മെഡെക്‌സിലൂടെ മെഡിക്കല്‍ കോളേജിന് അരക്കോടിയുടെ നേട്ടം

Friday 10 February 2017 11:10 pm IST

തിരുവനന്തപുരം: വന്‍ ജനപങ്കാളിത്തം നേടി മെഡെക്‌സ് സമാപിക്കുമ്പോള്‍ അരക്കോടിയോളം രൂപയുടെ നേട്ടം തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജിനും ആശുപത്രിക്കുമായി ലഭിക്കും. പത്ത്‌ലക്ഷം രൂപയോളം മുടക്കിയ പത്തോളജി സ്ഥിരം മ്യൂസിയവും വിദ്യാര്‍ഥികള്‍ക്ക് ക്ലാസിലിരുന്നുതന്നെ ലൈവായി ശസ്ത്രക്രിയ കണ്ടുപഠിക്കാനുള്ള സൗകര്യവുമാണ് ഇവയില്‍ ഏറ്റവും പ്രധാനം. അതോടൊപ്പം ഇരുപതോളം പ്രൊജക്ടറുകളും സിസിടിവി ക്യാമറകളും കോളജിനും ആശുപത്രിക്കുമായി ലഭിക്കും. മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ഓപ്പറേഷന്‍ തിയേറ്ററുകളില്‍ കൂട്ടത്തോടെ നേരിട്ടെത്തിയാണ് വിദ്യാര്‍ഥികള്‍ ഇപ്പോള്‍ പഠനം നടത്തുന്നത്. ഇത് പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ക്കും കാരണമാകുന്നുണ്ടെങ്കിലും കോളജ് അധികൃതരുടെ മുന്നില്‍ വേറെ മാര്‍ഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ മെഡെക്‌സില്‍ തല്‍സമയ ശസ്ത്രക്രിയാ പ്രദര്‍ശനത്തിനായി വാങ്ങിസ്ഥാപിച്ച ക്യാമറകളും ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകളും ഉപയോഗിച്ച് കോളജിലെ ക്ലാസ് മുറികളില്‍ ശസ്ത്രക്രിയകള്‍ തല്‍സമയം പ്രദര്‍ശിപ്പിച്ച് വിദ്യാര്‍ഥികളെ പഠിപ്പിക്കാനാകുമെന്ന് മെഡെക്‌സ് ഓര്‍ഗനൈസിംഗ് സെക്രട്ടറിയും മെഡിക്കല്‍ കോളജിലെ സര്‍ജറി വിഭാഗം ഡെപ്യൂട്ടി സൂപ്രണ്ടുമായ ഡോ. ജോബി ജോണ്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന് ഏറെ ഉപകരിക്കുന്ന പത്തോളജി മ്യൂസിയമാണ് മറ്റൊന്ന്. പ്രത്യേകം രൂപകല്‍പനചെയ്‌തെടുത്ത കണ്ണാടിക്കൂടുകളില്‍ സുരക്ഷിതമാക്കി ആയിരത്തിലേറെ എല്‍ഇഡി ലൈറ്റുകള്‍ ഉപയോഗിച്ച് വെളിച്ചം ക്രമീകരിച്ചാണ് മ്യൂസിയത്തില്‍ സ്‌പെസിമനുകള്‍ സജ്ജീകരിച്ചത്. പത്തു ലക്ഷം രൂപയോളം പത്തോളജി മ്യൂസിയത്തിന്റെ നവീകരണത്തിനുമാത്രം ചെലവായിട്ടുണ്ട്. മെഡെക്‌സില്‍ മറ്റുവിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തിയ പല സ്‌പെസിമനുകളും പ്രദര്‍ശനത്തിനു തൊട്ടുമുന്‍പ് ആശുപത്രികളില്‍ നിന്നും വിവിധ വകുപ്പുകളില്‍ നിന്നും ശേഖരിച്ചവയാണ്. അവയെല്ലാം ഇനി പഠനാവശ്യത്തിനായി വിവിധ ഡിപ്പാര്‍ട്‌മെന്റുകള്‍ക്ക് കൈമാറും. പ്രദര്‍ശനത്തിനു ചെലവായ ഒന്നരക്കോടിയോളം രൂപയില്‍ മൂന്നിലൊന്നും കോളജിനും ആശുപത്രിക്കും ഗുണകരമാക്കി മാറ്റാനാകുന്നതിന്റെ സന്തോഷത്തിലാണ് സംഘാടകര്‍.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.