കോട്ടയം: പോസ്റ്റല്‍ എടിഎം കാര്‍ഡ് ഉപയോഗിച്ച് ഏത് ബാങ്കിന്റെയും എടിഎം കൗണ്ടറില്‍ നിന്നു രൂപ പിന്‍വലിക്കാന്‍ സാധിച്ചതോടെ പോസ്റ്റല്‍ അക്കൗണ്ടിന് പ്രിയമേറുന്നു. മിനിമം ബാലന്‍സ് അന്‍പത് രൂപമാത്രം അക്കൗണ്ടില്‍ സൂക്ഷിച്ചാല്‍ മതിയെന്നതാണ് പോസ്റ്റല്‍ അക്കൗണ്ടിന്റെ പ്രത്യേകത.
പോസ്റ്റലിന്റെ എടിഎം കൗണ്ടറില്‍ നിന്നു മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗിച്ച് എത്ര പ്രാവശ്യം തുക പിന്‍വലിച്ചാലും അതിന് സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കില്ലെന്നതും പ്രത്യേകതയാണ്. 50 രൂപ മുടക്കി പോസ്റ്റല്‍ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്ന ആളുകള്‍ക്ക് റൂപേ എടിഎം കാര്‍ഡാണ് നല്‍കുന്നത്. ഇതേ സൗകര്യങ്ങള്‍ മറ്റു ബാങ്ക് വഴി ലഭിക്കണമെങ്കില്‍ അക്കൗണ്ടില്‍ കുറഞ്ഞത് ആയിരം രൂപയെങ്കിലും ഉണ്ടായിരിക്കണം. അക്കൗണ്ടിലെ മിനിമം ബാലന്‍സ് കുറഞ്ഞു പോയാല്‍ അതിന്റെ പിഴ വേറെ ബാങ്ക് ഈടാക്കുകയും ചെയ്യും.
കഴിഞ്ഞമാസം മുതലാണ് എത്് ബാങ്കിന്റെയും എടിഎം കാര്‍ഡ് ഉപയോഗിച്ച് തുക പിന്‍വലിക്കാവുന്ന സംവിധാനം തപാല്‍ വകുപ്പിന്റെ എടിഎം കൗണ്ടറില്‍ ഏര്‍പ്പെടുത്തിയത്. ഇതോടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എടിഎം കൗണ്ടറുകളായി മാറുകയായിരുന്നു. മറ്റ് ബാങ്കുകള്‍ നഗരങ്ങള്‍ കേന്ദ്രികരിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ തപാല്‍ ബാങ്ക് നഗരങ്ങളില്‍ ഉള്ളവര്‍ക്കൊപ്പം ഗ്രാമീണ മേഖലയിലുള്ള ജനങ്ങള്‍ക്കും പ്രയോജനം ലഭ്യമാക്കുന്നു എന്നതാണ് പ്രത്യേകത.
ലോകത്തില്‍ ഏറ്റവും വലിയ നെറ്റ്വര്‍ക്ക് ഉള്ളത് തപാല്‍ വകുപ്പിനാണ്. ഇന്ത്യയിലെ എല്ലാ ഹെഡ്പോസ്റ്റ്ഓഫീസ്, എംഡിജി ഓഫീസ്, തെരഞ്ഞെടുത്ത സബ് ഓഫീസുകളിലുമാണ് പ്രരംഭ ഘട്ടത്തില്‍ എടിഎം കൗണ്ടറുകള്‍ സ്ഥാപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: