കണ്ണൂരിലെ ദളിതര്‍ക്ക് കമ്യൂണിസ്റ്റയിത്തം

Monday 19 June 2017 9:58 am IST

കണ്ണൂരിലെ അഴീക്കലില്‍ സിപിഎമ്മുകാരുടെ നിയന്ത്രണത്തിലുള്ള പാമ്പാടി ആലിന്‍കീഴില്‍ ക്ഷേത്രാചാരവുമായി ബന്ധപ്പെട്ട് ദൡതര്‍ക്ക് വര്‍ഷങ്ങളായി വിലക്കേര്‍പ്പെടുത്തുന്ന വാര്‍ത്ത കേരളത്തിലെ ജനങ്ങളെ ഭ്രാന്താലയത്തിന്റെ ഓര്‍മകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതാണ്. ഭഗവതി തിരുവായുധവുമായി വീടുകളില്‍ ചെന്ന് ഭക്തരെ അനുഗ്രഹിക്കുന്ന ചടങ്ങില്‍നിന്ന് ദളിതരെ ഒഴിവാക്കുന്നതാണ് വിവാദമായത്. വീടുകള്‍തോറും കയറുന്ന വെളിച്ചപ്പാടിനെ ദളിതരുടെ വീടിനു മുന്നിലെത്തുമ്പോള്‍ ക്ഷേത്രകമ്മറ്റിയില്‍പ്പെടുന്നവര്‍ വിലക്കുകയാണ്. അസ്പൃശ്യതയുടെ പരസ്യപ്രഖ്യാപനമായ ഈ നടപടി ക്ഷേത്രാചാരവും അനുഷ്ഠാനവുമായി ബന്ധപ്പെട്ട നിശ്ചയരേഖ അനുസരിച്ചാണെന്നും, ഇത് മാറ്റാനാവില്ലെന്നുമാണ് ക്ഷേത്രഭാരവാഹികളായ സിപിഎമ്മുകാര്‍ ശഠിക്കുന്നത്. ഇത് നിയമവിരുദ്ധമാണെന്നും, വരുമാനം ലഭിക്കുന്ന എല്ലാ ചടങ്ങുകളിലും പങ്കെടുപ്പിക്കുന്ന ദളിതരെ അയിത്തം ആചരിക്കുന്നതിനുവേണ്ടി മാത്രം പൊതുചടങ്ങില്‍നിന്ന് മാറ്റിനിര്‍ത്തുന്നത് ഇരട്ടത്താപ്പാണെന്നും ദളിത് സംഘടനകള്‍ പറയുന്നു. ക്ഷേത്രാചാരത്തിന്റെ പേരില്‍ നടക്കുന്നത് നിയമലംഘനമാണെന്നതിന്റെ അടിസ്ഥാനത്തില്‍ പട്ടികജാതി-വര്‍ഗ കമ്മീഷന്‍ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. പ്രകടമായ ഈ ജാതിവിവേചനത്തിനെതിരെ സി.കെ. ജാനു നേതൃത്വം നല്‍കുന്ന ജനാധിപത്യ രാഷ്ട്രീയസഭ കണ്ണൂര്‍ കളക്ടറേറ്റ് പടിക്കല്‍ നിരാഹാരസമരവും ആരംഭിച്ചു. കേരളീയ സമൂഹത്തില്‍നിന്ന് അയിത്തം മുതലായ അനാചാരങ്ങള്‍ തുടച്ചുനീക്കിയത് തങ്ങളാണെന്ന് അവകാശപ്പെടുന്നവരാണ് കമ്മ്യൂണിസ്റ്റുകള്‍. എവിടെയെങ്കിലും ഇനി അയിത്തം നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതിന് ഉത്തരവാദികള്‍ തങ്ങളുടെ രാഷ്ട്രീയഎതിരാളികളാണെന്നും ഇവര്‍ വാദിച്ചുപോരുന്നുണ്ട്. ഉത്തരേന്ത്യയിലെ ആര്‍എസ്എസ് കാര്യാലയങ്ങളില്‍ ആരെയെങ്കിലും പ്രവേശിപ്പിക്കുന്നത് പൂണൂല്‍ ധരിച്ചിട്ടുണ്ടോ എന്ന് നോക്കിയശേഷമാണെന്ന നട്ടാല്‍ മുളയ്ക്കാത്ത നുണ പ്രചരിപ്പിക്കാനും ഇവര്‍ക്ക് മടിയില്ല. കര്‍ണാടകയിലെ ഒരു ക്ഷേത്രത്തില്‍ നടന്നിരുന്ന 'മഡേ സ്‌നാന്‍' എന്ന ചടങ്ങ് നിര്‍ത്തലാക്കിയതിനുശേഷവും അതിനെതിരെ വാളെടുക്കുന്നവരാണ് സിപിഎം നേതാക്കള്‍. ഇക്കൂട്ടരുടെ തട്ടകത്തിലാണ് കാലങ്ങളായി അടിച്ചമര്‍ത്തപ്പെട്ട ഒരു ജനവിഭാഗത്തിന് ജാതിയുടെ പേരില്‍ ക്ഷേത്രാചാരങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയത്. ഈ അനീതിക്കെതിരെ ശബ്ദമുയര്‍ന്നപ്പോള്‍, ഇത്രയും കാലം സമര്‍ത്ഥമായി എടുത്തണിഞ്ഞ മുഖംമൂടി