നെഹ്‌റു കോളേജില്‍ വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ ശ്രമം; കോളേജിന് മുന്നില്‍ സംഘര്‍ഷം

Monday 19 June 2017 11:10 am IST

തിരുവില്വാമല: പാമ്പാടി നെഹ്‌റുകോളേജില്‍ നാലുവിദ്യാര്‍ത്ഥികളെ പുറത്താക്കാനുള്ള മാനേജ്‌മെന്റ് നീക്കത്തെത്തുടര്‍ന്ന് സംഘര്‍ഷം. കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് സമരത്തിന് നേതൃത്വം നല്‍കുകയും കോളേജിനെതിരെ പരാതി നല്‍കുകയും ചെയ്ത നാലു വിദ്യാര്‍ത്ഥികളെ സസ്‌പെന്റ് ചെയ്തതിനെത്തുടര്‍ന്നാണ് കോളേജിന് മുന്നില്‍ പ്രതിഷേധവും സംഘര്‍ഷവും ഉണ്ടായത്. കഴിഞ്ഞ ദിവസം ക്ലാസുകള്‍ ആരംഭിച്ച നെഹ്‌റു ഫാര്‍മസി കോളേജ് ഇതേത്തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ അടപ്പിച്ചു. സസ്‌പെന്‍ഷന്‍ തീരുമാനവുമായി മുന്നോട്ടുപോയാല്‍ കോളേജ് തുറക്കാന്‍ അനുവദിക്കില്ലെന്ന് വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ അറിയിച്ചു. വിദ്യാര്‍ത്ഥി സംഘടനകളുടെ സംയുക്തസമരസമിതി രൂപീകരിച്ചിട്ടുണ്ട്. ഇന്നലെ കോളേജില്‍ രക്ഷാകര്‍തൃയോഗത്തിനെത്തിയപ്പോള്‍ ഈ നാല് വിദ്യാര്‍ത്ഥികളുടെ രക്ഷാകര്‍ത്താക്കളെ സെക്യൂരിറ്റി സ്റ്റാഫ് ബലമായി പുറത്താക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളേജ് ഗേറ്റിന് മുന്നില്‍ പ്രകടനമായെത്തി. പോലീസെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. സസ്‌പെന്‍ഷന്‍ തീരുമാനത്തിനെതിരെ ഇന്ന് എസ്എഫ്‌ഐ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. കോളേജിനെതിരെ പരാതി നല്‍കിയ ഇവര്‍ ഇനി ഇവിടെ പഠിക്കുന്നത് ശരിയാകില്ലെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ രക്ഷാകര്‍ത്തക്കളെ ഫോണില്‍ അറിയിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളോട് ക്ലാസില്‍ കയറരുതെന്നും കാമ്പസ്സില്‍ കാണരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേസമയം സസ്‌പെന്‍ഷന്‍ ഉത്തരവ് രേഖാമൂലം നല്‍കാത്തത് ദുരൂഹതയുണര്‍ത്തുന്നു. സംഭവം വിവാദമായതിനെത്തുടര്‍ന്ന് സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചിട്ടില്ലെന്ന നിലപാടിലാണ് ഇപ്പോള്‍ മാനേജ്‌മെന്റ്. ഇക്കാര്യത്തെക്കുറിച്ച് ആലോചിച്ച് വരുന്നതേയുള്ളുവെന്നും ഇന്നലെ വൈകി മാനേജ്‌മെന്റ് പ്രതിനിധി അറിയിച്ചു. അതിനിടെ സംഘര്‍ഷം കനത്തതോടെ മാനേജ്‌മെന്റ് രാത്രി വിദ്യാര്‍ത്ഥി പ്രതിനിധികളുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് സമരത്തില്‍ പങ്കെടുത്ത ആര്‍ക്കുമെതിരെ സസ്‌പെന്‍ഷന്‍ നടപടി ഉണ്ടാവില്ലെന്ന് പ്രിന്‍സിപ്പാള്‍ രേഖാമൂലം എഴുതി നല്‍കുകയായിരുന്നു. ഇതോടെയാണ് സംഘര്‍ഷത്തിന് അയവ് വന്നത്. 'നെഹ്‌റു കോളേജിന്റെ അഫിലിയേഷന്‍ റദ്ദാക്കണം' തിരുവനന്തപുരം: സ്വാശ്രയ കോളേജുകള്‍ അഹങ്കാരത്തോടെയുള്ള നിലപാട് തുടരുന്നതിനു കാരണം സര്‍ക്കാര്‍ നല്‍കുന്ന ഒത്താശയാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം വി. മുരളീധരന്‍. സഹപാഠി പീഡനമേറ്റ് മരിച്ചതിനെതുടര്‍ന്ന് പ്രതിഷേധിച്ച നാല് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്ത നെഹ്‌റു കോളേജ് മാനേജ്‌മെന്റിന്റെ അഫിലിയേഷന്‍ സര്‍വകലാശാല റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജിഷ്ണു പ്രണോയ് മരണമടഞ്ഞ് ഒരു മാസത്തോളമായിട്ടും പ്രതികളെ പിടിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. പ്രതികളെ പിടിക്കാത്തതിനെ തുടര്‍ന്ന് ജിഷ്ണുവിന്റെ അമ്മ മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടും ഒരു നടപടിയുമുണ്ടായില്ല. നെഹ്‌റു കോളേജ് ഉടമയുടെ വീട്ടിനു മുന്നില്‍ സത്യഗ്രഹം തുടങ്ങുമെന്നാണ് ജിഷ്ണുവിന്റെ അച്ഛന്‍ പറഞ്ഞത്. ലോ അക്കാദമിയിലെ സമരത്തെപ്പോലും അട്ടിമറിച്ച് മാനേജ്‌മെന്റിന് അനുകൂലമായ നിലപാടാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. ഇതിനു ശേഷവും മാനേജ്‌മെന്റുകളെ നിലയ്ക്കുനിര്‍ത്താനുള്ള ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. ഇതിന്റെ ഫലമാണ് നെഹ്‌റു കോളേജില്‍ സമരം ചെയ്ത നാല് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തത്. മാനേജ്‌മെന്റുകളുമായുള്ള ഒത്തുകളി സര്‍ക്കാര്‍ ഇപ്പോഴും തുടരുകയാണ്. സഹപാഠിയുടെ മരണത്തില്‍ പ്രതിഷേധിച്ചതിനു പുറത്താക്കിയ വിദ്യാര്‍ഥികളെ നെഹ്‌റു കോളേജ് മാനേജ്‌മെന്റ് അടിയന്തരമായി തിരിച്ചെടുക്കണം. അല്ലെങ്കില്‍ തുടര്‍ന്നുണ്ടാകുന്ന എല്ലാ പ്രത്യാഘാതങ്ങള്‍ക്കും ഉത്തരവാദി നെഹ്‌റു കോളേജ് മാനേജ്‌മെന്റും സര്‍ക്കാരും ആയിരിക്കുമെന്നും വി. മുരളീധരന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.