ഏനാത്ത് ബെയ്‌ലി പാലം നിര്‍മിക്കാന്‍ കരസേനയെത്തി

Monday 19 June 2017 7:04 am IST

കൊട്ടാരക്കര: എംസി റോഡിലെ യാത്രാക്ലേശം പരിഹരിക്കാന്‍ ഏനാത്ത് ബെയ്‌ലി പാലം നിര്‍മ്മിക്കാന്‍ സൈന്യം അന്തിമരൂപം നല്‍കി. മിനിലോറികള്‍, ആംബുലന്‍സ് എന്നിവ വരെ കടന്നുപോകാന്‍ ശേഷിയുള്ള പാലത്തിന്റെ രൂപരേഖയാണ് തയ്യാറാക്കിയിരിക്കുന്നത്. വണ്‍വേയായിട്ടാകും വാഹനങ്ങള്‍ കടത്തിവിടുക. പഴയപാലത്തിന് സമീപമുള്ള കടവിലാണ് പാലം താല്‍ക്കാലികമായി നിര്‍മ്മിക്കുന്നതെന്ന് സ്ഥലം സന്ദര്‍ശിച്ച ബ്രിഡ്ജ്‌സ് ചീഫ് ഇന്‍സ്ട്രക്ടര്‍ ലഫ്റ്റനന്റ്‌കേണല്‍ രവിരാജേന്ദ്രന്‍ പറഞ്ഞു. മിലിട്ടറിയുടെ എഞ്ചിനീയറിംഗ് വിഭാഗമായ മദ്രാസ് എഞ്ചിനീയര്‍ഗ്രൂപ്പിന്റെ ആസ്ഥാനമായ ബാംഗ്ലൂരില്‍ നിന്ന് ഇന്നലെ രാവിലെ 8.30നാണ് സംഘം പാലം സന്ദര്‍ശിച്ചത്. കെഎസ്ടിപി പൊതുമരാത്ത് വിഭാഗം എഞ്ചീനീയര്‍മാരും ഒപ്പമുണ്ടായിരുന്നു. പഴയ പാലം നിന്ന സ്ഥലത്ത് ബെയ്‌ലി പാലം നിര്‍മ്മിക്കണമെന്ന കെഎസ്ടിപിയുടെ അഭിപ്രായം പരിഗണിച്ച് ഇവിടെ പരിശോധന നടത്തിയെങ്കിലും അനുയോജ്യമല്ലാത്തതിനാല്‍ സമീപത്തുള്ള കടവില്‍ പണിയാന്‍ തീരുമാനിക്കുകയായിരുന്നു. അത്യന്താധുനിക സംവിധാനങ്ങളുപയോഗിച്ചായിരുന്നു പരിശോധന. പുതിയ പാലത്തില്‍ നിന്ന് 50 മീറ്റര്‍ മാറി പഴയ ഏനാത്ത് ജംഗ്ഷന്‍ റോഡില്‍ എത്തുംവിധമാണ് നിര്‍മ്മാണം. പഴയ പാലത്തിന്റെ കോണ്‍ക്രീറ്റിലെ ബലക്ഷയവും ഉയരകൂടുതലും സംബന്ധിച്ച പ്രശ്‌നങ്ങളുമാണ് പുതിയ സ്ഥലം കണ്ടെത്താന്‍ സൈന്യത്തെ പ്രേരിപ്പിച്ചത്. മറ്റ് സ്ഥലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഉയരക്കൂടുതലാണ് ഇവിടുത്തെ പ്രധാന പ്രശ്‌നം. കൊട്ടാരക്കരയില്‍ ക്യാമ്പ് ഓഫീസ് തുറന്ന് പ്രവര്‍ത്തനം ഏകോപ്പിക്കാനാണ് സൈന്യം പദ്ധതിയിടുന്നത്. സംഘം തയ്യാറാക്കിയ വിദ്ഗ്ദറിപ്പോര്‍ട്ട് സൈനിക ആസ്ഥാനത്തിനും ഉടന്‍ തന്നെ കൈമാറും. റിപ്പോര്‍ട്ട് പ്രതിരോധമന്ത്രിക്ക് കൈമാറി അംഗീകാരം നല്‍കുന്നതോടെ നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയുമെന്ന് സംഘം പറഞ്ഞു. അനുമതി ലഭിച്ചാല്‍ ഉടന്‍തന്നെ ബാംഗ്ലൂരില്‍ നിന്ന് പാലം നിര്‍മ്മാണത്തിനാവശ്യമായ സാധനങ്ങള്‍ എത്തിക്കും. സംസ്ഥാനസര്‍ക്കാരിന് വലിയ മുതല്‍മുടക്കില്ലന്നാണ് ശ്രദ്ധേയം. ബാംഗ്ലൂരില്‍ നിന്ന് സാധനം എത്തിക്കുന്നതിനുള്ള സിവില്‍ ട്രക്കിന്റെ വാടകയും നിര്‍മ്മാണത്തിന് എത്തുന്ന സൈനികര്‍ക്ക് താമസിക്കാനും ഭക്ഷണത്തിനുമുള്ള സൗകര്യവും ഒരുക്കണം. രണ്ടാഴ്ചക്കുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയും. സാധാരണ ബെയ്‌ലി പാലം നിര്‍മ്മിച്ചാല്‍ കാല്‍നട മാത്രമെ സാധ്യമാകൂ എന്നുള്ളതുകൊണ്ട് ക്ലാസ് 40 ടണ്‍ വിഭാഗത്തിലുള്ള പാലമാണ് വേണ്ടതെന്ന് കാട്ടി പൂര്‍വ്വസൈനിക് സേവാപരിഷത്ത് സംസ്ഥാന ജനറല്‍സെക്രട്ടറി മധു വട്ടവിള കേന്ദ്രപ്രതിരോധമന്ത്രിക്കും, സൈന്യത്തിനും നിവേദനം നല്‍കിയിരുന്നു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.