അണ്ടല്ലൂര്‍ സന്തോഷ് വധം: മുഖ്യപ്രതി കുറ്റം സമ്മതിച്ചു: കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെത്തി

Friday 10 February 2017 4:23 pm IST

തലശ്ശേരി: ബിജെപി അണ്ടല്ലൂര്‍ ബൂത്ത് കമ്മറ്റി പ്രസിഡണ്ട് അണ്ടല്ലൂര്‍ മുല്ലപ്രത്തെ ചോമന്റവിട സന്തോഷിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അതുല്‍ എന്ന അപ്പു അന്വേഷണ സംഘത്തിന് മുമ്പാകെ കുറ്റസമ്മതം നടത്തി. ജനുവരി 31 ന് കോടതിയില്‍ കീഴടങ്ങിയ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യവേയാണ് കുറ്റസമ്മതം നടത്തിയത്. ജനുവരി 18 ന് രാത്രി സന്തോഷിന്റെ വീടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കയറി അക്രമിച്ച സംഘത്തിന് നേതൃത്വം നല്‍കിയത് താനാണെന്നും കൂട്ടുകാരനായ അനിലിനെ നേരത്തെ അക്രമിച്ചതിന് പ്രതികാരമായാണ് സന്തോഷിനെ അക്രമിച്ച് കൊലപ്പെടുത്തിയതെന്നും അന്വേഷണ സംഘതത്തോട് സമ്മതിച്ച പ്രതി സന്തോഷിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തിയും പോലീസിന് കാട്ടിക്കൊടുത്തു. ആയുധം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതോടെ കേസിലെ എട്ട് പ്രതികളെയും പോലീസ് ചോദ്യം ചെയ്യുകയും ആയുധങ്ങള്‍ കണ്ടെടുക്കുകയും ചെയ്തുകഴിഞ്ഞു. റിമാന്റിലുള്ള പ്രതികള്‍ക്കെതിരെ 90 ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ പഴുതടച്ച രീതിയില്‍ കുറ്റപത്രം തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിക്കാനാണ് അന്വേഷണസംഘം തയ്യാറെടുക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.