മദ്യവില്‍പനശാലയ്‌ക്കെതിരെ ജനരോഷം ശക്തമാകുന്നു

Friday 10 February 2017 11:04 pm IST

  കഴക്കൂട്ടം: ജനവാസമേഖലയില്‍ പ്രവര്‍ത്തനം ആരംഭിച്ച മദ്യവില്‍പനശാലയ്‌ക്കെതിരെ ജനരോഷം ശക്തമാകുന്നു. ജനഹിതം മാനിക്കാതെ എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി രഹസ്യമായി ആരംഭിച്ച മദ്യവില്‍പനശാലയ്‌ക്കെതിരെയാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും എന്‍എസ്എസ് - എസ്എന്‍ഡിപി ശാഖകളുടെയും റസിഡന്റ്‌സ് അസോസിയേഷനുകളുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ ജനകീയ സമരസമിതി രൂപീകരിച്ച് അനിശ്ചിതകാല സമരം ആരംഭിച്ചത്. ദേശിയ പാതയില്‍ കഴക്കൂട്ടം പോലീസ് സ്‌റ്റേഷന് സമീപത്ത് പ്രവര്‍ത്തിച്ചിരുന്ന ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പന ശാലയാണ് ടെക്‌നോപാര്‍ക്ക് മൂന്നാം ഘട്ടത്തിന് സമീപത്തെ കല്ലിംഗലില്‍ ഒരാഴ്ച മുന്‍പ് പ്രവര്‍ത്തനം ആരംഭിച്ചത്. ടെക്‌നോപാര്‍ക്ക് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രതിഷേധം വകവെയ്ക്കാതെ അധികൃതര്‍ മദ്യവില്‍പനയുമായി മുന്നോട്ടുപോവുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ജനകീയ പ്രതിഷേധം ശക്തമായത്. നഗരസഭയുടെ കെട്ടിട നമ്പര്‍ പോലും അനുവദിക്കാത്ത, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാത്ത സ്ഥലത്താണ് മദ്യവില്‍പനശാല തുടങ്ങിയത്. ഇതേ തുടര്‍ന്ന് അനധികൃതമെന്ന് ചൂണ്ടിക്കാട്ടി നഗരസഭ ആറ്റിപ്ര സോണല്‍ ഓഫീസിലെ ജീവനക്കാര്‍ കെട്ടിട ഉടമയ്‌ക്കെതിരെ നോട്ടീസ് പതിച്ചിരുന്നു. നഗരസഭയുടെ ആറ്റിപ്ര വാര്‍ഡില്‍ തുറന്ന അനധികൃത മദ്യവില്‍പനശാല അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ ഏഴുദിവസമായി കലിംഗല്‍, തൃപ്പാദപുരം റസിഡന്റ്‌സ് അസോസിയേഷനുകളുടെ നേതൃത്വത്തില്‍ മദ്യശാലയ്ക്ക് മുന്നില്‍ ഉപവാസസമരം നടത്തിവരുകയാണ്. ടെക്‌നോപാര്‍ക്ക് ഫെയിസ് ത്രീയില്‍ പ്രവര്‍ത്തിക്കുന്ന ടിസിഎസ് കമ്പനിയുടെ ട്രെയിനിംഗ് സെന്ററിനും നൂറുകണക്കിന് വനിതാ ടെക്കികള്‍ താമസിക്കുന്ന ലേഡീസ് ഹോസ്റ്റലിനും സമീപത്താണ് മദ്യവില്‍പനശാല തുറന്നത്. കൂടാതെ ഈ പ്രദേശത്ത് മുപ്പതിലധികം വനിതാ ഹോം സ്‌റ്റേകളും പ്രവര്‍ത്തിക്കുന്നുണ്ട്. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെയും വിവിധ പൊതുമേഖലാ ബാങ്കുകളുടെയും ഉദ്യോഗ സംബന്ധമായ ഓണ്‍ലൈന്‍ പരീക്ഷകളുടെ ദക്ഷിണ മേഖലാ പരീക്ഷാകേന്ദ്രം പ്രവര്‍ത്തിക്കുന്നതും ഈ ഭാഗത്താണ്. ചരിത്രപ്രാധാന്യമുള്ള തൃപ്പാദപുരം ക്ഷേത്രവും കുശമുട്ടം ഭഗവതിക്ഷേത്രവും പുതിയ ഔട്ട്‌ലെറ്റിന് തൊട്ടടുത്തായാണ് സ്ഥിതിചെയ്യുന്നത്. ഒരാഴ്ച മദ്യശാല പ്രവര്‍ത്തിച്ചപ്പോള്‍ തന്നെ സ്ഥലവാസികള്‍ പൊറുതിമുട്ടിയിരുന്നു. ഇതേതുടര്‍ന്ന് സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി കടകംപള്ളി സുരേന്ദ്രനും മേയര്‍ വി.കെ.പ്രശാന്തിനും നാട്ടുകാര്‍ പരാതിനല്‍കിയിട്ടും യാതൊരു പരിഹാരവും ഉണ്ടാകാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഒന്നടങ്കം സംയുകത സമരസമിതിയുടെ നേതൃത്വത്തില്‍ ആറ്റിപ്ര സോണല്‍ ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ച് കെപിസിസി ജനറല്‍ സെക്രട്ടറി മണ്‍വിള രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ആറ്റിപ്ര വാര്‍ഡ് കൗണ്‍സിലര്‍ സുനി ചന്ദ്രന്‍ അദ്ധ്യക്ഷനായിരുന്നു. പത്രാധിപര്‍ കെ.സുകുമാരന്‍ സ്മാരക എസ്എന്‍ഡിപി യോഗം തിരുവനന്തപുരം യൂണിയന്‍ ചെയര്‍മാന്‍ ഡി. പ്രേംരാജ് മാര്‍ച്ചിനെ അഭിസംബോധന ചെയ്തു. പള്ളിത്തുറ വാര്‍ഡ് കൗണ്‍സിലര്‍ പ്രതിഭ ജയകുമാര്‍, ബിജെപി മണ്ഡലം പ്രസിഡന്റ് ബിജു നങ്ങാണി, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ഫാദര്‍ ബേബി എബ്രഹാം, ആറ്റിപ്ര അനില്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കുളത്തൂര്‍ അജയന്‍, എം.വേണുഗോപാല്‍, എസ്എന്‍ഡിപി യോഗം കലിംഗല്‍ ശാഖാ പ്രസിഡന്റ് എം.അരവിന്ദാക്ഷന്‍, സെക്രട്ടറി ഉദയകുമാര്‍, തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.