പാനൂര്‍: റവന്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവായിരുന്ന ടി.പി.ചന്ദ്രശേഖരനെ വധത്തില്‍ പാനൂര്‍ ഏരിയാ കമ്മറ്റിയുടെ പങ്ക് കൂടുതല്‍ വ്യക്തമാകുന്നു. ഏരിയാ കമ്മറ്റിയംഗം പി.കെ.കുഞ്ഞനന്തന്റെ വീട്ടില്‍ ഇന്നലെ പോലീസ് റെയ്ഡ് നടത്തിയതോടെയാണ് ഏരിയാ കമ്മറ്റിക്ക് സംഭവത്തില്‍ പങ്കുള്ളതായി സൂചന പുറത്തു വന്നിരിക്കുന്നത്. ഇന്നലെ പുലര്‍ച്ചെയും വൈകുന്നേരവുമായി നടന്ന റെയ്ഡില്‍ പ്രതിയെ പിടികൂടായില്ല. ഇയാള്‍ ഒളിവില്‍ പോയതായാണ് സംശയിക്കുന്നത്. കുന്നോത്ത് പറമ്പ് ലോക്കല്‍ കമ്മറ്റിയംഗം ജ്യോതിബാബുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. വീടും പരിസരവും പൂര്‍ണ്ണമായും പോലീസ് പരിശോധിച്ചു. പ്രദേശത്തു തന്നെ ഇയാള്‍ ഉണ്ടെന്ന നിഗമനത്തിലാണ് പോലീസ്. നിരവധി അക്രമ സംഭവങ്ങളില്‍ ആരോപണ വിധേയനായ ആളാണ് കുഞ്ഞനന്തന്. പാറാട് നടന്ന സുബൈര്‍ വധം, കുന്നോത്ത് പറമ്പിലെ ബിജെപി പ്രവര്‍ത്തകനായ രാജേഷ് വധം എന്നീ കേസുകളില്‍ ഗൂഢാലോചനയില്‍ പങ്കാളിയാണെന്ന് ഇയാള്‍ക്കെതിരെ ആരോപണമുയര്‍ന്നിരുന്നു. എരിയാ കമ്മറ്റികള്‍ക്ക് ടി.പി.ചന്ദ്രശേഖരന് വധത്തില്‍ പങ്കുണ്ടെന്ന അന്വേഷണ റിപ്പോര്‍ട്ട് ശരി വെക്കുന്ന തരത്തിലാണ് പോലീസ് നടപടി. പാനൂര്‍ സി.ഐ ജയന് ഡൊമനിക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് റെയ്ഡ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: