ഏനാത്ത് ബെയ്‌ലി പാലം നിര്‍മിക്കാന്‍ കരസേനയെത്തും

Monday 19 June 2017 10:10 am IST

ഏനാത്ത് ബെയ്‌ലി പാലം നിര്‍മിക്കുന്നതിനു മുന്നോടിയായി ഡപ്യൂട്ടി കമാണ്ടന്റ് ഗൗതം ഗൂഹയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലപരിശോധന നടത്തുന്നു

കൊട്ടാരക്കര: യാത്രാക്ലേശം പരിഹരിക്കാന്‍ ഏനാത്ത് ബെയ്‌ലി പാലം നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കി. ഇതിനെ തുടര്‍ന്ന് ഡപ്യൂട്ടി കമാണ്ടന്റ് ഗൗതംഗൂഹയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്ന് രാവിലെ മിലിട്ടറി എഞ്ചീനിയറിംഗ് വിഭാഗം നിര്‍മ്മാണം സംബന്ധിച്ച് അന്തിമ രൂപം നല്‍കും. സാദാ ബെയ്‌ലി പാലം നിര്‍മ്മിച്ചാല്‍ കാല്‍നട മാത്രമെ സാധ്യമാകൂ എന്നുള്ളതുകൊണ്ട് ക്ലാസ് 40 ടണ്‍ വിഭാഗത്തിലുള്ള പാലമാണ് നിര്‍മ്മിക്കുന്നത്.

ബിജെപിയും പൂര്‍വസൈനികസേവാപരിഷത്തും ഒടുവില്‍ സംസ്ഥാനസര്‍ക്കാരും സ്ഥലം എംപിയും നല്‍കിയ നിവേദനം പരിഗണിച്ചാണ് നടപടി. കാല്‍നട ആവശ്യത്തിനുള്ള ബെയ്‌ലി പാലമല്ല, ക്ലാസ് ലോഡ് 40 ടണ്‍ ബെയ്‌ലി പാലമാണ് വേണ്ടതെന്ന് കാട്ടി ഇന്നലെ സ്ഥലം സന്ദര്‍ശിച്ച മദ്രാസ് എഞ്ചിനീയര്‍ ഗ്രൂപ്പില്‍ നിന്നും വിരമിച്ച എഞ്ചിനീയര്‍ പഴങ്ങാലം ഓമനക്കുട്ടന്റെ നേതൃത്വത്തിലുള്ള പൂര്‍വസൈനികസേവാപരിഷത്ത് സംഘം കേന്ദ്രപ്രതിരോധ മന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്. സാധാരണ ബെയ്‌ലി പാലം നിര്‍മ്മിച്ചാല്‍ കാല്‍നട മാത്രമെ സാധ്യമാകു. അത് ഇത്രയും തിരക്കേറിയ പാതയില്‍ ഗുണകരമാവില്ല.

ക്ലാസ് ലോഡിന്റെ 40 ടണ്‍ പാലം നിര്‍മ്മിച്ചാല്‍ ബസുകള്‍ ഉള്‍പ്പടെ 40 ടണ്‍വരെ ശേഷിയുള്ള വാഹനങ്ങള്‍ക്ക് കടന്നുപോകാം. മുന്‍പ് റാന്നിയില്‍ നിര്‍മ്മിച്ചത് 40 ടണ്‍ വിഭാഗത്തിലുള്ളതായിരുന്നു. ഇത്തരമൊരു പാലം നിര്‍മ്മിക്കാന്‍ സൈന്യത്തിന് ആകെ വേണ്ടിവരുന്നത് രണ്ടാഴ്ച സമയമാണ്. യുദ്ധകാലാടിസ്ഥാനത്തിലാണങ്കില്‍ വെറും ഒരാഴ്ച കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കും.

സ്ഥലം സന്ദര്‍ശിച്ച് രൂപരേഖ തയ്യാറാക്കിയാല്‍ മിലിട്ടറിയുടെ എഞ്ചിനീയറിംഗ് വിഭാഗമായ മദ്രാസ് എഞ്ചിനീയര്‍ ഗ്രൂപ്പിന്റെ ആസ്ഥാനമായ ബാംഗ്ലൂരില്‍ നിന്ന് പാലം പണിക്കാവശ്യമായ സാധനങ്ങള്‍ എത്തിക്കും. സംസ്ഥാനസര്‍ക്കാരിന് വലിയ മുതല്‍മുടക്കില്ല. ആകെ ബെംഗളൂരുവില്‍ നിന്ന് സാധനം എത്തിക്കുന്നതിനുള്ള സിവില്‍ ട്രക്കിന്റെ വാടകയും നിര്‍മ്മാണത്തിന് എത്തുന്ന സൈനികര്‍ക്ക് താമസത്തിനും ഭക്ഷണത്തിനുമുള്ള സൗകര്യവും ഒരുക്കണം. പാലം പൂര്‍ത്തിയാകുന്നതോടെ എംസി റോഡ് വഴിയുള്ള യാത്രാക്ലേശം പൂര്‍ണമായി പരിഹരിച്ച് വാഹനങ്ങള്‍ക്ക് പതിവ് പോലെ സര്‍വീസ് നടത്താം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.