അഴിഞ്ഞുവീഴുകയാണെന്നറിഞ്ഞാവാം 1915 ലെ നിശ്ചയരേഖ പ്രകാരമാണ് വിവാദമായ ചടങ്ങ് തുടരുന്നതെന്നും ദളിതര്‍ ആവശ്യപ്പെട്ടാല്‍ അവര്‍ക്കുള്ള വിലക്ക് നീക്കുന്ന കാര്യം പരിഗണിക്കാമെന്നുമാണ് ക്ഷേത്രഭരണസമിതിക്കാരായ സഖാക്കള്‍ പറയുന്നത്. ഐക്യകേരളം പിറന്നിട്ടുതന്നെ ആറ് പതിറ്റാണ്ടായി. ഇക്കാലമത്രയും മ്ലേഛമായ ഒരു നടപടി തുടര്‍ന്നതിനെക്കുറിച്ച് യാതൊരു കുറ്റബോധവും ഇവര്‍ക്കില്ലെന്നല്ലേ ഇതിനര്‍ത്ഥം? ഭരണഘടനയുടെ വിവിധ വകുപ്പുകള്‍ പ്രകാരം ഏത് രൂപത്തിലുള്ള അയിത്താചരണവും കുറ്റകരമാണെന്ന് ഇവര്‍ക്കറിയാത്തതാണോ? പാര്‍ട്ടിക്കാരുടെ ധാര്‍ഷ്ട്യം ചോദ്യംചെയ്തതിന് ഒരു ദളിത് യുവതിയെ പിഞ്ചുകുഞ്ഞിനൊപ്പം ജയിലിലടച്ചതും കണ്ണൂരിലാണല്ലോ. റഷ്യയിലും മറ്റും കമ്മ്യൂണിസ്റ്റ് വാഴ്ചക്കാലത്ത് ഉയര്‍ന്നുവന്ന 'പുതിയവര്‍ഗ'ത്തെപ്പോലെ കേരളത്തിലും പാര്‍ട്ടിയുടെ തണലില്‍ പണവും അധികാരവും കൈക്കലാക്കിയ പ്രമാണിവര്‍ഗം ജനങ്ങളെ ജാതീയമായും അടിച്ചമര്‍ത്തി രസിക്കുകയാണ്. ദളിതര്‍ക്കു വേണ്ടത് ചുവന്ന തമ്പുരാക്കന്മാരുടെ ഔദാര്യമല്ല. ആരാധനാ സ്വാതന്ത്ര്യം അവരുടെ മൗലികാവകാശമാണ്. ഇതിനാണ് പതിറ്റാണ്ടുകളായി കണ്ണൂരില്‍ വിലക്കേര്‍പ്പെടുത്തിയത്. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രമറിയാവുന്നവര്‍ക്ക് ഇതില്‍ തെല്ലും അത്ഭുതം തോന്നില്ല. പൂണൂല്‍ വിഴുങ്ങിയ കമ്യൂണിസമാണ് അവര്‍ കൊണ്ടുനടക്കുന്നതെന്ന് പണ്ടേ തെളിഞ്ഞതാണ്. വര്‍ഗരഹിത സമൂഹം, സമത്വസുന്ദരലോകം എന്നൊക്കെയുള്ള ആകര്‍ഷകമായ പദാവലികളില്‍ അഭിരമിക്കുമ്പോഴും കോരന്റെ കഞ്ഞി കുമ്പിളില്‍തന്നെയെന്ന് ഉറപ്പുവരുത്താന്‍ എന്നും അവര്‍ ജാഗ്രത പുലര്‍ത്തിയിട്ടുണ്ട്. ദളിതരെ അടിമകളാക്കിവച്ച് ചൂഷണം ചെയ്യാനാണ് സിപിഎം എക്കാലത്തും ശ്രദ്ധിച്ചിട്ടുള്ളത്. ദളിതര്‍ ആത്മാഭിമാനമുള്ളവരായി മുഖ്യധാരയുടെ ഭാഗമാക്കുന്നത് പാര്‍ട്ടി ഒരിക്കലും ഇഷ്ടപ്പെട്ടില്ല. ദളിതര്‍ കടന്നുവരാതിരിക്കാന്‍ പാര്‍ട്ടിയുടെ ഉന്നത നേതൃനിരയിലേക്കുള്ള വാതിലുകള്‍ നിരന്തരം കൊട്ടിയടച്ചു. ദളിതര്‍ക്കുവേണ്ടി അധരവ്യായാമം നടത്തിക്കൊണ്ടായിരുന്നു ഇത്. തലസ്ഥാനത്തെ ഒരു സ്വാശ്രയ കോളജില്‍ ജാതിയുടെപേരില്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കുന്ന മാനേജ്‌മെന്റിന് പാര്‍ട്ടിയും സര്‍ക്കാരും കുടപിടിച്ചുനില്‍ക്കുമ്പോഴാണ് സ്വന്തം തട്ടകമായ കണ്ണൂരിലും ദളിതരെ അസ്പൃശ്യരായി മാറിനിര്‍ത്തുന്നതെന്ന വസ്തുത പുറംലോകമറിഞ്ഞത്. അഴീക്കലിലേത് ഒറ്റപ്പെട്ട സംഭവമാണെന്ന് തോന്നുന്നില്ല. കമ്യൂണിസ്റ്റുകള്‍ പിടിമുറുക്കിയിട്ടുള്ള നിരവധി ക്ഷേത്രങ്ങളില്‍ ജാതീയമായ വിവേചനങ്ങളുണ്ട്. ഇതിനെതിരെ പ്രബുദ്ധ കേരളം ഉണരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.