ശ്രീചിത്ര മെഡിക്കല്‍ സെന്ററില്‍ ധൂര്‍ത്തും അനധികൃതനിയമനവും

Thursday 9 February 2017 11:21 pm IST

രാജേഷ് ദേവ് തിരുവനന്തപുരം: ശ്രീചിത്ര മെഡിക്കല്‍ സെന്ററില്‍ കോടികളുടെ കേന്ദ്രഫണ്ട് ദുര്‍വിനിയോഗവും അനധികൃത നിയമനവും. 2015- 16 സാമ്പത്തികവര്‍ഷം 110 കോടിയാണ് ശ്രീചിത്രയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര ബജറ്റില്‍ വകയിരുത്തിയത്. ജീവനക്കാരുടെ ശമ്പളം, ബിപിഎല്‍ കാര്‍ഡുടമകള്‍ക്കുളള ചികിത്സാ ആനുകൂല്യം, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ തുടങ്ങിയവയുടെ അറ്റകുറ്റപണികള്‍ എന്നിവയ്ക്കാണ് കേന്ദ്രഫണ്ട് വിനിയോഗിക്കേണ്ടത്. കേന്ദ്രഫണ്ടിനുപുറമെ ആശുപത്രി ചികിത്സായിനത്തിലും പൂജപ്പുരയിലെ റിസര്‍ച്ച് സെന്ററില്‍ നിന്ന് ലഭിക്കുന്ന വരുമാനവും ഇവിടെയുണ്ട്. ചില പ്രോജക്ട് ജോലികള്‍ക്ക് ബജറ്റിലെ നീക്കിയിരിപ്പിന് പുറമെ അധികഫണ്ട് കേന്ദ്രത്തില്‍ നിന്ന് അനുവദിക്കുന്നുമുണ്ട്. ഇത്തരത്തില്‍ വന്‍തോതില്‍ സാമ്പത്തിക വരവുണ്ടായിട്ടും ശ്രീചിത്ര മെഡിക്കല്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യം വേണ്ട ഫണ്ടില്ലെന്ന് അധികൃതര്‍ ഉന്നയിക്കുകയും വന്‍തോതില്‍ ഫണ്ടുകള്‍ വഴിവിട്ട് ചെലവഴിക്കുകയും ചെയ്യുന്നു. ഫണ്ട് ദൗര്‍ലഭ്യം ചൂണ്ടിക്കാട്ടി കൂടുതല്‍ ഫണ്ട് ആവശ്യപ്പെട്ട് 2016 ജനുവരി 4 ന് ദില്ലിയിലെ സയന്‍സ് ആന്റ് ടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറി അഷുതോഷ് ശര്‍മ്മയ്ക്ക് ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍ പ്രസിഡന്റ് കെ.എം.ചന്ദ്രശേഖര്‍ കത്ത് നല്‍കിയിട്ടുണ്ട്. അതേസമയം ഇവിടെയെത്തുന്ന ഫണ്ടുകള്‍ വഴിവിട്ട് ചെലവഴിക്കുകയാണെന്നാണ് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. മെഡിക്കല്‍ സെന്റര്‍ പ്രസിഡന്റ് കെ.എം. ചന്ദ്രശേഖറിന്റെ ലക്ഷ്വറി ഓഫീസ് നിര്‍മ്മാണത്തിന് ലക്ഷങ്ങളാണ് ചെലവിട്ടത്. ഇദ്ദേഹത്തിന് മാത്രമായി നിയമിച്ച ക്ലര്‍ക്കിന് 44000 രൂപയും പ്യൂണിന് 30000 രൂപയുമാണ് നല്‍കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാനായിരുന്ന ഇദ്ദേഹവും ഡയറക്ടറുമടങ്ങുന്ന ഗവേര്‍ണിംഗ് ബോഡിയാണ് തീരുമാനങ്ങള്‍ നടപ്പിലാക്കുന്നത്. എന്നാല്‍ ഇവരെടുക്കുന്ന മിക്ക തീരുമാനങ്ങള്‍ക്കും കേന്ദ്രാനുമതിയില്ല. അഡ്മിനിസ്‌ട്രേഷന്‍ തസ്തികകളില്‍ വിവിധ ജോലികളില്‍ നിന്ന് വിരമിച്ചവരെയാണ് കരാറടിസ്ഥാനത്തില്‍ നിയമിച്ചിരുക്കുന്നത്. ലക്ഷങ്ങളാണ് ഇവര്‍ക്ക് ശമ്പളം, പെന്‍ഷന്‍ ഇനത്തില്‍ ചെലവഴിക്കുന്നത്. 