60 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

Friday 10 February 2017 1:04 pm IST

മലപ്പുറം: സ്‌കൂള്‍, കോളേജ് ലബോറട്ടറികളിലേക്ക് ലാബ് ഉപകരണങ്ങളും കെമിക്കലുകളും വിതരണം ചെയ്യുന്ന മെഡ്‌വിന്‍ ഡയഗ്നോസ്റ്റിക്‌സ് എന്ന സ്ഥാപനത്തില്‍ നിന്ന് 60 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. 500 മില്ലി ലിറ്ററിന്റെ 121 കുപ്പികളിലായിരുന്നു സിപിരിറ്റ്. സ്ഥാപന ഉടമ മലപ്പുറം മുണ്ടുപറമ്പ് കാവില്‍പുരയിടത്ത് ജോസഫിന്റെ മകന്‍ ഷാജുവിനെ അറസ്റ്റ് അറസ്റ്റ് ചെയ്തു. സ്പിരിറ്റ് അഥവാ എഥനോള്‍ വില്‍ക്കുന്നതിനായി എക്‌സൈസ് വകുപ്പില്‍ നിന്നും ആര്‍എസ്1 എന്ന ലൈസന്‍സ് എടുക്കുകയും നിയമാനുസരണം ആവശ്യമുള്ള സ്പിരിറ്റ് ഫാക്ടറികളില്‍ നിന്ന് പ്രത്യേക പെര്‍മിറ്റ് ഫീസ് അടച്ച് എത്തിക്കണമെന്നാണ് നിയമം. എന്നാല്‍ ഈ സ്ഥാപനം ആവശ്യാനുസരണം എഥനോള്‍ മുംബൈയിലെ ഒരു ഏജന്‍സി വഴി ചൈനയില്‍ ഉല്പാദിപ്പിച്ച സ്പിരിറ്റ് പാര്‍സല്‍ സര്‍വീസ് വഴി വരുത്തിയാണ് വില്‍പന നടത്തിയിരുന്നത്. ഉത്തര മേഖലാ ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ പി.ജയരാജന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അഞ്ചുവര്‍ഷത്തിലധികമായി അനധികൃതമായി സ്പിരിറ്റ് വരുത്തുന്നതായി ഇയാള്‍ സമ്മതിച്ചു. പ്രതിയെ മലപ്പുറം കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി. ആര്‍. അനില്‍ കുമാര്‍, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ പി.ബാലകൃഷ്ണന്‍, റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ ടി.എന്‍.സുധീര്‍, പ്രിവന്റീവ് ഓഫീസര്‍ വി.കുഞ്ഞിമുഹമ്മദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രശാന്ത്, സതീഷ് കുമാര്‍, എസ്.സുനില്‍ കുമാര്‍, കെ.എ.അനീഷ്, എന്‍.രഞ്ജിത്ത്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ പി.രോഹിണി കൃഷ്ണന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.