ദേശീയതയെ എയ്ഡ്‌സിനോട് ഉപമിച്ച് കമല്‍

Monday 19 June 2017 9:32 am IST

കൊല്ലം: ദേശീയതയെ എയ്ഡിസിനെക്കാള്‍ വലിയ വൈറസായി ചിലര്‍ കടത്തിവിടുകയാണെന്ന് സംവിധായകന്‍ കമല്‍. സിപിഐ അധ്യാപകസംഘടനയായ എകെഎസ്ടിയുവിന്റെ സംസ്ഥാനസമ്മേളനത്തോട് അനുബന്ധിച്ച് 15,000 രൂപയുടെ പുരസ്‌കാരം ഏറ്റുവാങ്ങാനെത്തിയതായിരുന്നു കമല്‍. താന്‍ ദേശീയതയെ അല്ല, സാര്‍വദേശീയതയെയാണ് അംഗീകരിക്കുന്നത്. സാര്‍വദേശീയതക്കായി കവിതയെഴുതിയ ടാഗോറിന്റെ ഗീതം ദേശീയഗാനമായതില്‍ വിരോധാഭാസമുണ്ടെന്നും കമല്‍ ആക്ഷേപിച്ചു. തന്റെ കമാലുദീന്‍ എന്ന പേര് സര്‍ട്ടിഫിക്കറ്റില്‍ മാത്രമാണുള്ളത്. കമലു എന്നാണ് നാട്ടുകാരും അമ്മയും വിളിച്ചത്. വരേണ്യനായ കൈതപ്രവും ക്രിസ്ത്യാനിയായ ജോണ്‍സണും തന്റെ സിനിമകളിലാണ് നല്ല പാട്ടുകള്‍ ചെയ്തിട്ടുള്ളത്. സമ്മേളനത്തില്‍ സംസാരിച്ച ഇടതുസഹയാത്രികനായ കവി കുരീപ്പുഴ ശ്രീകുമാര്‍ ലോ അക്കാദമി വിഷയത്തില്‍ വിദ്യാഭ്യാസമന്ത്രിക്കെതിരെ ആഞ്ഞടിച്ചു. വെമുലയുടെ പ്രശ്‌നം ചര്‍ച്ച ചെയ്യുന്ന ഇവര്‍ ജാതി വിളിച്ച് അധിക്ഷേപിച്ച പ്രിന്‍സിപ്പാളിന്റെ നടപടിക്കെതിരെ മിണ്ടുന്നില്ല. പ്ലേ സ്‌കൂള്‍ പോലും നന്നാക്കാന്‍ അറിയാത്തവരാണ് ഉന്നതവിദ്യാഭ്യാസത്തെ വിശുദ്ധമാക്കുന്നതെന്നും കുരീപ്പുഴ ശ്രീകുമാര്‍ പരിഹസിച്ചു. കമലിന് മുല്ലക്കര രത്‌നാകരന്‍ എംഎല്‍എയാണ് പുരസ്‌കാരം സമ്മാനിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.