ആരാണ് രചയിതാവ്?

Monday 19 June 2017 11:08 am IST

ജന്മഭൂമി ഫെബ്രു. എട്ടിന്റെ സംസ്‌കൃതി പേജില്‍ രാമായണം 10 ചോദ്യം, ഉത്തരം എന്ന തലക്കെട്ടില്‍ അദ്ധ്യാത്മരാമായണത്തെ അടിസ്ഥാനമാക്കി തയാറാക്കിയ ചോദ്യോത്തര പംക്തിയില്‍ അദ്ധ്യാത്മരാമായണം രചിച്ചതാര് എന്ന മൂന്നാമത്തെ ചോദ്യത്തിന് വേദവ്യാസമഹര്‍ഷി എന്ന് ഉത്തരം കൊടുത്തിരുന്നു അത് തയ്യാറാക്കിയ വി.ആര്‍.ഗോപിനാഥന്‍ നായര്‍. തുഞ്ചത്തെഴുത്തച്ചന്‍ അദ്ധ്യാത്മരാമായണം കിളിപ്പാട്ടിന്റെ രചനക്കാധാരമാക്കിയ സംസ്‌കൃതത്തിലുള്ള അദ്ധ്യാത്മരാമായണം രചിച്ചത് മഹാഭാരതവും ശ്രീമദ് ഭാഗവതവും രചിച്ച സാക്ഷാല്‍ വേദവ്യാസമഹര്‍ഷി തന്നെയോ? രാമഭക്തിപ്രസ്ഥാനം പുഷ്ടി പ്രാപിച്ച പതിനാലാം നൂറ്റാണ്ടിനുശേഷമാണ് അദ്ധ്യാത്മരാമായണം ഉണ്ടായതെന്ന് ചില പണ്ഡിതന്മാര്‍ അഭ്യൂഹിക്കുന്നു. രാമായണം ചമ്പുവിന്റെ അവതാരികയിലും അദ്ധ്യാത്മരാമായണത്തിന്റെ കര്‍ത്താവ് വ്യാസനാണോ അല്ലയോ എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടെന്ന് സൂചിപ്പിച്ചിട്ടുള്ളതായി ഓര്‍ക്കുന്നു. എഴുത്തച്ചന്റെ മഹാഭാരതം കിളിപ്പാട്ടിന് അവതാരിക എഴുതിയ മഹാകവി വടക്കുംകൂര്‍ രാജരാജവര്‍മ്മരാജ വാല്മീകി, വ്യാസ സൃഷ്ടികളായ രാമായണഭാരത ഭാഗവതങ്ങളെ പ്രകീര്‍ത്തിക്കുന്നുണ്ട്. സര്‍വ്വവിധ ഗുണങ്ങളുടേയും പരിപൂര്‍ണ്ണതകൊണ്ട് അത്രയധികം ലോകത്തെ വശീകരിച്ചിരിക്കുന്ന മഹാഗ്രന്ഥങ്ങള്‍ സംസ്‌കൃത ഭാഷയിലല്ലാതെ മറ്റൊരിടത്തും കണ്ടുകിട്ടുകയില്ല എന്നു രാമായണഭാരതഭാഗവതങ്ങളെ മാത്രം മഹാകവി ശ്ലാഘിക്കുമ്പോള്‍, അദ്ധ്യാത്മരാമായണം വ്യാസന്റെ തന്നെ മറ്റൊരു രചനയായിരുന്നെങ്കില്‍ അതിനെക്കുറിച്ച് അദ്ദേഹം മൗനം പാലിക്കുമായിരുന്നോ?

ആര്‍. ഗോപാലകൃഷ്ണന്‍ നായര്‍,​ ഏറ്റുമാനൂര്‍

മുഖ്യമന്ത്രിയുടെ നിലപാടില്‍ ആശ്വസിക്കുന്നവര്‍ ഭൂമി കൈവശം കിട്ടിയത് എങ്ങനെയുമായിക്കൊള്ളട്ടെ; അതിനുശേഷം വന്ന രണ്ടുമൂന്ന് മന്ത്രിസഭകളെങ്കിലും അത്തരം കേസുകള്‍ കണ്ടില്ലെന്ന് നടിക്കുകയോ, നടപടികളൊന്നും കൈക്കൊള്ളാതിരിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഹാവൂ! രക്ഷപ്പെട്ടു. ഇപ്പോഴത്തെ മന്ത്രിസഭ അത്തരം ഇടപാടുകള്‍ ഒന്നുംതന്നെ അന്വേഷിക്കാന്‍ പോകുന്നില്ലത്രേ. അത് ലോ അക്കാദമി ഭൂമി ആയാലും, പുറമ്പോക്കു ഭൂമി ആയാലും വനഭൂമി ആയാലും ആദിവാസി ഭൂമി ആയാലും എസ്റ്റേറ്റ് ഭൂമി ആയാലും സെക്രട്ടറിയേറ്റിനോട് ചേര്‍ന്നുള്ള ഭൂമി ആയാലും ശരി. ഭൂമി കൈക്കലാക്കിയിട്ട് മിനിമം എത്ര വര്‍ഷം (അഥവാ കൈയില്‍ കിട്ടിയിട്ട്) കഴിഞ്ഞാലാണ് അന്വേഷണമില്ലാത്തത് എന്നുകൂടി സര്‍ക്കാര്‍ വ്യക്തമാക്കിയാല്‍ കൂടുതല്‍ പേര്‍ക്ക് ആശ്വാസപ്രദമായേനെ. ആദിവാസികളില്‍ നിന്ന് ആരൊക്കെയോ തട്ടിയെടുത്ത ഭൂമി അവര്‍ക്ക് തിരിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് കുടില്‍കെട്ടി സമരം ചെയ്തവര്‍ കുടിലും പൊളിച്ചു സ്ഥലം വിട്ടു. പിന്നീട് നില്‍പ്പു സമരം നടത്തി സെക്രട്ടേറിയറ്റിന് മുന്നില്‍. കാലുകള്‍ തളര്‍ന്നപ്പോള്‍ പാവം ആദിവാസികള്‍ സ്ഥലം കാലിയാക്കി. ആര്‍ക്കും ഇടതു-വലതു സര്‍ക്കാരുകള്‍ ഭൂമി നല്‍കിയില്ല. ലോ അക്കാദമി ഭൂമിക്കുവേണ്ടിയും ആരും സമരം ചെയ്തിട്ടു കാര്യമില്ല, നില്‍പു സമരമായാലും കുടില്‍സമരമായാലും. ടാറ്റക്കും ഹാരിസണുമാകാമെങ്കില്‍ നാരായണന്‍ നായര്‍ക്കും ലക്ഷ്മീനായര്‍ക്കും ആയിക്കൂടെ?

