പാറത്തോട് പഞ്ചായത്താഫീസിലും കുടുംബശ്രീ ആഫീസിലും മോഷണം

Thursday 9 February 2017 10:09 pm IST

പാറത്തോട്: പാറത്തോട് പഞ്ചായത്തോഫീസിലും കുടുംബശ്രീ ഓഫീസിലും മോഷണം. പഞ്ചായത്തിന്റെ മുന്‍ വാതിലും സമീപത്തു പ്രവര്‍ത്തിക്കുന്ന കുടുംബശ്രീയുടെ മുന്‍വാതിലും തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. പഞ്ചായത്ത് ഓഫീസിലെ ലോക്കറില്‍ നിന്നു പതിനായിരം രൂപയും കുടുംബശ്രീയുടെ ഓഫീസില്‍ നിന്ന് ആറായിരം രൂപയും കവര്‍ന്നു. ഇന്നലെ രാവിലെ ഒമ്പതരയോടെ ഓഫീസ് അസിസ്റ്റന്റ് പഞ്ചായത്ത് ഓഫീസ് തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ഉടന്‍ തന്നെ പഞ്ചായത്ത് പ്രസിഡന്റ് ജോളി ഡൊമിനിക്കിനെയും തുടര്‍ന്ന് കാഞ്ഞിരപ്പള്ളി പോലീസിലും വിവരം അറിയിച്ചു. പോലീസെത്തി നടത്തിയ അന്വേഷണത്തില്‍ താക്കോല്‍ ഉപയോഗിച്ചു തന്നെയാണ് ലോക്കര്‍ തുറന്ന് പണം കവര്‍ന്നതെന്നു കണ്ടെത്തി. നികുതിയിനത്തില്‍ ലഭിച്ച പണമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഓഫീസിനുള്ളിലെ ഫയലുകള്‍ വാരി വലിച്ചിട്ട നിലയിലും ചിലത് നശിപ്പിച്ച നിലയിലുമാണ്. പ്രസിഡന്റിന്റെ മേശവലിപ്പ് തുറക്കാന്‍ ശ്രമം നടത്തിയിട്ടുണ്ട്. തൊട്ടടുത്ത കെട്ടിടത്തിലാണ് കുടുംബശ്രീയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ അലമാരയുടെ പൂട്ട് തകര്‍ത്താണ് പണം കവര്‍ന്നത്. ഉച്ചയോടെ കോട്ടയത്തുനിന്ന് വിരലടയാള വിദഗ്ധരും പോലീസ് നായ സല്‍മയുമെത്തി. പോലീസ് നായ പഞ്ചായത്ത് ഓഫീസിലും കുടുംബശ്രീ ഓഫീസിലും മണംപിടിച്ച് കുടുംബശ്രീയുടെ കെട്ടിടത്തിന്റെ പിന്നിലൂടെ ഓടി തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന ഷാപ്പിനോടു ചേര്‍ന്ന് തുറന്നുകിടക്കുന്ന അടുക്കളയില്‍ എത്തി നിന്നു. കാഞ്ഞിരപ്പള്ളി എസ്‌ഐ എ. എസ്. അന്‍സല്‍, പി.വി. വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. തദ്ദേശവാസികളായ മുന്‍ മോഷ്ടാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.