പാല്‍ വില വര്‍ധന: കര്‍ഷകര്‍ക്ക് ലഭിക്കുന്നത് 3.35 രൂപ

Monday 19 June 2017 10:06 am IST

തിരുവനന്തപുരം: മില്‍മ പാല്‍ വില വര്‍ധനവിലൂടെ കര്‍ഷകര്‍ക്ക് ലഭിക്കുന്നത് ലിറ്ററിന് ശരാശരി 3.35 രൂപ. എന്നാല്‍, പാല്‍ വില ചാര്‍ട്ട് തയാറാക്കുമ്പോള്‍ ശരാശരി ഗുണനിലവാരമുള്ള (4.1 ശതമാനം കൊഴുപ്പും 8.3ശതമാനം മറ്റു ഖരപദാര്‍ത്ഥങ്ങളുമടങ്ങിയ) പാലിന് ലിറ്ററിന് 4.02 പൈസയുടെ വര്‍ധനവുണ്ടാകും. ഇപ്പോള്‍ സംഘങ്ങളില്‍ നിന്നു കര്‍ഷകര്‍ക്ക് ലഭിക്കുന്ന വില ലിറ്ററിന് 30.12 രൂപ എന്നത് 34.14 രൂപയായി വര്‍ധിക്കും. സംഘങ്ങള്‍ക്ക് ഇപ്പോള്‍ മില്‍മയില്‍ നിന്നും ലഭിക്കുന്ന വില ലിറ്ററിന് 31.50 എന്നത് 35.87 രൂപയായും വര്‍ധിക്കും. വര്‍ധിപ്പിച്ച നാലു രൂപയില്‍ 16 പൈസ വീതം ക്ഷീര സഹകരണ സംഘങ്ങള്‍ക്കും വിതരണ ഏജന്റിനും ലഭിക്കും. ഇതിന് പുറമെ ക്ഷീരസംഘങ്ങള്‍ക്ക് ഒറ്റത്തവണ സഹായമായി ലിറ്ററിന് 16 പൈസ അധികമായി നല്‍കും. 0.75 ശതമാനം തുക ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡിലേക്കുള്ള അംശദായമായി നല്‍കും. ബാക്കിവരുന്ന 14 പൈസ മേഖലാ യൂണിയനുകളുടെയും ഡയറികളുടെയും സംഭരണ സംസ്‌കരണ പാക്കിങ് ചെലവുകളിലുമുണ്ടാകുന്ന വര്‍ധന നേരിടുന്നതിന് മാറ്റിവയ്ക്കും. സംസ്ഥാനത്ത് പാല്‍ ഉത്പാദനത്തില്‍ 80,000 ലിറ്ററിന്റെ കുറവുണ്ടായെന്ന് ചെയര്‍മാന്‍ ഗോപാലക്കുറുപ്പ് പറഞ്ഞു. വേനല്‍മഴ കിട്ടാതെ വന്നതും ഉത്പാദന ചെലവ് വര്‍ധിച്ചതോടെ ക്ഷീരകര്‍ഷകര്‍ ഈ രംഗം വിടുന്നതുമാണ് കുറവിന് കാരണം. ഏകദേശം 13 ലക്ഷം ലിറ്റല്‍ പാലാണ് ദിനംപ്രതി മില്‍മ വിതരണം ചെയ്യുന്നു. ഇതില്‍ 10.2 ലക്ഷം ലിറ്റര്‍ പാല്‍ കേരളത്തില്‍ ഉത്പാദിപ്പിക്കുന്നു. എന്നാല്‍ ഇത് 9.8 ലക്ഷം ലിറ്ററായി കുറഞ്ഞു. ഇതുകാരണം അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടുതല്‍ പാല്‍ വാങ്ങുകയാണ്. ശരാശരി നാല് ലക്ഷം ലിറ്റര്‍ പാലാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങുന്നത്. കര്‍ണാടകവും തമിഴ്‌നാടും മില്‍മക്ക് നല്‍കുന്ന പാലിന്റെ വില വര്‍ധിപ്പിക്കുകയും ചെയ്തു. കാലിത്തീറ്റയുടെ വില മാത്രം നാല് തവണ വര്‍ധിപ്പിച്ചു. ഈ സാഹചര്യത്തില്‍ വില വര്‍ധിപ്പിക്കണമെന്ന് ക്ഷീര കര്‍ഷകര്‍ നിരന്തരം ആവശ്യപ്പെട്ടുവരികയായിരുന്നു. ഒരു ലിറ്റര്‍ പാലിന്റെ ഉല്‍പാദന ചെലവില്‍ അഞ്ചു രൂപയുടെ വര്‍ധനവുണ്ടായി. ഈ സാഹചര്യത്തിലാണ് നാല് രൂപയുടെ വര്‍ധന വരുത്തുന്നതെന്ന് ചെയര്‍മാന്‍ പറഞ്ഞു. മേഖലാ യൂണിയന്‍ ചെയര്‍മാന്‍മാരായ കല്ലട രമേശ്, പി.എ. ബാലന്‍മാസ്റ്റര്‍, കെ.എന്‍. സുരേന്ദ്രന്‍നായര്‍, ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.