വൈദിക വിദ്യാര്‍ത്ഥിക്ക് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ മര്‍ദ്ദനം

Thursday 9 February 2017 10:19 pm IST

കുറവിലങ്ങാട്: കടുത്തുരുത്തി വലിയപള്ളി ബേത്ത് സ്‌ളീഹേ സെമിനാരിയിലെ വൈദിക വിദ്യാര്‍ത്ഥിയും കുറവിലങ്ങാട് ദേവമാതാ കോളേജ് ബിഎസ്‌സി സുവോളജി രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയുമായ തൊടുപുഴ മണക്കാട് മഠത്തില്‍ വീട്ടില്‍ ബിബി എബ്രാഹം (20) നേരെ യൂത്തുകോണ്‍ഗ്രസ് നേതാവിന്റെ മര്‍ദ്ദനം. യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി അരുണ്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രാത്രിയില്‍ താമസ സ്ഥലത്തുകയറി മര്‍ദ്ദിച്ചത്. കുറവിലങ്ങാട് ബൈപാസ് റോഡില്‍ സ്വകാര്യവ്യക്തി നടത്തുന്ന ഹോസ്റ്റലില്‍ വ്യാഴാഴ്ച വെളുപ്പിന് 2.30 ഓടെയായിരുന്നു ആക്രമണം. വാതിലില്‍ ആരോ തട്ടുന്നതുകേട്ട് മററൊരു വിദ്യാര്‍ത്ഥിയാണ് വാതില്‍ തുറന്നത്. ഇയാളെ തള്ളിമാറ്റിയശേഷം കിടന്നുറങ്ങിയകട്ടിലില്‍ നിന്ന് വലിച്ച് താഴെയിട്ട് ചവിട്ടി. കഴുത്തില്‍ വടികൊണ്ടടിച്ചു. മുറിയില്‍നിന്ന് വലിച്ച് പുറത്തുകൊണ്ടുപോയി മര്‍ദ്ദിച്ചു. സംഭവം മറ്റാരോടെങ്കിലും പറഞ്ഞാല്‍ കേസില്‍ കുടുങ്ങുമെന്നും വധിക്കുമെന്നും ഭീഷണി മുഴക്കുകയും അക്രമി സംഘം ചെയ്തതായി വിദ്യാര്‍ത്ഥി പോലീസില്‍ മൊഴി നല്‍കി. കഴിഞ്ഞ കുറെനാളുകളായി ദേവമാതാ കോളേജില്‍ കെഎസ്‌യു പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ബിഎസ്‌സി ഒന്നും രണ്ടും വര്‍ഷ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇത് വിദ്യാര്‍ത്ഥികള്‍ തന്നെ പറഞ്ഞു തീര്‍ത്തിരുന്നു. അന്ന് തര്‍ക്കത്തില്‍ പക്ഷംപിടിച്ചിരുന്ന അരുണ്‍ ജോസഫ് മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഭീഷണി മുഴക്കിയതായി പറയുന്നു. ഇതിന്റെ മുന്‍വൈരാഗ്യമാണ് അക്രമത്തില്‍ എത്തിയതെന്ന് പോലീസ് നിഗമനം. ബിബിയെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് രണ്ടാം വര്‍ഷ ബിഎസ്‌സി സുവോളജി വിദ്യാര്‍ത്ഥികള്‍ പഠിപ്പുമുടക്കി പ്രിന്‍സിപ്പലിന് പരാതി നല്‍കി. പരാതി പോലീസന് കൈമാറി. പരിക്കേറ്റ ബിബിനെ സഹപാഠികളാണ് കുറവിലങ്ങാട് ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തിച്ചത്. അരുണ്‍ ജോസഫ്, സുഹൃത്തുക്കളായ എബിന്‍, മെല്‍ബിന്‍ തുടങ്ങി കണ്ടാല്‍ അറിയാവുന്ന പത്തോളം പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.