നോ പാര്‍ക്കിംഗ് ബോര്‍ഡുകളില്‍ വീര്‍പ്പുമുട്ടി കുന്നംകുളം നഗരം

Thursday 9 February 2017 9:23 pm IST

കുന്നംകുളം: ഇടം വലം തിരിയാന്‍ ഇടമില്ലെങ്കിലും നഗരത്തില്‍ നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ക്ക് ക്ഷാമമില്ല. ദിനംപ്രതി നൂറുകണക്കിന് വാഹനയാത്രികരാണ് നഗരത്തിന്റെ വിവിധ റോഡുകളില്‍ പാര്‍ക്കിങ്ങിനായി നെട്ടോട്ടമോടുന്നത്. നഗരത്തില്‍ മിക്കയിടത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് സ്ഥലമുണ്ടെങ്കിലും എല്ലായിടത്തും നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ ഉള്ളതുകൊണ്ട് പരിഭ്രമിച്ച് നില്‍ക്കുകയാണ്. എന്നാല്‍ ഇവയില്‍ ഭൂരിഭാഗവും നഗരത്തിനു ചുറ്റും നില്‍ക്കുന്ന വ്യാപാരസ്ഥാപനങ്ങള്‍ സ്ഥാപിച്ചവയാണ് എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. വ്യാപാരസ്ഥാപനങ്ങള്‍ തങ്ങളുടെ കടകളിലേക്കുള്ള വഴിയൊരുക്കുന്നതിനും ആളുകളെ ആകര്‍ഷിക്കുന്നതിനും വേണ്ടിയാണ് ഇത്തരത്തില്‍ നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്. കുന്നംകുളത്തെത്തുന്ന സ്ഥിരം യാത്രക്കാര്‍ക്ക് ഇവിടെ പാര്‍ക്കിംഗ് എളുപ്പമാണ്. റോഡിനു ഇരുവശത്തുമുള്ള കച്ചവടസ്ഥാപനങ്ങള്‍ക്കു മുന്നിലും കെട്ടിടങ്ങള്‍ക്ക് മുന്നിലും സ്ഥാപിച്ചിട്ടുള്ള ഇത്തരം അനധികൃത ബോര്‍ഡുകള്‍ കാരണം ഗതാഗതവും തടസ്സമാവുകയാണ്. നോ പാര്‍ക്കിംഗ് അടയാളമുള്ള ബോര്‍ഡുകള്‍ക്ക് പുറമേ കച്ചവട സ്ഥാപനങ്ങളുടെ പരസ്യബോര്‍ഡുകള്‍ക്ക് കീഴില്‍ നോ പാര്‍ക്കിംഗ് എന്നെഴുതിയവയും കൂട്ടത്തിലുണ്ട്. നഗരത്തിലെ സ്ഥിരം യാത്രികര്‍ക്ക് നോ പാര്‍ക്കിംഗ് ബോര്‍ഡുകളില്‍ സത്യമറിയുന്നതിനാല്‍ പലരും ബോര്‍ഡ് അവഗണിച്ചും പാര്‍ക്കിംഗ് നടത്താറുണ്ട്. എന്നാല്‍ മറ്റുള്ളവര്‍ക്ക് കാര്യം പിടികിട്ടാത്തതിനാല്‍ നഗരം ചുറ്റി കറങ്ങേണ്ടി വരും.ഇത്തരത്തില്‍ വഴിനീളെ സ്ഥാപിച്ചിട്ടുള്ള നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചിട്ടും പോലീസ് നടപടിയെടുത്തിട്ടില്ല വ്യാപാരസ്ഥാപനങ്ങള്‍ സ്ഥാപിക്കുന്ന നിയമവിരുദ്ധമായ ഇത്തരം ബോര്‍ഡുകള്‍ക്ക് പോലീസിന്റെ ഒത്താശയുണ്ടെന്നും ആരോപണമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.