ക്വട്ടേഷന്‍ കുടിപ്പക: ഡിവൈഎഫ്‌ഐക്കാരനെ വെട്ടിക്കൊന്നു

Monday 19 June 2017 5:20 am IST

ഹരിപ്പാട്: ക്വട്ടേഷന്‍ സംഘത്തിലുള്‍പ്പെട്ട ഡിവൈഎഫ്‌ഐ നേതാവിനെ എതിര്‍വിഭാഗം പട്ടാപ്പകല്‍ വെട്ടിക്കൊന്നു. കരുവാറ്റ ഊട്ടുപറമ്പിലായിരുന്നു സംഭവം. കരുവാറ്റ വടക്ക് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് കിഴക്ക്‌വശം ജിഷ്ണു ഭവനത്തില്‍ പരേതനായ ഗോപാലകൃഷ്ണന്റെ മകന്‍ ജിഷ്ണു (പപ്പായി - 24) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 12നായിരുന്നു സംഭവം. ഇയാളുടെ കൂടെയുണ്ടായിരുന്ന അയല്‍വാസി കരിത്രയില്‍ സൂരജ് (19) കൈയ്ക്ക് വെട്ടേറ്റ് വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ജിഷ്ണുവിന്റെ സഹോദരന്‍ വിഷ്ണു സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. കാവടിനേര്‍ച്ച എടുത്തശേഷം ജിഷ്ണുവും സൂരജും ബൈക്കില്‍ വീട്ടിലേക്ക് വരികയായിരുന്നു. ഊട്ടുപറമ്പ് റെയില്‍വേ ക്രോസിന് സമീപം എത്തിയപ്പോള്‍ ബൈക്കില്‍ കാത്തുനിന്ന ഒന്‍പതംഗ സംഘം ജിഷ്ണുവിനെ വെട്ടാന്‍ ശ്രമിച്ചു. ഇവിടെ റെയില്‍വേ ക്രോസ് അടച്ചിട്ടിരുന്നതുകാരണം പാളത്തില്‍കൂടി ഓടി സമീപത്തെ അനൂപ് നിവാസില്‍ അനൂപിന്റെ വീടില്‍ കയറി. ആയുധങ്ങളുമായി പിന്നാലെ പോയ സംഘം വീടിനുള്ളില്‍ കയറി തെരഞ്ഞശേഷം മുകളിലത്തെ മുറിയിലേക്ക് കയറി. കതക് പൂട്ടിയിരുന്നതുകാരണം സംശയം തോന്നിയ സംഘം വേലിക്കല്ല് ഉപയോഗിച്ച് കതക് തകര്‍ത്ത് ജിഷ്ണുവിനെ വെട്ടുകയായിരുന്നു. ഇവിടെ നിന്നും താഴേക്ക് ഓടിയിറങ്ങിയ ജിഷ്ണു വീടിന്റെ അടുക്കളയിലേക്ക് ഓടിക്കയറി. അവിടെയിട്ടും ക്രൂരമായി വെട്ടുകയും മരിച്ചെന്ന് ഉറപ്പാക്കിയശേഷമാണ് സംഘം പിന്‍തിരിഞ്ഞ് ഓടി റെയില്‍വേ ക്രോസിലെത്തി ബൈക്ക്മായി കാത്തുനിന്നവരുടെ പിന്നില്‍ കയറി സ്ഥലം വിട്ടത്. ജിഷ്ണു ഡിവൈഎഫ്‌ഐ കരുവാറ്റ വടക്ക് മേഖലാ കമ്മറ്റി ജോയിന്റ് സെക്രട്ടറിയാണ്. ഹരിപ്പാട് പോലീസ് സ്റ്റേഷനില്‍ നാല് ക്രിമിനല്‍ കേസ്സുകളും തൃക്കുന്നപ്പുഴ കരീലക്കുളങ്ങര സ്റ്റേഷനുകളില്‍ ആംസ് ആക്ട് പ്രകാരം രണ്ട് കേസ്സും ഇയാള്‍ക്കെതിരെയുണ്ട്. സംഘം മുഖംമൂടി ധരിച്ചിരുന്നതിനാല്‍ വ്യക്തമായി തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും പ്രതികളെപ്പറ്റി സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു. രണ്ടാഴ്ചയ്ക്ക് മുമ്പ് കന്നുകാലിപ്പാലത്തിന് സമീപം കൊല്ലപ്പെട്ട ക്വട്ടേഷന്‍ നേതാവ് ഉല്ലാസിന്റെ കൊലപാതകവുമായി ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരുന്നു. മദ്ധ്യമേഖല ഐജി പി. വിജയന്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. ജിഷ്ണുവിന്റെ മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ഇന്ന് സംസ്‌ക്കരിക്കും. ഗീതയാണ് മാതാവ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.