്ന് പ്രയോഗം. 11ന് രാവിലെ ആറിന് കൂട്ടിയെഴുന്നള്ളിപ്പും സമ്മാനദാനവും രാത്രി എട്ടിന് പള്ളിവേട്ടയും നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.