കെ.വി.സുഗതന്‍,​ ആലപ്പുഴ

ഭിന്നശേഷിക്കാരില്‍നിന്ന് പഠിക്കേണ്ട പാഠങ്ങള്‍ കണ്ണൂരില്‍ കലോത്സവം സമാപിച്ചപ്പോള്‍ പലര്‍ക്കും കണ്ണുനീര്‍ തോര്‍ന്നില്ല. അപ്പീലിനും പരാതിക്കും യാതൊരു കുറവും ഉണ്ടായിരുന്നില്ല. എന്നാല്‍ വിധിയെ തോല്‍പ്പിച്ച മനസ്സുമായി കലോത്സവവേദി പങ്കിടാന്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ കാക്കനാട്ടെത്തിയപ്പോള്‍ അവിടെ കാണാന്‍ കഴിഞ്ഞത് തങ്ങളുടെ മത്സരം കഴിയുമ്പോള്‍ അടുത്ത മത്സരാര്‍ത്ഥിയെ പ്രോത്സാഹിപ്പിക്കുന്നതാണ്. അതെ, മൂവായിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത അപ്പീലില്ലാതെ, പരാതിയില്ലാതെ, പ്രോത്സാഹനം മാത്രം നിറഞ്ഞ കലഹമില്ലാത്ത കലോത്സവം. കലോത്സവമെന്നു പറഞ്ഞാല്‍ ഇങ്ങനെയല്ലേ വേണ്ടത്? ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കള്‍ മക്കള്‍ അരങ്ങുകാണണമെന്ന് മാത്രം ആഗ്രഹിക്കുമ്പോള്‍ വിധിയെ മാറ്റുന്ന വിധികര്‍ത്താക്കളും ഗ്രേസ് മാര്‍ക്കിനും സമ്മാനത്തിനും വേണ്ടി കുഞ്ഞുനാള്‍ മുതലേ മത്സരബുദ്ധി ഊട്ടിവളര്‍ത്തി വേദിയിലേക്കാനയിക്കുന്ന രക്ഷിതാക്കളും ഇതുകണ്ടിട്ടും അന്ധരായിരിക്കുന്നു. ഇവരുടെ കണ്ണില്‍ എന്നെങ്കിലും വെട്ടം വീഴുമോ?

ഉമ ആനന്ദ്, എറണാകുളം

ശങ്കരപ്പിള്ള പറഞ്ഞത് വാസ്തവവിരുദ്ധം ഡോ.കാനം ശങ്കരപ്പിള്ള ജന്മഭൂമിയില്‍ എഴുതിയ ലേഖനത്തില്‍ (06-02-2017) മനോന്മണീയം സുന്ദരന്‍പിള്ളയുടെ ചില എഴുത്തുകളും മറ്റും ചട്ടമ്പിസ്വാമികള്‍ കൈവശപ്പെടുത്തിയെന്ന ധ്വനിയുണ്ട്. ഇത് തികച്ചും വാസ്തവ വിരുദ്ധമാണ്. ഇങ്ങനെ എന്തെങ്കിലും ചെയ്ത് കീര്‍ത്തിനേടേണ്ടതായ യാതൊരു ആവശ്യവും സ്വാമികള്‍ക്കുണ്ടായിരുന്നില്ല. ചട്ടമ്പിസ്വാമികളോട് എന്തോ കുടിപ്പക ഉള്ളതുപോലെയാണ് ശങ്കരപ്പിള്ള പലതും എഴുതിയിട്ടുള്ളത്. ഇത് അങ്ങേയറ്റം അപലപനീയമാണ്. തൈക്കാട് അയ്യാവുമായി ചട്ടമ്പിസ്വാമികള്‍ക്കുണ്ടായിരുന്ന ബന്ധമാണ് മനോന്മണിയത്തെ മറയാക്കി അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പറയാന്‍ ശങ്കരപ്പിള്ള ദുരുപയോഗിക്കുന്നത്. അയ്യാവില്‍ നിന്ന് യോഗശാസ്ത്രം മാത്രമാണ് ചട്ടമ്പിസ്വാമി പഠിച്ചത്. വേദാന്താദി കാര്യങ്ങളല്ല.

സ്വാമി ഗരുഡധ്വജാനന്ദ,​ തീര്‍ത്ഥപാദാശ്രമം, വാഴൂര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.