നോട്ട് അസാധുവാക്കലിലും വന്‍ നേട്ടവുമായി കേരള ടൂറിസം; സര്‍ക്കാര്‍ പ്രചരണം പൊളിഞ്ഞു

Monday 19 June 2017 7:06 am IST

തിരുവനന്തപുരം: നോട്ട് പിന്‍വലിക്കല്‍ ടൂറിസത്തെ ബാധിക്കുമെന്ന കേരള സര്‍ക്കാര്‍ പ്രചരണം പൊളിഞ്ഞെന്ന്  കണക്കുകള്‍ സൂചിപ്പിക്കുന്നു. കേരളത്തിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം 5.71 ശതമാനം വര്‍ദ്ധന ഉണ്ടായി. 2016ല്‍ വിദേശ വിനോദസഞ്ചാരികളുടെ വരവ് 6.23 ശതമാനവും ആഭ്യന്തര വിനോദ സഞ്ചാരികളുടെ വരവ് 5.67 ശതമാനവുമാണ് 2015നെ അപേക്ഷിച്ച് വര്‍ദ്ധിച്ചത്. കഴിഞ്ഞ വര്‍ഷം 1.42കോടി വിനോദസഞ്ചാരികള്‍ കേരളത്തിലെത്തിയതായി ടൂറിസം വകുപ്പിന്റെ കണക്കുകള്‍ പറയുന്നു. 2015ല്‍ ഇത് 1.34 കോടിയായിരുന്നു. 1.32 കോടി ആഭ്യന്തര വിനോദസഞ്ചാരികളും 10.38 ലക്ഷം വിദേശ വിനോദസഞ്ചാരികളും 2016ല്‍ കേരളത്തിലെത്തി. സീസണ്‍ മാസമായി കണക്കാക്കപ്പെടുന്ന നവംബറില്‍ ആഭ്യന്തര വിനോദ സഞ്ചാരികളുടെ വരവില്‍ മാത്രമാണ് 2015 നവംബറിനെ അപേക്ഷിച്ച് അര ശതമാനം കുറവ് സംഭവിച്ചത്. വലിയ തിരിച്ചടിയില്ലായിരുന്നുവെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വിദേശ വിനോദസഞ്ചാരികളുടെ വരവിനെയും നോട്ട് പിന്‍വലിക്കല്‍ ബാധിച്ചിട്ടില്ല. 2016 ഒക്‌ടോബറില്‍ 8.45 ശതമാനവും നവംബറില്‍ 6.98, ഡിസംബറില്‍ 8.01 വീതവും 2015നെ അപേക്ഷിച്ച് വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ദ്ധനഉണ്ടായി. ടൂറിസം വകുപ്പ് പുറത്തുവിട്ട താത്കാലിക കണക്കുകളാണിത്. വിശദമായ റിപ്പോര്‍ട്ട് ഏപ്രിലോടുകൂടി പുറത്തിറക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.