നിലമ്പൂര്‍ തേക്കിന് ഭൂപ്രദേശ സൂചികാപദവി ലഭിക്കും

Monday 19 June 2017 10:20 am IST

തൃശൂര്‍: തേക്കിന് ഭൂപ്രദേശ സൂചികാ പദവി ലഭ്യമാക്കുന്നതിനുള്ള നീക്കങ്ങള്‍ ഫലപ്രാപ്തിയിലേക്ക്. കേരള കാര്‍ഷിക സര്‍വകലാശാലയുടെ നേതൃത്വത്തില്‍ നിലമ്പൂര്‍ തേക്ക് പാരമ്പര്യ സംരക്ഷണ സമിതി നടത്തിയ ശ്രമങ്ങള്‍ അവസാന ഘട്ടത്തിലാണ്. അടുത്തമാസത്തോടെ ഭൂപ്രദേശ സൂചിക അംഗീകാരം ലഭിച്ച കേരളീയോല്‍പ്പന്നങ്ങളുടെ പട്ടികയില്‍ നിലമ്പൂര്‍ തേക്കും സ്ഥാനം പിടിക്കും. തേക്കിനങ്ങളില്‍ ഏറ്റവും ആകര്‍ഷകമായ നിലമ്പൂര്‍ തേക്കിന്റെ പ്രത്യേകതകള്‍ തിരിച്ചറിഞ്ഞതും നിലമ്പൂരിലെ തേക്ക് തോട്ടത്തിനടിസ്ഥാനമിട്ടതും ബ്രിട്ടീഷുകാരായിരുന്നു. തേക്കിന്റെ മെക്ക എന്നറിയപ്പെടുന്ന നിലമ്പൂരില്‍ നിന്ന് ലക്ഷക്കണക്കിനു തേക്കിന്‍തടികള്‍ ലണ്ടന്‍ ഉള്‍പ്പടെയുള്ള വിദേശ നഗരങ്ങളിലേക്കെത്തിയിട്ടുണ്ട്. തേക്ക് തടികള്‍ കൊണ്ടുപോകാന്‍ വേണ്ടി സ്ഥാപിച്ചതാണ് ഷൊര്‍ണൂര്‍-നിലമ്പൂര്‍ റെയില്‍പ്പാത. 2016 ഡിസംബറിലാണ് ഭൂപ്രദേശ സൂചികക്കുള്ള അപേക്ഷ സമര്‍പ്പിച്ചത്. നിലമ്പൂര്‍ പാരമ്പര്യ തേക്ക് സംരക്ഷണസമിതിയുടെ പേരില്‍ കാര്‍ഷിക സര്‍വകലാശാല ബൗദ്ധിക സ്വത്തവകാശ സെല്ലാണ് അപേക്ഷ തയ്യാറാക്കി ചെന്നൈയിലെ ജിഐ രജിസ്ട്രിയില്‍ സമര്‍പ്പിച്ചത്. തുടര്‍നടപടികള്‍ ഫെബ്രുവരി അവസാനം ചേരുന്ന സിറ്റിങ്ങില്‍ പൂര്‍ത്തിയാകും. തേക്ക് സംരക്ഷണസമിതിയുടെ പ്രതിനിധികളും കാര്‍ഷിക സര്‍വകലാശാല ബൗദ്ധിക സ്വത്തവകാശ സെല്‍ കണ്‍വീനറും വനശാസ്ത്ര കോളേജിലെ വിദഗ്ദ്ധരും പങ്കെടുക്കും. പൊക്കാളി അരി, വാഴക്കുളം പൈനാപ്പിള്‍, പാലക്കാടന്‍ മട്ട, മധ്യതിരുവിതാംകൂര്‍ ശര്‍ക്കര, ഗന്ധകശാല, ജീരകശാല എന്നീ വയനാടന്‍ നെല്ലിനങ്ങള്‍, തിരൂര്‍ വെറ്റില, ചെങ്ങാലിക്കോടന്‍ നേന്ത്രന്‍ എന്നിവയാണ് ഇതുവരെ ഭൂപ്രദേശ സൂചിക ലഭിച്ച കേരളീയ കാര്‍ഷികോല്‍പ്പന്നങ്ങള്‍. ആദ്യമായി സൂചിക ലഭിച്ച പൊക്കാളി അരിയുടെ രജിസ്‌ട്രേഷന്‍ പുതുക്കിയെടുക്കാനുള്ള ശ്രമങ്ങളും വിജയിച്ചതായി ബൗദ്ധിക സ്വത്തവകാശ സെല്‍ കണ്‍വീനര്‍ ഡോ. സി.ആര്‍. എല്‍സി അറിയിച്ചു. 2007 ജനുവരിയില്‍ ലഭിച്ച രജിസ്‌ട്രേഷന്‍ കാലാവധി പത്തുവര്‍ഷത്തേക്കായിരുന്നു. ഇപ്പോള്‍ പുതുക്കിക്കിട്ടിയ രജിസ്‌ട്രേഷന് 2027 വരെ പ്രാബല്യത്തിലുണ്ടായിരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.