2015 നവംബര്‍ 30 ന് മെഡിക്കല്‍ സൂപ്രണ്ട് പദവിയില്‍ നിന്ന് വിരമിച്ച സ്ത്രീയെ ഡിസംബര്‍ 1 ന് ഇതേ തസ്തികയില്‍ വീണ്ടും കരാറടിസ്ഥാനത്തില്‍ 93,080രൂപ ശമ്പളത്തില്‍ നിയമിച്ചു. സിഎജിയില്‍ നിന്നും 2016 ജനുവരി 6 ന് ഫിനാന്‍ഷ്യല്‍ അഡൈ്വസറായി ഡെപ്യൂട്ടേഷനില്‍ വന്ന ഉദ്യോഗസ്ഥന് നവംബര്‍ 30 ന് വിരമിക്കല്‍ കാലാവധി കഴിഞ്ഞെങ്കിലും ഡിസംബര്‍ 1 ന് ഡെപ്യൂട്ടി ഡയറക്ടര്‍ പദവിയില്‍ നിയമനം നല്‍കി. ഇതിന് പുറമെ ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ ചീഫ് പദവിയും ഇദ്ദേഹത്തിന് നല്‍കി. രണ്ട് വര്‍ഷത്തേയ്ക്കാണ് നിയമനം. ഡെപ്യൂട്ടി ഡയറക്ടര്‍ പദവിക്ക് ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. എന്നാല്‍ ബി.കോം മാത്രമാണ് ഇദ്ദേഹത്തിന്റെ യോഗ്യത. സയന്റിസ്റ്റ് എന്‍ജിനീയര്‍മാരുടെ വിരമിക്കല്‍ പ്രായ പരിധി 62 ല്‍ നിന്ന് 65 ആയി ഉയര്‍ത്തി. രണ്ടര ലക്ഷത്തോളം ശമ്പളം വാങ്ങുന്ന ഇവരില്‍ ഇരുപതോളം പേരാണ് 62 വയസ് കഴിഞ്ഞും ഇവിടെ ജോലി ചെയ്യുന്നത്. പിഎച്ച്ഡി ഇല്ലാത്ത അധ്യാപകരെയാണ് അക്കാദമിക് തസ്തികയിലേയ്ക്ക് നിയമിച്ചിട്ടുളളത്. മുപ്പതോളം പേരാണ് ഇത്തരത്തിലുളളത്. അക്കാദമിക് ഡീനിനെ നിയമിച്ചതിലും നിയമപരമായ മാനദണ്ഡങ്ങള്‍ പാലിച്ചില്ല. എംബിബിഎസ് പ്രൊഫസറായി പത്ത് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമാണ് ഈ തസ്തികയില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അനുശാസിക്കുന്നത്. എന്നാല്‍ കെമിസ്ട്രിയില്‍ പിഎച്ച്ഡിയെടുത്ത കല്യാണകൃഷ്ണനെയാണ് അക്കാദമിക് ഡീനായി നിയമിച്ചിരിക്കുന്നത്. എംസിഎച്ച്, ഡിഎം, പിഡിഎഫ് തുടങ്ങി പതിനഞ്ചോളം കോഴ്‌സുകളാണ് ഇവിടെയുളളത്. പതിനായിരങ്ങള്‍ നല്‍കിയാണ് വിദ്യാര്‍ത്ഥികള്‍ ഇവിടെ അഡ്മിഷന്‍ വാങ്ങുന്നതെന്നും ആക്ഷേപമുണ്ട്. അനധികൃത നിയമനങ്ങളിലൂടെയും ധൂര്‍ത്തിലൂടെയും ലക്ഷങ്ങള്‍ നഷ്ടപ്പെടുത്തുമ്പോള്‍ കേന്ദ്ര ഫണ്ടുണ്ടായിട്ടും ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് കൃത്യമായ ചികിത്സാ ആനുകൂല്യം ലഭിക്കാറില്ല. ഇവര്‍ക്കുളള മിക്ക ശസ്ത്രക്രിയകളും മാസങ്ങളോളമാണ് നീളുന്നത്. പണം നല്‍കുന്നവര്‍ക്ക് വളരെ വേഗം ശസ്ത്രക്രിയകള്‍ നടത്തുന്നുമുണ്ട്. സ്വകാര്യ ആശുപത്രികളുടെ കുത്തഴിഞ്ഞ ഫീസ് വര്‍ദ്ധനവാണ് ശ്രീചിത്രയും ലക്ഷ്യമിടുന്നത്. ഇതിന് മുന്നോടിയായി ചികിത്സാ ചിലവുകള്‍ വര്‍ദ്ധിപ്പിച്ചിരുന്നു. ചികിത്സാ ക്രമീകരണങ്ങളെ എ,ബി,സി എന്നീ കാറ്റഗറിയിലാക്കി 10, 30, 100 ശതമാനമാണ് വര്‍ദ്ധനവ്. ഒപി ടിക്കറ്റ് പോലും 500 രൂപയില്‍ നിന്നും 750 രൂപയായിട്ട് വര്‍ദ്ധിപ്പിച്ചു. ഓഡിറ്റിംഗ് പോലും ഗവേണിംഗ് ബോഡിയുടെ ഇഷ്ടക്കാരായ സ്വകാര്യ ഏജന്‍സിയാണ് നടത്തുന്നത്. ശ്രീചിത്ര മെഡിക്കല്‍ സെന്ററിന്റെ ആക്ട് പ്രകാരം സിഎജിയെക്കൊണ്ട് മാത്രമേ ഓഡിറ്റ് ചെയ്യാന്‍ പാടുളളൂവെന്നതാണ് വ്യവസ്ഥ. എന്നാല്‍ 2015- 16 ലെ ഓഡിറ്റിംഗ് സ്വകാര്യ ഏജന്‍സിയെക്കൊണ്ട് നടത്തിക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.