മെഡിക്കല്‍ കോളേജില്‍ ആര്‍എംഒ ഭരണം

Saturday 11 February 2017 11:25 am IST

കളമശേരി: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ബിഎംഎസില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്കെതിരെ സിപിഎം അനുഭാവിയായ ആര്‍എംഒയുടെ പ്രതികാര നടപടികള്‍. ആശുപത്രി വളപ്പില്‍ സമരം നടത്തിയെന്ന പേരിലാണ് കഴിഞ്ഞ ദിവസം ബിഎംഎസ് പ്രവര്‍ത്തകര്‍ക്കെതിരെ മെമ്മോ നല്‍കിയത്. അച്ചടക്ക നടപടികള്‍ എടുക്കാനുള്ള അധികാരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന് ആണെന്നിരിക്കെയാണ് ആര്‍എഒ ഓവര്‍ സ്മാര്‍ട്ട് ആകുന്നതെന്നാണ് ജീവനക്കാരുടെ പരാതി. പ്രതിഷേധ സമരത്തിന്റെ ഭാഗമായി പൊങ്കാല ഇട്ടത് ശരിയായില്ലെന്നാണ് ആര്‍ എംഒയുടെ കണ്ടെത്തല്‍. എന്നാല്‍ ഫിഡല്‍ കാസ്‌ട്രോ അനുസ്മരണം അടക്കം സിപിഎം പരിപാടികള്‍ക്ക് മെഡിക്കല്‍ കോളേജിന്റെ എസി ഹാള്‍ വിട്ടുകൊടുക്കുക മാത്രമല്ല അതില്‍ സ്വാഗതം പറയുന്ന പരിപാടിയും കൂടി ചെയ്ത ശേഷമാണ് ആര്‍എംഒ അച്ചടക്ക ഭീഷണിയുമായി വന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം യുഡിഎഫ് പരിപാടികളുടെ നടത്തിപ്പുകാരനായ ആര്‍എംഒ ഭരണം മാറിയതോടെയാണ് മറുകണ്ടം ചാടിയത്. ബിഎംഎസ് സമരം നടന്ന അതേ ദിവസം സിഐടിയുക്കാരും പ്രകടനം നടത്തിയിരുന്നു. എന്നാല്‍ സിഐടിയുവിന് നോട്ടീസ് കൊടുക്കാന്‍ ആര്‍എംഓയോ പ്രിന്‍സിപ്പലോ തയ്യാറായിട്ടില്ല. മെഡിക്കല്‍ കോളേജിലെ മരണമടഞ്ഞ ജീവനക്കാരന്റെ അനുസ്മരണം നടത്തിയത് ആഡിറ്റോറിയത്തില്‍ ഡ്യൂട്ടി സമയത്തായിരുന്നെന്നും ജീവനക്കാര്‍ പറയുന്നു. അന്നൊന്നുമില്ലാത്ത മെമ്മോ ബിഎംഎസിന് മാത്രമെന്തിനെന്നാണ് ജീവനക്കാര്‍ ചോദിക്കുന്നത്. ഈ ഡോക്ടറുടെ ഇഷ്ടക്കാര്‍ക്ക് മാത്രമേ സമാധാനമായി ജോലി ചെയ്യാനാകുകയുള്ളൂ. കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ സിഐടിയുവിലും എസ്ടിയുവിലും ഐഎന്‍ടിയുസിയിലും പെട്ട ജീവനക്കാരുടെ സംഘവുമുണ്ട്. ഇവരുടെ അംഗീകാരമില്ലാതെ പ്രിന്‍സിപ്പലിനോ മെഡിക്കല്‍ സൂപ്രണ്ടിനോ ഒന്നും തീരുമാനിക്കാനും സാധ്യമല്ല. നഴ്‌സിംഗ് സൂപ്രണ്ടിന്റെ മുറിയില്‍ കയറി ഫര്‍ണീച്ചറുകള്‍ തല്ലിത്തകര്‍ത്ത സംഭവം വനിതാ കമ്മീഷനില്‍ വരെ എത്തിയിട്ടും ഈ സംഘത്തിന് കുലുക്കമില്ല. നഴ്‌സുമാര്‍ക്ക് നൈറ്റ് ഡ്യൂട്ടി ഒഴിവാക്കിക്കൊടുക്കലാണ് ഇവരുടെ പ്രധാന മേഖല. കഴിഞ്ഞ ഒന്നര വര്‍ഷമായി മറ്റ് നഴ്‌സുമാരുടെ ശക്തമായ സമരപരിപാടികള്‍ കാരണം അനധികൃതമായി ജീവനക്കാര്‍ക്ക് നല്‍കിയിരുന്ന ഇളവുകള്‍ പലതും പിന്‍വലിക്കാനായി. ആരോഗ്യ മന്ത്രി, ആരോഗ്യ സെക്രട്ടറി മുതല്‍ കോടതിയെ വരെ സമീപിച്ചാണ് നഴ്‌സുമാര്‍ നേടിയെടുത്തത്. എന്നാല്‍ രണ്ട് നഴ്‌സുമാരെ ഇപ്പോഴും ആര്‍എംഒ സംരക്ഷിക്കുകയാണെന്ന് പരാതിയുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിരവധി പരാതികള്‍ വന്നതിന്റെ അടിസ്ഥാനത്തില്‍ ഇതേ ആര്‍എംഒയെ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. നിയമസഭാ തെരെഞ്ഞെടുപ്പ് സമയമായിരുന്നിട്ടും ഗുണ്ടാ നേതാവെന്നറിയപ്പെടുന്ന സക്കീര്‍ ഹുസൈന്‍ അടിയന്തിരമായി പത്രസമ്മേളനം വിളിച്ച് പ്രതിഷേധം അറിയിച്ചതും വിവാദമായിരുന്നു. യുഡിഎഫിലേയും എല്‍ഡിഎഫിലേയും അധോലോക ബന്ധമുള്ള നേതാക്കന്‍മാരുമായാണ് ഈ ഡോക്ടര്‍ക്ക് ബന്ധമെന്നതും നാട്ടില്‍ പാട്ടാണ്. ഒരു ഡോക്ടര്‍ക്ക് വേണ്ടി അന്ന് ഏരിയ സെക്രട്ടറി ആയിരുന്ന സക്കീര്‍ ഹുസൈന്‍ രംഗത്ത് വന്നിരുന്നു. അഭിപ്രായങ്ങള്‍ പറയുന്ന ജീവനക്കാരെ ജില്ലാ സെക്രട്ടറിയുടെ ആളാണെന്ന് പറഞ്ഞാണ് ആര്‍എംഒ ഭീഷണിപ്പെടുത്തുന്നത്. അതിനാല്‍ പ്രിന്‍സിപ്പലും നിശബ്ദയാണ്. മാത്രമല്ല അത്യാസന്ന വിഭാഗത്തിന്റെ മുന്നില്‍ മാത്രമേ ആര്‍എംഒ കാറ് പാര്‍ക്ക് ചെയ്യുകയുമുള്ളൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.