ചേര്‍ത്തലയിലെ ഇ- ടൊയ്‌ലറ്റുകള്‍ ഉപയോഗശൂന്യമായി

Friday 10 February 2017 7:32 pm IST

ചേര്‍ത്തല: നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ 30 ലക്ഷത്തില്‍പ്പരം രൂപ ചിലവഴിച്ച് സ്ഥാപിച്ച ഇ-ടൊയ്‌ലറ്റുകള്‍ ഉപയോഗശൂന്യമായി. ചേര്‍ത്തല കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം, പാരഡൈസ് തീയേറ്ററിന് സമീപം, സ്വകാര്യ ബസ്സ്റ്റാന്‍ഡ് എന്നിവിടങ്ങളിലായി 2013ല്‍ എംപി ഫണ്ടിലും നഗരസഭ ഫണ്ടിലുമായി സ്ഥാപിച്ച ടൊയ്‌ലറ്റുകളാണ് മേല്‍നോട്ടത്തിലെ പാകപ്പിഴ കാരണം ഉപയോശൂന്യമായത്. കെല്‍ട്രോണാണ് ഇവ സ്ഥാപിച്ചത്. അറ്റകുറ്റപ്പണികളും നടത്തിപ്പും ചുമതലയും ഇവര്‍ക്കാണെങ്കിലും കാര്യക്ഷമമല്ല. ഇത്രയേറെ പണം ചെലവഴിച്ചിട്ടും നാട്ടുകാര്‍ യാതൊരു പ്രയോജനവും ചെയ്യാതെ കിടക്കുന്ന ഇവ സാമൂഹ്യവിരുദ്ധരുടെ താവളവുമാകുന്നു. നഗരസഭയ്ക്ക് വരുമാനത്തിനൊപ്പം നാറുന്ന മൂത്രപ്പുരകള്‍ക്ക് പരിഹാരമായാണ് ഇവ സ്ഥാപിച്ചത്. ഇപ്പോഴത്തെ അവസ്ഥ കഷ്ടമാണ്. ചേര്‍ത്തല പാരഡൈസ് തീയേറ്ററിന് സമീപത്തെ ഇ- ടൊയ്‌ലറ്റ് പ്രദേശം കാടുപിടിച്ചു കിടക്കുന്നു. നാടോടികളാണ് ഇപ്പോള്‍ ഇത് ഉപയോഗിക്കുന്നത്. ഇവിടെ വാതില്‍ പൊളിഞ്ഞുകിടക്കുന്നു. പണം നിക്ഷേപിക്കാതെ അകത്ത് പ്രവേശിക്കുവാനും കഴിയും. ചേര്‍ത്തല കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം വ്യാപാര സമുച്ചയത്തിനടുത്തുള്ള ഇ-ടൊയ്‌ലറ്റും പ്രവര്‍ത്തനരഹിതമാണ്. ഇവ സ്ഥാപിച്ച ഇനത്തിലുണ്ടായ നഷ്ടത്തിന് പുറമേ വൈദ്യുതി ചാര്‍ജ്ജും മറ്റുമായി പ്രതിമാസം പിന്നെയും നഷ്ടം ഏറുകയാണ്. അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അവശ്യം ഉയരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.