വിദേശ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഒരാള്‍ അറസ്റ്റില്‍

Thursday 9 February 2017 9:13 pm IST

മാവേലിക്കര: നൂറനാട് ഇടപ്പോണ്‍ ആസ്ഥാനമായ 'ഗുഡ് സമാരിറ്റന്‍' ചാരിറ്റബിള്‍ ട്രസ്റ്റിന് ലണ്ടന്‍ കേന്ദ്രമാക്കിയുള്ള ശ്രീകുബേര്‍ കോര്‍പ്പറേഷന്‍ എന്ന് സ്ഥാപനത്തില്‍ നിന്നും 100 കോടി രൂപ ഡൊണേഷന്‍ ആയി തരപ്പെടുത്തി കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് പ്രോസസിംഗ് ഫീസ് ഇനത്തില്‍ 50 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മറുനാടന്‍ മലയാളി അറസ്റ്റില്‍. മഹാരാഷട്ര കല്യാണ്‍ ഈസ്റ്റ് കട്ടേമാനിവില്ലി ബെല്ലേശ്വര്‍ നഗറില്‍ താമസക്കാരനും മലയാളിയുമായ ബിനു കെ.സാം (54) നെയാണ് മാവേലിക്കര സിഐ: പി. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റു ചെയ്തത്. ഇയാള്‍ അത്തിക്കയം വില്ലേജില്‍ കരികുളം നാറാണംമൂഴി എന്ന സ്ഥലത്ത് കുറ്റിയില്‍ വീട്ടില്‍ കുടുംബാംഗമാണ്. 2016 ഏപ്രില്‍ മാസത്തിലാണ് പ്രതി തട്ടിപ്പു നടത്തിയത്. മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ അംഗമായ ഇയാള്‍ വിദേശ സഹായം സംബന്ധിച്ച് ഇ-മെയില്‍ വഴിയും, എസ്എംഎസ് വഴിയും ഡൊണേഷന്‍ സംബന്ധിച്ച ഡോക്യൂമെന്റുകള്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് അയച്ചു കൊടുക്കുകയും, ഇന്‍കം ടാക്‌സിനുള്ള രേഖകളും, ട്രാന്‍സാക്ഷന്‍ കോഡ് ഉള്‍പ്പെടെ കൈമാറിയാണ് ഇടപാടുകാരന്റെ വിശ്വാസ്യത ആര്‍ജ്ജിച്ചത്. ഈ സംഭവത്തില്‍ കേസ്സ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചു വരവെ പ്രതി മുംബൈയില്‍ സ്ഥിരതാമസക്കാരനാണെന്നു മനസ്സിലാക്കി. തുടര്‍ന്ന് വിദേശ സഹായം ആവശ്യമുള്ള ഇടപാടുകരെന്ന നിലയില്‍ പോലീസ് ഇയാളെ ബന്ധപ്പെട്ടപ്പോള്‍ വിദേശ സഹായം ലഭ്യമാക്കിത്തരാമെന്നു പറഞ്ഞ് കമ്മീഷന്‍ കൈപ്പറ്റുന്നതിനു വേണ്ടി നാട്ടിലെത്തിയ പ്രതി പോലീസ് ഒരുക്കിയ വലയില്‍ കുടുങ്ങുകയായിരുന്നു. ഒട്ടേറെ ഉത്തരേന്ത്യന്‍ ഭാഷകളും ഇംഗ്ലീഷും അനായാസം കൈകാര്യം ചെയ്യുന്ന ഇയാളോടൊപ്പം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മറ്റു ചിലരും ഈ തട്ടിപ്പു സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതായും സമാന രീതിയില്‍ ഇവര്‍ പല തട്ടിപ്പുകളും നടത്തിയിട്ടുള്ളതായും സംശയിക്കുന്നു. മറ്റു പ്രതികള്‍ക്കായി അന്വേഷണം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതിയെ ഇന്നലെ മാവേലിക്കര കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു. മാവേലിക്കര സിഐ: പി. ശ്രീകുമാറിനൊപ്പം എസ്‌ഐ: വി. ബിജു, എഎസ്‌ഐ: കെ.ആര്‍. രാജീവ്, സിപിഒമാരായ ഉണ്ണികൃഷ്ണപിള്ള, രാഹുല്‍രാജ്, അരുണ്‍ ഭാസ്‌കര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.